Friday 25 May 2012

മനസാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ പ്രതികരിക്കുക.





ഹര്‍ത്താലും ബന്ദും കേരളത്തിന്റെ ദേശിയ ഉത്സവം ആണ്... ഓണവും ക്രിസ്മസും ബക്രീദും  വിഷുവും ഒക്കെ കേരളത്തില്‍ വ്യാപകമായി ആഘോഷിക്കപ്പെടുന്നു എങ്കില്‍ കൂടി, അതൊക്കെ ഏതെന്കിലും മത വിഭാഗത്തിന്‍റെ വിശേഷങ്ങളും ആയി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാല്‍ കേരളത്തിന്‍റെ ദേശിയ ഉത്സവം ആയി മാറിയിരിക്കയാണ്  ഹര്‍ത്താലുകള്‍. ബന്ദു എന്ന ഓമനപ്പേരില്‍ കേരളത്തില്‍ ഈ ആഘോഷം നടത്തുവാന്‍ ഹൈക്കോടതി ( കോടതികള്‍ അല്ലെങ്കിലും ബൂര്‍ഷ്വാ ആണല്ലോ) അനുവാദം ഇല്ലാത്തതിനാല്‍ ആണല്ലോ നമ്മള്‍ ബന്ദിന്റെ പേര് മാറ്റി ഹര്‍ത്താല്‍ എന്ന  പേരില്‍ ഈ ഉത്സവം ആഘോഷിക്കുന്നത്..

ഓണവും ക്രിസ്മസും വിഷുവും ബക്രീദും ഒക്കെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ആഘോഷിക്കുവാന്‍ അനുവാദം, അല്ലെങ്കില്‍ അവസരം ഉള്ളൂ... മാത്രമല്ല, അതൊക്കെ ഏതെന്കിലും ഇതിഹാസവും വിശ്വാസവും ആയി ബന്ധപ്പെട്ടു കിടക്കുന്നതും ആണ്.  കൊലപാതകത്തിനെതിരെ, സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ, ഗുണ്ടകളെയും കൊള്ളക്കാരെയും പോലീസ്‌ അറസ്റ്റ് ചെയുന്നതിനു എതിരെ , ക്രമസമാധനത്തിനെതിരെ, ക്രമസമാധാന പാലനത്തിനെതിരെ, ലോകത്തിന്‍റെ മുക്കിലും മൂലയിലും നടക്കുന്ന എല്ലാ അനീതിക്കും എതിരെ പ്രതികരിച്ചു, അതില്‍ ആനന്ദവും  സായൂജ്യവും കണ്ടെത്തുവാനും  ആണ് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്..  എന്തിനേറെ, ബോംബു ഉണ്ടാക്കുന്നതിനു വേണ്ടി വെടി മരുന്നും മറ്റു സാമഗ്രഹികളും ആയി പിടി കൂടിയ സി പി എം നേതാവിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ചു ഇന്ന് കണ്ണൂര്‍ ജില്ലയിലെ തൂണേരി പഞ്ചായത്തില്‍ സി പി എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നു. ആനന്ദ ലബ്ധിക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം.

മലയാളികള്‍ വിനോദ പ്രിയരാണ്. അവര്‍ക്ക്  ജീവിതം ആഘോഷം ആണ്. അവരുടെ സ്വത്വം പോലും മറന്നു ആഘോഷങ്ങളില്‍ പങ്കെടുക്കുക എന്നതാണ് മലയാളിയുടെ ഒരു രീതി. ജീവിതത്തിന്‍റെ ഓരോ കൊച്ചു കൊച്ചു നിമിഷങ്ങള്‍ പോലും ഇത്ര മാത്രം ആനന്ദ പ്രദമാക്കുന്ന മറ്റൊരു സമൂഹം ലോകത്തില്‍ ഇല്ല  എന്ന് തന്നെ പറയാം. എന്തിനും ഏതിനും നടത്താവുന്ന ആഘോഷം ആണ് ഹര്‍ത്താല്‍. അതിനു പ്രത്യേക കാരണങ്ങള്‍ ഒന്നും  വേണ്ട എന്നതാണ് ഏറ്റവും വലിയ സവിശേക്ഷത. മലയാളി ഹര്‍ത്താലില്‍ നിന്നാണ് ഓര്‍ഗാസം നേടുന്നത്. ഹര്‍ത്താലില്ലാത്ത  ഒരു ജീവിതം അവനു സ്വപ്നം കാണുവാന്‍ പോലും കഴിയില്ല.

കണ്ണൂരുകാരനായ എന്റെ ഒരു സുഹൃത്ത് വിവാഹം കഴിച്ചിരിക്കുന്നത്  ഗുജറാത്തില്‍ നിന്നാണ്. ഒരിക്കല്‍ അവര്‍ കണ്ണൂരെ ഭര്‍ത്താവിന്റെ വീട്ടില്‍ വന്നപ്പോള്‍, പിറ്റേന്നത്തെ ഹര്‍ത്താലിന് മുന്നോടി ആയുള്ള ഒരുക്കങ്ങള്‍ കണ്ടപ്പോള്‍ ഹര്‍ത്താല്‍ കേരളത്തിലെ ഏതോ വലിയ ഉത്സവം ആയി തെറ്റിദ്ധരിച്ചു പോയ  കാര്യം പങ്കു വയ്ക്കുകയുണ്ടായി. ഹര്‍ത്താലിന് മുന്നോരുക്കങ്ങള്‍  ആവശ്യം ആണ്.  ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍, കേരളീയ ജനത ഉത്രാട ദിനത്തെക്കാള്‍ ആവേശത്തില്‍ ഒരു പാച്ചില്‍ ആണ്. പിറ്റേ ദിവസം ചെയ്തു കൂട്ടെണ്ടാതെല്ലാം ചെയ്തു തീര്‍ക്കണം. അതോടൊപ്പം ബിവറേജസ്‌ കോര്പോരെഷന്റെ മുന്നില്‍ ക്യു നില്‍ക്കണം. കോഴി, ആട്, കാള, പോത്ത് തുടങ്ങിയവ യഥാസമയത്ത് തന്നെ വീട്ടില്‍ എത്തിക്കണം. ഇനി, ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയുടെ കുട്ടി നേതാക്കല്‍ക്ക്  ഹര്‍ത്താല്‍ വിജയത്തിനു  ആവശ്യത്തിന് വേണ്ട ബോംബു,   കുന്തം , വെടി  മരുന്ന്, കുറുവടി , കല്ലുകള്‍ തുടങ്ങിയവ  എല്ലാം കരുതി വെയ്ക്കണം. പെട്രോള്‍ വില വര്‍ദ്ധന പോലുള്ള വിഷയങ്ങള്‍ വരുമ്പോള്‍ മാത്രം ആണ് ജനങ്ങള്‍ ശരിക്കും പെട്ട് പോകുന്നത്... എല്ലാം പെട്ടെന്നായിരിക്കും. പക്ഷെ ഈയിടെ ആയി, ദേശിയ പത്രങ്ങള്‍ പെട്രോള്‍ വില കൂട്ടും എന്ന് കാലാവസ്ഥാ പ്രവചനം പോലെ മുന്നറിയിപ്പ് കൊടുക്കാറുള്ള തിനാല്‍ ഇതൊക്കെ നേരത്തെ കൂട്ടി വാങ്ങി വെയ്ക്കുക ഇപ്പോള്‍ പതിവാണ്. മാത്രമല്ല, എല്ലാ രണ്ടു  മാസത്തിലും പെട്രോള്‍ വില കൂട്ടുക എന്നതും നമ്മുടെ സര്‍ക്കാറിന്റെ കടമ ആണല്ലോ..

ഹര്‍ത്താലുകള്‍ നടത്തി വലിയ  പരിചയം ഇല്ലാത്ത യു ഡി എഫുകാര്‍ ഈയിടെ നമ്മുടെ സഖാക്കള്‍ വെട്ടിക്കൊന്ന അവരുടെ പഴയ സഖാവിന്‍റെ മരണത്തിനു എതിരെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ കേരളത്തിലെ ഹര്‍ത്താല്‍ ആഘോഷിക്കുന്ന ജനത്തെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. എല്ലാ കടകളും അടച്ചു കഴിഞ്ഞു, എല്ലാ വാഹനങ്ങളും ഓട്ടം നിരുത്തിയതിനു  ശേക്ഷം, എല്ലാവരും ഉറങ്ങിയ  നേരത്ത് ആണ് ഹര്‍ത്താല്‍ പ്രഖ്യാപനം നടന്നത്. ഈ ഹര്‍ത്താല്‍ ആയിരുന്നിരിക്കണം മലയാളിയുടെ ആദ്യ വെജിറ്റേറിയന്‍ ഹര്‍ത്താലും. ബിവറേജസ്‌ പൂട്ടി പോയതിനാല്‍ അന്നായിരുന്നിരിക്കണം മലയാളികള്‍ എല്ലാവരും തീര്‍ത്തും പച്ചയായ ദിവസം. ഈ ഹര്‍ത്താല്‍ വല്ലാത്തൊരു ചതി ആയിട്ടാണ്  കേരളീയ ജനതയ്ക്ക് ബോധ്യം ആയത്. അതിന്‍റെ പ്രതിഫലനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജനം പ്രകടിപ്പിക്കും.

കടലാസു സംഘടനകള്‍ പോലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്ന രീതിയില്‍ നിന്നൊക്കെ മാറി ഇപ്പോള്‍ കേരളത്തിലെ ഹര്‍ത്താലുകളില്‍ ഗണ്യമായ കുറവ് വരുന്നത് മലയാളിയെ വേദനാജനകമായ അവസ്ഥയിലേക്ക് തള്ളി വിടുകായ്നു. അതിനാല്‍ ഇപ്പോള്‍ പലരും ഡിപ്രഷനില്‍ ആണ് ഇപ്പോള്‍. അതിരാവിലെ എഴുന്നേറ്റു വരുമ്പോള്‍ കയ്യും കാലും വിറയ്ക്കുന്ന അവസ്ഥ. ഈ വര്ഷം ഇത് വരെ ആകെ 16 ഹര്‍ത്താലുകള്‍ മാത്രം ആണ് കേരളത്തില്‍ നടന്നത്. കേരള ശരാശരിയുടെ നാലിലൊന്ന് ആണിത്.

എങ്കിലും മലയാളിയെ ഏറ്റവും അധികം വേദനിപ്പിച്ചത്  ഈ മാസം 31നു ദേശിയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും ഇടതു പാര്‍ട്ടികളും സംയുക്തമായി നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്ന വാര്‍ത്ത കേട്ടപ്പോള്‍ ആണ്. കേരളീയ മനസാക്ഷിയോടെ ചെയ്യാവുന്ന ഏറ്റവും വലിയ നെറികേടാണിത്. കേരളത്തിന്‍റെ ദേശിയ ഉത്സവം ദേശിയ തലത്തില്‍ കൊണ്ടാടപെടുന്ന ഈ അവസരത്തില്‍ കേരളത്തെ ഇതില്‍ ഇന്ന് ഒഴിവാക്കിയത്  കേരളത്തോട് ചെയ്ത ഏറ്റവും വലിയ അനീതി ആണ്. ഈ വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍, അത് ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമയായി കഴിയുകയാണ് എന്നാണ് കേരളത്തില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. ചില സംഘടനകള്‍ ഒക്കെ ഈ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ, വടകര, കോഴിക്കോട്, ഒഞ്ചിയം, കണ്ണൂര്‍ തുടങ്ങിയ മേഖലകളില്‍ ബോംബുകള്‍ ഉണ്ടാക്കുവാനും  പോലീസ്‌സ്റ്റേഷന്‍ ആക്രമണം നടത്താനും ഒക്കെ അവരുടെ അനുയായികളെ ഇളക്കി വിടുന്നു...

കേരളത്തിന്‍റെ ദേശിയ ഉത്സവം ആയ ഹര്‍ത്താല്‍ കേരളത്തില്‍ നടത്താത്തതില്‍ പ്രതിഷേധിച്ചു കേരളത്തില്‍ മറ്റൊരു ഹര്‍ത്താല്‍ നടത്തുവാന്‍ കേരളീയ ജനത  സടകുടഞ്ഞു എഴുന്നെല്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയില്‍ എന്നല്ല, ലോകത്തില്‍ എവിടെ ഹര്‍ത്താല്‍ നടത്തിയാലും അന്നെ ദിവസം കേരളത്തിലും ആ ആഘോഷം നടത്തുവാന്‍ കേരളത്തിലെ ഹര്‍ത്താല്‍ അനുകൂല സംഘടനകള്‍ തയ്യാറാകണം. ഹര്‍ത്താലിന്‍റെ പേറ്റന്റ് കേരളത്തിനു മാത്രം അവകാശപ്പെട്ടത് ആണ്.
എന്തായാലും 31 നു കേരളം കരിദിനം ആയി ആചരിക്കണം.  മനസാക്ഷി തെല്ലും മരവിച്ചിട്ടില്ലാത്ത മലയാളികള്‍ കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയ ഈ കിരാത നടപടിക്കെതിരെ പ്രതികരിക്കണം.  എല്ലാവര്ക്കും ഹര്‍ത്താല്‍ അഭിവാദ്യങ്ങള്‍. 


Thursday 24 May 2012

അരാഷ്ട്ര വാദവും ഒരു പണിമുടക്കും.


പണിമുടക്കിയാലും വെറുതെ ഇരിക്കാന്‍ പറ്റില്ലല്ലോ... ഇന്ന് ദുബായ് ഷാര്‍ജ വഴിക്കൊക്കെ ഒന്നിറങ്ങി പണിമുടക്ക്‌ ഒക്കെ എങ്ങനെ നടക്കുന്നു എന്നറിയാന്‍ ഒരു മറ്റേതു... എന്ത്? ജിജ്ഞാസ ..


ഗിസയിസില്‍ നിന്ന് എയര്‍ പോര്‍ട്ട് ടണല്‍ റോഡില്‍ കൂടി ഷാര്‍ജ ലിങ്ക റോഡു വഴി ഒരു യാത്ര... ഷാര്‍ജയിലെക്കുള്ള റോഡില്‍ വാഹനങ്ങള്‍ അത്യപൂര്‍വം ആയിരുന്നു, (മറുവശത്തെ റോഡിലേക്ക് ഞാന്‍ നോക്കാറില്ല, വളരെ സൂഷ്മമായി വാഹനം ഓടിക്കുന്ന ആള്‍ ആണ് ഞാന്‍)  ആ കാഴ്ച എന്നെ അഭിമാന  പുളകിതനാക്കി.. ഷാര്‍ജയിലുള്ളവര്‍ എല്ലാവരും പൊതു പണിമുടക്കില്‍ പങ്കേടുക്കുന്നല്ലോ എന്നൊരു ആശ്വാസം. ലിങ്ക റോഡു വഴി അല്‍ നാദ ഭാഗത്ത് എത്തിയപ്പോള്‍ ഷാര്‍ജ ഭാഗത്തെ അപൂര്‍വമായി മാത്രം ചില പ്രൈവറ്റു വാഹനങ്ങള്‍ വളരെ പതുക്കെ മുന്നോട്ടു നീങ്ങുന്നു... വല്ല ആശുപത്രി കേസോ, ക്ഷേത്ര ദര്‍ശനത്തിനു പോകുന്നവരോ ആയിരിക്കും.


പക്ഷെ മലയാള നാട് യു എ ഇ ഹെഡ്‌ ക്വാര്‍ട്ടെര്സിന്റെ അടുത്തു കൂടി ഒക്കെ ഒന്ന് തിരിഞ്ഞപ്പോള്‍ സംഗതി പന്തിയല്ല എന്ന് മനസിലായി... ദുബായ് ഭാഗത്തേക്കുള്ള റോഡു ബ്ലോക്ക്‌ ചെയ്തിരിക്കുന്നത് കാണുവാന്‍ കഴിഞ്ഞു... മുന്‍പില്‍ എവിടെയോ വാഹനങ്ങള്‍ തടഞ്ഞിരിക്കണം...ധീര വീര പണിമുടക്കികളെ  മനസ്സില്‍ നമിച്ചു കൊണ്ടും  നിറയെ അഭിവാദ്യങ്ങള്മായി അവിടെ കുറെ നേരം നിന്നു ..


സേവ, ( ഷാര്‍ജ എലെക്ട്രിസിറ്റി) ആഫീസില്‍ നിന് രണ്ടു പഹയന്മാര്‍ രാവിലെ  7.30 നു ഇന്‍സ്പെക്ഷന് ഷോപ്പില്‍  വരും എന്ന് പറഞ്ഞിരുന്നു.. ആ പഹയന്മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടോ എന്നതും വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു... വല്ല കരിങ്കാലി പണിയും ഇവറ്റകള്‍ ചെയ്തു കൂട്ടിയാലോ... എഴരയായി, എട്ടു മണിയായി, .. അവന്മാരെ കാണുന്നില്ല... ഞാന്‍ പുളകിത ഗാത്രനായി കുറച്ചു നേരം കൂടി അവിടെ നിന്ന്...


 എട്ടരയായി, എന്‍റെ ദേഹത്തെ രോമങ്ങള്‍ പോലും എഴുന്നേറ്റു നിന്ന് പണിമുടക്കിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുവാന്‍ തുടങ്ങിയപ്പോള്‍ , അതാ ഒരു പിക്കപ്പ്  ട്രക്ക്  ഷോപ്പിന്റെ മുന്നില്‍ നിര്‍ത്തുകയും തടിമാടന്മാരായ രണ്ടു പാക്കിസ്ഥാനികള്‍ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി ഷോപ്പിലെ കയറുവാനും നോക്കുന്നു.. ഞാന്‍ പെട്ടെന്ന് കടയുടെ വാതില്‍ ചാരിയിട്ടു പുറത്തിറങ്ങി... കണ്ടിട്ട് ഇവന്മാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ആയിരിക്കും. കട അടപ്പിക്കുവാന്‍ വരുന്നതാവും... അവന്മാര്‍ കയ്യില്‍ ഇരിക്കുന്ന പേപ്പറില്‍ നോക്കി, കടയിലെക്കും എന്‍റെ മുഖത്തേക്കും നോക്കുന്നു... ഒരു നിമിഷം എന്‍റെ മനസ്സില്‍ കൊള്ളിയാന്‍ മിന്നി. വല്ല ക്വോട്ടെഷനും ആകുമോ?


"ആരെങ്കിലും ഒറ്റു കൊടുത്തതാകും." എന്നിലും ആത്മ ഗതം ..


പിന്നീടാണ് അവര്‍ സേവ ആപ്പീസില്‍ നിന്നും വന്നവര്‍ ആണ് എന്ന് മനസിലായത്... വന്ന ഉടനെ അവര്‍ ക്ഷമാപണം നടത്തി... ഇന്ന് അന്തര്‍ ദേശിയ പണിമുടക്ക്‌ ആണ്, അതിനാല്‍ രാവിലെ ഒരു മണിക്കൂര്‍ സമരത്തില്‍ പങ്കെടുത്തിട്ടാണ് വരുന്നത് എന്നും.. പിന്നെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങി നേതാക്കന്മാര്‍ അനുഭവിക്കുന്ന കൊടും ദാരിദ്ര്യത്തെ  ( ആശയ പരം ) കുറിച്ചുമൊക്കെ വിങ്ങി പൊട്ടി ആണവര്‍ തിരികെ പോയത്...


ഒടുവില്‍ തിരികെ ദുബായിലേക്ക് പോകാം എന്ന് കരുതി ദുബായി റോഡില്‍ വരുമ്പോള്‍, ആദ്യം ബ്ലോക്ക്‌ ആയിരുന്ന റോഡില്‍ നിന്ന് വാഹനങ്ങള്‍ ഒക്കെ കുറേശ്ശെ ആയി നീങ്ങുന്നു... വാഹനം തടഞ്ഞവരെ പോലീസ്‌ എത്തി , ലാത്തി വീശിയും കണ്ണീര്‍ വാതകം, ജല പീരങ്കി, ഗ്രനേഡ്‌, വെടിവയ്പ്പ് തുടങ്ങിയ തൊഴിലാളി വിരുദ്ധ മര്‍ദ്ദന പീഡന പരിപാടി ഒക്കെ കഴിഞ്ഞു വാഹനങ്ങള്‍ നീങ്ങുന്നതായിരിക്കും.. വായില്‍ നിന്ന് പോലീസിനെതിരെ അജ്ഞാത ശബ്ദങ്ങള്‍ പുറത്തു വന്നു കൊണ്ടിരുന്നു... ( പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ, എന്ന് തുടങ്ങി പലതും ...)ഇപ്പോഴും പക്ഷെ വാഹനങ്ങള്‍ ഇഴഞ്ഞു ആണ് നീങ്ങുന്നത്... എന്തായാലും ആരോടെങ്കിലും ഒന്ന് തിരക്കാം എന്ന് കരുതി അടുത്തു കണ്ട വാഹന ഉടമയോട് ചോദിച്ചപ്പോള്‍ ആണ്, മനസിലായത്, ഇന്ന് പൊതു പണി മുടക്ക് ആയതിനാല്‍ ഷാര്‍ജയില്‍ ഉള്ള ജനങ്ങള്‍ എല്ലാവരും കൂടി ദുബായില്‍ കോഴി, കുപ്പി എന്നിവ മേടിക്കാനും മറ്റു ഉല്ലാസ പരിപാടികള്‍ക്കുമായി   പോകുന്നത് ആണ് പോലും...


എന്തായാലും ദുബായ് റോഡില്‍ ഞാനും കൂടി...ഗിസയിസ്‌ വെല്‍ കെയര്‍ ക്ലിനിക്‌ ഏതോ മാടമ്പിയുടെതാണ് എന്ന് കേട്ടിട്ടുണ്ട്... അവിടെ സമരം നടക്കുന്നോ എന്നറിയുവാന്‍ ഉള്ള ആകാംഷയില്‍ അവിടെയും ചെന്ന്... ഇന്നലെ തന്നെ അവിടെ വിളിച്ചു ചോദിച്ചത് അനുസരിച്ച് ഇന്ന് രാവിലെ 8.30 നു ചെല്ലുവാന്‍ ആണ് പറഞ്ഞിരുന്നത്...ഇപ്പോള്‍ തന്നെ സമയം ഒന്‍പതര കഴിഞ്ഞിരിക്കുന്നു... ഒരു പക്ഷെ സമരം എല്ലാം കഴിഞ്ഞു , ക്ലിനിക്‌ ഒക്കെ അടച്ചു അവര്‍ പോയി കാണും... എങ്കിലും ചെന്നു നോക്കി..


വിസിറ്റര്‍ ഏരിയയില്‍ പേരിനു പോലും ഒരു കുഞ്ഞും ഇല്ല, എല്ലാവരും പൊതു പണിമുടക്കില്‍ പന്കെടുക്കുന്നതാവാം കാരണം. ഒരു ഫിലിപ്പിനോ പെന്‍ കുട്ടി പറഞ്ഞത് അനുസരിച്ച് അവളുടെ പിന്നാലെ പോയി. ഒരു മുറിയില്‍ കയറ്റി, ഒരു ത്രാസ്‌ കാണിച്ചു അതില്‍ കയറി നില്‍ക്കാന്‍ പറഞ്ഞു... എന്റെ തൂക്കം നോക്കാന്‍, ഇതെന്താ അറവു പുരയോ... "ഓ യു ലുക്ക്‌ സെക്സി "എന്ന് അവളോട്‌ പറയാന്‍ മനസ്സ് പറഞ്ഞതാ...മ്മടെ മമത ശര്‍മ ഇങ്ങനെ ഒക്കെ പറയാനുള്ള അവകാശം നമുക്ക് തന്നിരിക്കയല്ലേ... എന്തായാലും കയ്യിലും കാതിലും ഒക്കെ ഏതാണ്ടൊക്കെ കയറുകള്‍ കൊണ്ടവള്‍ എന്നെ വരിഞ്ഞു മുറുക്കുന്നു... ഇനി എപ്പോള്‍ വേണമെങ്കിലും എന്നെ അറുക്കും ... അന്ത്യ കൂദാശ പോലും ഇല്ലാതെ...


ഒടുവില്‍ അവള്‍ എന്നെ മറ്റൊരു മുറിയിലേക്ക് കയറ്റി  കതകടച്ചു.. അവിടെ ബുദ്ധി ജീവി പരിവേഷത്തില്‍ , ബുള്‍ഗാന്‍ താടി  ഉള്ള ഒരാള്‍  എന്‍റെ ചങ്കിലും പുറത്തും ഒക്കെ കുറെ തട്ടും മുട്ടും തന്നു... ഇടയ്ക്കിടക്ക് ശ്വാസം വലിച്ചു വിടുവാനും പറഞ്ഞു... ( ഇനി വലിച്ചു വിടുവാന്‍ അധികം ഉണ്ടാകുമോ എന്നൊരു ഭയം ഇപ്പോള്‍ )


വെളിയില്‍ വന്നപ്പോള്‍ പഴയ ഫിലിപ്പിനോ സെക്സി മുന്നില്‍...,...


"ഫാസ്റ്റിംഗ് ആണോ? " എന്‍റെ ദയനീയ ഭാവം കണ്ടു ചോദിച്ചതാവുമോ... എന്തെങ്കിലും കഴിക്കാന്‍ കിട്ടും എന്ന് കരുതി ഞാന്‍ 'അതെ' എന്ന് പറഞ്ഞു...എന്നെ മറ്റൊരു മുറിയില്‍ കൊണ്ട് പോയി കസേരയില്‍ ഇരുത്തി... എന്തെങ്കിലും കഴിക്കാന്‍ കിട്ടും എന്ന് നോക്കിയിരുന്ന എന്‍റെ മുന്നിലേക്ക്‌ ഒരു സൂചിയും ആയി മറ്റൊരു സെക്സി... ഒരു മല്ലു സെക്സി...


 കുറെ രക്തം ആ സെക്സി യക്ഷി കുടിച്ചു തീര്‍ത്തു എന്നു മാത്രം അല്ല... അവര്‍ പറയുകയാണ്‌.,... നിങ്ങള്‍ ഒരു അരാഷ്ട്ര വാദി ആണ്... അതും എന്‍റെ മുഖത്ത് നോക്കി...രക്തത്തിന്‍റെ രുചിയില്‍ നിന്നും എന്തൊക്കെ മനസിലാക്കാം....

ഇല്ല, ഇല്ല , ചോര കൊടുത്ത് നേടിയതാണീ സ്വാതന്ത്ര്യം എന്ന് എനിക്ക് വിളിച്ചു പറയണം എന്നുണ്ടായിരുന്നു... 




( കഴിഞ്ഞ പൊതു പണിമുടക്ക്‌ ദിവസം എഴുതിയത് ആണ്... സാദാരണ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ദുബായില്‍ നിന്ന് ഷാര്‍ജയിലെക്കുള്ള റോഡു വിജനവും, ഷാര്‍ജയില്‍ നിന്ന് ദുബായിലെക്കുള്ളത് വളരെ തിരക്കേറിയതും ആയിരിക്കും)

Sunday 13 May 2012

ഇങ്ങനെയും ആഘോഷിക്കാം നഴ്സസ് ദിനം.


ഇന്നലെ 12-05-2012 ഫ്ലോരെന്‍സ്‌ നയിറ്റിംഗേളിന്‍റെ ജന്മദിനം ആയിരുന്നു.  രാത്രിയില്‍ പോലും വിളക്കും തെളിച്ചു യുദ്ധത്തില്‍ മുറിവും ചതവും പറ്റിയവര്‍ക്ക്, രോഗികള്‍ക്ക് മരുന്ന് സഞ്ചിയും ആയി വീടുകള്‍ തോറും പരിചരിച്ച  നഴ്സ്. നഴ്സിംഗ് എന്ന പ്രോഫെഷന്  ശാസ്ത്രിയമായ അടിത്തറയിട്ടത്  ഈ മഹതി ആണ്. "ലേഡി വിത്ത്‌ ദി ലാമ്പ്‌ " എന്ന പേരില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ഈ ആതുര ശുശ്രൂഷകയെ ആദ്യമായി അറിയാന്‍ ഇടവന്നത്. ലണ്ടനിലെ സെ.തോമസ്‌ ഹോസ്പിറ്റലില്‍ ആണ് ഇവര്‍ ആദ്യമായി നഴ്സിംഗ്  സ്കൂള്‍ തുടങ്ങിയത്. ഫ്ലോരെന്സിന്റെ ജന്മദിനം ആണ് ഇന്ന് ആഗോള തലത്തില്‍ നഴ്സസ് ദിനമായി ആചരിക്കുന്നത്.

ഇന്നലെ രാവിലെ പത്രം തുറന്നു നോക്കിയപ്പോള്‍ ദുബായിലെ പ്രസിദ്ധമായ ഒരു ആശുപത്രിയുടെ പരസ്യം കണ്ടു ഒന്ന് ഞെട്ടാതിരുന്നില്ല. ആഗോള നഴ്സ് ദിനം പ്രമാണിച്ചു തങ്ങളുടെ ഹോസ്പിറ്റലിലെ നഴ്സ്മാര്‍ക്ക് അഭിവാദ്യം നേര്‍ന്നു കൊണ്ട്  ഒരു നഴ്സ് രോഗിയെ ശുശ്രൂഷിക്കുന്ന ഫോട്ടോയും ആയുള്ള കളര്‍ പരസ്യം. എന്ന് മുതല്‍ ആണ് ആശുപത്രിക്കാര്‍ നഴ്സുമാരെ അംഗീകരിച്ചു തുടങ്ങിയത് എന്ന് ഞാന്‍ ഓര്‍ത്തു കണ്ണ് മിഴിച്ചു. മലയാളി ചെയര്‍മാനായുള്ള ദുബായിലെ വലിയ ഒരു ആശുപത്രി ശ്രിംഘല  ആണ് ഈ പരസ്യം നല്‍കിയത്. എന്‍റെ ഭാര്യ ജോലി ചെയുന്ന ഈ ആശുപത്രിയില്‍ ആണ്, ദുബായില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്നതും. ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊടുക്കുന്നതിലും കൂടുതല്‍ ശമ്പളം ഇവിടെ ലഭിക്കും. മാത്രമല്ല, എല്ലാ വര്‍ഷവും മാന്യമായ  ഇന്ക്രിമെന്റും ഇവര്‍ക്ക് ലഭിക്കുന്നു. അതിനൊപ്പം വാര്‍ഷിക  ബോണസും.

ശനിയാഴ്ച ആയിരുന്നു നഴ്സസ് ദിനമെന്കിലും അന്ന് പ്രവര്‍ത്തി ദിവസം അല്ലതിരുന്നതിനാല്‍ ഇന്ന് ആണ്  ഹോസ്പിറ്റലില്‍ നഴ്സ് ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ നടന്നത്. ഡ്യൂട്ടിക്ക് ചെന്നപ്പോള്‍ മുതല്‍, അതായത് രാവിലെ  ഏഴു മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ അനേകം ഗെയിംസ് ഇവര്‍ക്ക് വേണ്ടി നടത്തി. രാവിലെ പൊതുവായും , പിന്നെ ഓരോ യൂണിറ്റിലും കേക്ക് മുറിക്കുകയും  സമ്മാന വിതരണങ്ങള്‍ നടത്തുകയും ഉണ്ടായി. എല്ലാ നഴ്സ് മാരും ഈ ഒരു ദിവസത്തിനു വേണ്ടി ആശുപത്രി നല്‍കിയ  പ്രത്യേക  ടീ ഷര്‍ട്ടുകള്‍ ഇട്ടു കൊണ്ടാണ് ജോലി ചെയ്തത്. ഇത് രോഗികള്‍ക്കും പൊതു ജനത്തിനും ഒരു ബോധവല്‍ക്കരണം കൂടി ആയിരുന്നു. തങ്ങളെ മാനേജുമെന്റ് കെയര്‍ ചെയുന്നു എന്നതില്‍ അവിടെ ജോലി ചെയുന്ന നഴ്സുമാര്‍ക്ക് അഭിമാനം നല്‍കിയ നിമിഷങ്ങളും. ഒടുവില്‍ മാനേജുമെന്റിന്റെ വക സമ്മാനവും എല്ലാ നഴ്സുമാര്‍ക്കും ലഭിക്കുകയും ചെയ്തു.

ഞാന്‍ ഇതെഴുതുവാന്‍ കാരണം നമ്മുടെ നാട്ടിലെ ആശുപത്രികളില്‍ മാലാഖാമാരെ പോലെ ജോലി ചെയുന്ന നഴ്സുമാരുടെ ജോലിയിലുള്ള പീഡനങ്ങള്‍ കണ്ടപ്പോള്‍, സ്വന്തം ജോലിക്കാരെ നന്നായി കെയര്‍ ചെയുന്ന ആശുപത്രികളും ഈ ലോകത്ത് ഉണ്ട് എന്ന് കാണിക്കുവാന്‍ ആണ്. ഇതൊരു മാതൃക ആയി സ്വീകരിക്കവുന്നത്തെ ഉള്ളു, നമ്മുടെ നാട്ടിലെ ഹോസ്പിറ്റലുകള്‍ക്കും.

ഈ അടുത്ത കാലത്താണ് ഇന്ത്യയില്‍ നഴ്സ് മാരുടെ പ്രശ്നങ്ങള്‍ ദേശിയ ശ്രദ്ധ നേടുന്നത്. രാത്രിയിലും പകലും ഒന്ന് പോലെ ജോലി ചെയുന്ന , മൂന്നരയും അഞ്ചും വര്ഷം പടിപ്പു കഴിഞ്ഞു, കടുത്ത പരിശീലനത്തിന് ശേക്ഷം മാത്രം കിട്ടുന്ന ജോലി ആണ് നഴ്സിംഗ്. നമ്മുടെ നാട്ടില്‍ , ഒരു വിദ്യാഭ്യാസവും ഇല്ലാത്ത സാധാരണ കൂലിപ്പണിക്കാര്‍ക്ക് പോലും അഞ്ഞൂറും അതില്‍ കൂടുതലും വേതനം ദിവസവും കിട്ടുമ്പോള്‍ ഇന്നും ഇരുനൂറു രൂപ ദിവസക്കൂലിക്ക് ചില വി ഐ പി ആശുപത്രിയില്‍ പോലും ജോലി നോക്കുന്ന നഴ്സ്മാര്‍ പോലും ഇന്ത്യയില്‍ ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ച് പോകും. പല വി ഐ പി ഹോസ്പിറ്റലിലും പന്ത്രണ്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറു ദിവസവും ജോലി ചെയുന്ന നഴ്സുമാര്‍ ഉണ്ട്. രാവിലെ ഡ്യൂട്ടിക്ക് ചെന്നാല്‍ കാപ്പി കുടിക്കുവാനോ, ഭക്ഷണം കഴിക്കുവാണോ കഴിയാതെ രോഗികളെ പരിചരിക്കുക ആണ് അവരുടെ കടമ. വി ഐ  പി രോഗികള്‍ ആണ് എങ്കില്‍, രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ആയിരിക്കണം ജോലി ചെയെണ്ടതു. പലപ്പോഴും രോഗികളും അവരുടെ ബന്ധുക്കളും ചെയേണ്ട പണികള്‍ പോലും ഇവരെ കൊണ്ടാണ് ചെയിക്കുന്നത്. അവരുടെ വായിലിരിക്കുനന്തു എല്ലാം കേള്‍ക്കേണ്ടതും നഴ്സുമാര്‍ ആണ്.
കഴിഞ്ഞ വര്ഷം ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ മാനസീക പീഡനം താങ്ങാനാവാതെ മലയാളിയായ നഴ്സ് ആത്മഹത്യ ചെയ്തപ്പോള്‍ മാത്രം ആണ് നഴ്സുമാരുടെ പ്രശ്നങ്ങള്‍ ദേശിയ ശ്രദ്ധ ആകര്‍ഷിച്ചത്.  അതെ തുടര്‍ന്ന്, നഴ്സുമാര്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവതികള്‍ ആകുകയും, ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ഇല്ലാതെ സ്വയം സംഘടിച്ചു സമരത്തിന്‌ ഇറങ്ങി തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുകയും ഉണ്ടായി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ തൊഴിലാളി ക്ഷേമത്തില്‍ അല്ല മുതലാളി ക്ഷേമത്തില്‍ ആണല്ലോ താല്പര്യം. സമരം നടത്തിയ നഴ്സുമാരെ മുതലാളിമാര്‍ എത്ര നീചമായിട്ടാണ്  അപമാനിച്ചതും പീഡിപ്പിച്ച്ചതും എന്ന് കൂടി നാം ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

ആരോഗ്യ മേഖല  എന്നത് കുറെ ഡോക്ടര്‍മാര്‍ക്കും മുതലാളിമാര്‍ക്കും മാത്രം പണമുണ്ടാക്കാന്‍ ഉള്ള ഒരു സംവിധാനം ആയിട്ടാണ് എല്ലാവരും കണ്ടു വരുന്നത്. ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഡോക്ടര്‍ക്ക്‌ മാത്രം അല്ല , ആ മേഖലയും ആയി പ്രവര്‍ത്തിക്കുന്ന നഴ്സുമാര്‍, ഫാര്‍മസിസ്റ്റുമാര്‍, ലാബ് ടെക്നീഷ്യന്മാര്‍ തുടങ്ങി എല്ലാവര്ക്കും അതില്‍ പങ്കുണ്ട്. പക്ഷെ സാധാരണയായി ഡോക്ടര്‍മാര്‍ക്ക് മാത്രം ആണ് ഇക്കൂട്ടത്തില്‍ മാന്യമായ ശമ്പളം ലഭിക്കുന്നത്. ഒരു പക്ഷെ ആശുപത്രിയില്‍ കിടന്നിട്ടുള്ളവര്‍ക്ക് അറിയാം, പലപ്പോഴും നഴ്സുമാര്‍ ആണ് രോഗികള്‍ക്ക് സ്വാന്തനം നല്‍കുന്നതും ആശ്വസിപ്പിക്കുന്നതും, പരിച്ചരിക്കുന്നതും.

കേരളത്തിലും ഇന്ത്യയിലും ഒരു പക്ഷെ ഏറ്റവും അവസാനമായി നടക്കുന്ന വര്‍ഗ സമരമായിരിക്കും ഈ നഴ്സസ് സമരം. വര്‍ഗ വിപ്ലവ പാര്‍ട്ടികള്‍ പോലും ഇന്നിപ്പോള്‍ അവരുടെ തൊഴിലാളി പ്രസ്ഥാനങ്ങളെ തള്ളിപ്പറയുന്ന കാലം ആണല്ലോ ഇത്. ഒട്ടും സംഘടിതമല്ലാത്ത ഈ തൊഴിലാളി വര്‍ഗം അവരുടെ കര്‍ത്തവ്യ്ങ്ങള്‍ക്കായി സ്വയം സംഘടിക്കുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനവും കൂട്ടിനില്ലാതെ ഒറ്റയക്ക് സമരം ചെയുന്നു. നാടുകാരെ ബുദ്ധിമുട്ടിലാക്കാനുള്ള  ഒരു വെറും സമരം ആകാതെ, തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനും ഇവര്‍ക്കാകുന്നു.

ഇവരുടെ ശമ്പളം കാലോചിതമായി പരിഷ്ക്കരിക്കുവാന്‍ സര്‍ക്കാര്‍ നിയമിച്ച  ഡോ.ബലരാമന്‍ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നടപ്പാക്കും എന്ന് പ്രത്യാശിക്കാം.
 

Friday 11 May 2012

കൊല വെറിയും കൊല വിളിയും.



കഴിഞ്ഞ ദിവസങ്ങള്‍ ശോകമൂകമായിരുന്നു. വല്ലാത്ത ഒരു അസ്വസ്ഥത ആയിരുന്നു മനസ് മുഴുവന്‍. ഇന്നും ആ വിങ്ങല്‍ വിട്ടു പോയിട്ടില്ല. എന്നാലും ഒരു മനുഷ്യ ജീവനെ ഇങ്ങനെ കീറി നുറുക്കാന്‍ ഇവനൊക്കെ എങ്ങനെ മനസു വന്നു.
ഇതിനു മുന്‍പും കൊലപാതകങ്ങള്‍ വിങ്ങലുകള്‍ ആയിട്ടുണ്ട്‌. ഇന്ദിരയെ കൊന്നത് വെടിവെച്ചാണ്. രാജീവും ബേനസീറും ഒക്കെ കൊല്ലപ്പെട്ടത് ബോംബാക്രമണത്തില്‍ ആണ്. ഇറാക്കിലെ പട്ടാള ഭരണാധികാരി സദ്ദാം ഹുസൈനെ തൂക്കി കൊല്ലുകയാണ് ഉണ്ടായത്. ഗദ്ദാഫിയും അപമൃത്യുവിനു ഇരയാകുകയാണ് ഉണ്ടായത്. നേതാക്കന്മാരുടെ കാര്യം മാത്രമല്ല, യുദ്ധത്തിലും അപകടങ്ങളിലും ബോംബാക്രമണങ്ങളിലും അനേകം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആര്‍ എസ്സ എസ്സ കാരന്‍ എന്ന ലേബല്‍ ഉണ്ടായിരുന്ന ജയകൃഷ്ണന്‍ മാഷിനെ പിഞ്ചു കുട്ടികളുടെ മുന്നില്‍ വച്ച് കൊന്നതാണ് ഇതിനു മുന്‍പ്‌ മനസിനെ പിടിച്ചുലച്ച സംഭവങ്ങളില്‍ ഒന്ന്. ഒരു കൊലപാതകത്തിലൂടെ അന്ന് ആ ക്ലാസ്സിലുണ്ടായിരുന്ന എത്ര കുഞ്ഞുങ്ങളെ ആണവര്‍ കൊന്നത്. രാഷ്ട്രീയം ഇത്ര വലിയ വെറിയന്മാരെ എങ്ങനെ പടുത്തുയര്‍ത്തുന്നു.
ഒരു തോക്ക് കൊണ്ടോ, ഒരു പിച്ചാത്തി കൊണ്ടോ, വടി വാള്‍ കൊണ്ടോ, ഒരു 'എസ്"  കത്തി കൊണ്ടോ, ഒരു മഴു കൊണ്ടോ, ഒരു ബോംബു കൊണ്ടോ, വാഹനം കൊണ്ടുള്ള ഒരു ഇടി കൊണ്ടോ, ഒരു നിമിഷം കൊണ്ട് ഇങ്ങനെ ഒരു കൊല  നടത്താമായിരുന്നു. ഇത് ഒന്നും രണ്ടും അല്ല, അമ്പത് വെട്ടുകള്‍. അതില്‍ മിക്കതും തലയ്ക്കും മുഖത്തും. തലയോട്ടി വെട്ടിപ്പൊളിച്ച്... മുഖം തിരിച്ചരിയാവാനാത്ത വിധം വികൃതമാക്കി.... തീര്‍ത്തും പൈശാചികമായ ഒരു കൊല പാതകം.
സഖാവ് ടി പി ചന്ദ്രശേഖരനെ കൊന്നു എന്ന് പറയപ്പെടുന്ന കൊടി സുനി, റഫീക്ക്‌ എന്നിവരെ ഒരിക്കല്‍ പോലും സഖാവ് ചന്ദ്രശേഖര്‍ കണ്ടിട്ടില്ല. ഇവരുടെ ആരുടേയും അമ്മയെയോ, സഹോദരിയെയോ ഒന്നും ഇദേഹം പീഡിപ്പിച്ചിട്ടില്ല. അല്ലെങ്കില്‍ ബലാല്‍സംഘം ചെയ്തിട്ടില്ല. ഇവരുടെ അപ്പനെയോ ബന്ധുക്കളെയോ ഇദേഹം കൊന്നിട്ടില്ല. ഇവരില്‍ ആരുമായോ, ഒരു അടിപിടിയോ, ഒരു വസ്തു തര്‍ക്കമോ ഇദേഹം നടത്തിയിട്ടില്ല. ഇവര്‍ക്കെതിരെ ഒരു കേസിനും കള്ളസാക്ഷി പറഞ്ഞിട്ടില്ല. പിന്നെ എന്തിനായിരിക്കണം ഇദേഹത്തെ കൊന്നത്.
പ്രത്യയ ശാസ്ത്രപരമായ ഭിന്നതകള്‍ കാരണം ആണ്, സഖാവ് ചന്ദ്രശേഖര്‍ സി പി എമ്മില്‍ നിന്നും പുറത്തു പോയത്. ഒരു കാലത്ത് പാര്‍ട്ടിയുടെ ആരാധ്യനായ സഖാവ് വി എസ്സിന്റെ കൂട്ടാളി ആയ ഒരേ ഒരു കാരണം കൊണ്ട്,  വെട്ടി നിരത്തലിനു ഉള്ള ശ്രമം ഉണ്ടായത് കൊണ്ടാണ് ആണ് അദേഹം പാര്‍ട്ടി വിട്ടത്. താന്‍ വിശ്വസിച്ചിരുന്ന പാര്‍ട്ടി, ആശയങ്ങളില്‍ നിന്ന്  പിന്നോക്കം പോവുകയും, കൊള്ളക്കാരുടെയും മാഫിയ നേതൃത്വത്തിന്റെയും പിടിയില്‍ അമരുന്നത് കണ്ടു നില്‍ക്കാന്‍  ത്രാണി ഇല്ലാതെ പാര്‍ട്ടി വിട്ടു താന്‍ വളര്‍ത്തികൊണ്ട് വന്ന  രാഷ്ട്രീയ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുവാനും അങ്ങനെ തന്റെ മേഖലയില്‍ രാഷ്ട്രീയത്തിലെ മാന്യത തിരിച്ചു  കൊണ്ട് വരുവാനും ശ്രമിച്ച ധീരനായ പോരാളി ആയിരുന്നു സഖാവ് ടി പി. പാര്‍ട്ടിയില്‍ നിന്ന് വിട്ടു പോയവര്‍ പലരും വലതു പക്ഷ പാളയത്തില്‍ അഭയം തേടിയപ്പോള്‍, തനിക്ക് കിട്ടുമായിരുന്ന എം പി സ്ഥാനം പോലും വേണ്ട എന്ന് പറഞ്ഞു, ശരിയായ കമ്മ്യുണിസ്റ്റ്‌ ആയി ജീവിച്ച സഖാവിനെ ആണ് കൂലം കുത്തികള്‍ അവരുടെ കൊല  വെറിക്ക് ഇരയാക്കിയത്.
റെവലൂഷനറി മാര്‍ക്സിക്സ്റ്റു പാര്‍ട്ടിയുടെ നേതാവായിരുന്ന സഖാവ് ടി പി ചന്ദ്രശേഖര്‍ ഒരു പ്രദേശത്തെ ജനങ്ങളുടെ മുഴുവന്‍ വാല്‍സല്യം ആയിരുന്നു. ജനങ്ങളുടെ ഏതു ആവശ്യങ്ങള്‍ക്കും അവര്‍ക്കിടയില്‍ ഒരു നേതാവായിട്ടായിരുന്നില്ല, അവര്‍ക്കിടയില്‍ അവരിലൊരാള്‍ ആയിട്ടായിരുന്നു ഈ ചെറുപ്പക്കാരന്‍ പ്രവര്‍ത്തിച്ചിരുന്നത്. കായികമായും താര്‍ക്കീകമായും ആര്‍ക്കും അത്ര എളുപ്പത്തില്‍ ചന്ദ്ര ശേഖറിനെ എതിരുടുക പ്രയാസം ആയിരുന്നു.



സഖാവ് ചന്ദ്രശേഖര്‍ ഒഞ്ചിയം മേഖലയിലെ ജനങ്ങളുടെ കണ്ണിലുണ്ണി ആയിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്ന ഇദേഹ ത്തിനു എങ്ങനെ ശത്രുക്കള്‍ ഉണ്ടായി? ഒരിക്കലും ഇദേഹത്തോട് യാതൊരു വിധ ശത്രുതയും ആരും വ്യക്തിപരമായി വച്ചു പുലര്‍ത്തിയിരുന്നില്ല. ഇതിനു മുന്‍പും സഖാവിനെ വധിക്കുവാന്‍ സി പി എം മൂന്നു പ്രാവശ്യം ശ്രമിച്ചിരുന്നു. ഒഞ്ചിയത്തു നടന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ സഖാവിനെ ചന്ദ്രശേഖറിനെ വെള്ള പുതപ്പിച്ചു കിടത്തും എന്നായിരുന്നു സി പി എമ്മിന്റെ മുദ്രാവാക്യം. കഴിഞ്ഞ മൂന്നു തവണയും പരാജയപ്പെട്ടത് പോലെ ആവരുതു എന്ന് കരുതി ആകണം ഇവര്‍ പൈശാചികമായി ഈ കൊല നടത്തിയത്.
വളരെ ആസൂത്രിതമായ ഒരു കൊലപാതകം ആയിരന്നു ഇത്. വളരെയധികം ഹോം വര്‍ക്ക് നടത്തി, ആണ് ഈ കൊലപാതകം നടന്നത്. അതിനാല്‍ പ്രതികള്‍ പിടിക്കപ്പെടാതിരിക്കാനും, പിടിക്കപ്പെട്ടാല്‍ തന്നെ, ഒരിക്കലും ഇതിനു പ്രേരിപ്പിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തു പറയാതിരിക്കാന്‍ ഉള്ള ശിക്ഷണവും ഇവര്‍ക്ക് കൊടുത്തിരിക്കും. വിഗ്രഹങ്ങള്‍ തകര്‍ന്നു വീഴാന്‍ പാടില്ലല്ലോ.
ഒരു ജീവന്‍ വെട്ടി നുറുക്കി കൊലവിളി നടത്തിയത് കൊണ്ട്  ഒരു ആശയത്തെ ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല. ഒരു ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യ. ഒരു മകന്‍ നഷ്ടപ്പെട്ട അമ്മ. ഒരു അപ്പന്‍ നഷ്ടപെട്ട മകന്‍. ഇതാണ്  ഈ കൊലവേരിയുടെ ബാക്കി പത്രം. 

Thursday 10 May 2012

പെരുമനം: നെയ്യാറ്റിന്‍കരയില്‍ നിന്നും എന്തെങ്കിലും പഠിക്കെണ...

പെരുമനം: നെയ്യാറ്റിന്‍കരയില്‍ നിന്നും എന്തെങ്കിലും പഠിക്കെണ...: ജൂലൈ രണ്ട്...  അന്ന് നെയ്യാറ്റിന്‍കരയില്‍  വീണ്ടും ഉപ തെരഞ്ഞെടുപ്പ് നടക്കുകയാണ്... ഒരു നിയമസഭാംഗം രാജിവച്ചാലോ മരിച്ചാലോ ആണ് സാധാരണ ഉപ ത...

Tuesday 1 May 2012

സെ. പീറ്റേര്‍സ് ബര്‍ഗ് ഓര്‍മ്മകള്‍


സെ. പീറ്റേര്‍സ് ബര്‍ഗ് ഓര്‍മ്മകള്‍

പി ഡി എഫ്‌പ്രിന്‍റ്ഇ മെയില്‍



പാരീസില്‍ നിന്നു ബെര്‍ലിന്‍ വരെ ട്രെയിനില്‍ വന്നു, രാത്രി ട്രെയിനില്‍ ആയതിനാല്‍ നല്ല ഉറക്കം കിട്ടി. ജെര്‍മനി, ഹോളണ്ട്, ഫ്രാന്‍സ്‌ യാത്രകള്‍ കഴിഞ്ഞു... യൂറോപ്പിനോട് യാത്ര പറഞ്ഞു. ഇനി റഷ്യ, ഉക്രൈന്‍ .. അത് കഴിഞ്ഞു തിരികെ ദുബായിലേക്ക് ...ഇന്ന് ഫെബ്രുവരി 16. ...രാവിലെ ബെര്‍ലിന്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ടാക്സിയില്‍ ഷോണ്‍ഫീല്‍ഡ്‌ എയര്‍ പോര്‍ട്ടിലേയ്ക്ക് . ബെര്‍ലിനിലെ പ്രധാനപ്പെട്ട രണ്ടു എയര്‍ പോര്‍ട്ട്കളില്‍, ഷോണ്‍ ഫീല്‍ഡ്‌ പഴയ പൂര്‍വ ജെര്‍മനിയില്‍ ആണ്. സിറ്റിയില്‍ നിന്ന് കുറെ അകലെയുള്ള ഈ എയര്‍ പോര്‍ട്ട് ആണ് ഇനി ജെര്‍മനി വികസിപ്പിക്കുന്നത്.
ടാക്സിക്കാരന്‍ ബെന്‍സ്‌ കാറാണ് ടാക്സിയായി ഉപയോഗിക്കുന്നത്. പോയ വഴിയില്‍ ഞങ്ങള്‍ സെക്കന്റ്‌ ഹാന്‍ഡ്‌ കാറുകളുടെ വില്പനെയെക്കുറിച്ച് സംസാരിച്ചു. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ മാത്രമേ ജര്‍മ്മനിക്കാര്‍ പുതിയ കാറുകള്‍ ഉപയോഗിക്കുകയുള്ളൂ എന്ന് ഡ്രൈവര്‍ പറഞ്ഞു. ടാക്സി ഓട്ടം ഒരു ജീവിതമാര്‍ഗം അല്ല അദേഹത്തിന്, കാരണം ജീവിക്കുവാനുള്ള പണം തികയില്ല എന്നാണ് അയാളുടെ പക്ഷം. ഷോണ്‍ ഫീല്‍ഡ്‌ വിമാനത്താവളത്തില്‍ ഞങ്ങളെ എത്തിച്ചു, ഇനി അവിടെ നിന്ന് ഏറോഫ്ലോട്ട് വിമാനത്തില്‍ റഷ്യയിലെ രണ്ടാമത്തെ വലിയ സിറ്റി ആയ സെ.പീറ്റേര്‍സ് ബര്‍ഗിലേക്ക്. ബെര്‍ലിന്‍ ഷോണ്‍ ഫീല്‍ഡ്‌ എയര്‍ പോര്‍ട്ടില്‍ നിന്ന് പ്രഭാതഭക്ഷണം കഴിഞ്ഞു.
 റഷ്യയിലെ കൊടും തണുപ്പ് എങ്ങനെ തരണം ചെയ്യും എന്നറിയില്ല. തണുപ്പിനെ പ്രതിരോധിക്കാന്‍ തക്കതായ വസ്ത്രങ്ങള്‍ ആണോ ധരിച്ചിരിക്കുന്നത്‌ എന്ന് സംശയം. ഗംബൂട്ട് വാങ്ങിക്കാന്‍ വേണ്ടി പാരീസിലെ കടകള്‍ ഇന്നലെ തപ്പി നോക്കിയെങ്കിലും കിട്ടിയില്ല.തല കവര്‍ ചെയ്യാന്‍ പാരീസില്‍ നിന്ന് വാങ്ങിച്ച ക്യാപ് അവിടെ തന്നെ നഷ്ട്ടപ്പെടുകയും ചെയ്തു. എയര്‍ പോര്‍ട്ടിലെ ലോഞ്ചില്‍ ഇരിക്കുമ്പോള്‍ യാത്രക്കാര്‍ എല്ലാവരും മുട്ടുവരെയുള്ള വലിയ ലെതര്‍ ജാക്കെറ്റ്‌ ഇട്ടിരിക്കുന്നു. സെ. പീറ്റേര്‍സ് ബര്‍ഗിലെ കാലാവസ്ഥയെക്കുറിച്ച് ഒരു റഷ്യക്കാരനോട് ചോദിച്ചു. പലര്‍ക്കും ഇംഗ്ലീഷ് അറിയില്ല, എങ്കിലും ഒരാള്‍ തന്‍റെ ഐ ഫോണ്‍ തുറന്നു അവിടത്തെ ടെംപറേചര്‍ കാണിച്ചു തന്നു. മൈനസ് പതിനെട്ടു ഡിഗ്രി... പെട്ടെന്ന് ആലോചിച്ചു, മോര്‍ച്ചറിയില്‍ പോലും ശവങ്ങള്‍ സൂക്ഷിക്കുന്നത് മൈനസ് രണ്ടു മുതല്‍ അഞ്ചു വരെ മാത്രം. മൈനസ് 18 വീണ്ടും എന്നെ ഫ്രീസ് ആക്കുന്നു. തിരികെ വരുന്നത് ജഡം ആകുമോ. പലരും നല്ല ഗ്രിപ്പുള്ള ഷൂ ആണ് ധരിച്ചിരിക്കുന്നത്‌. തണുപ്പ് ഒരു പേടി ആയി എന്നില്‍ അടിഞ്ഞു കൂടി, എങ്കിലും തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞു കട്ടകള്‍ കാണുവാന്‍ ഒരു കൌതുകം മനസ്സില്‍ നിറഞ്ഞിരുന്നു.
വിമാനത്തില്‍ വിന്‍ഡോ സീറ്റ് തന്നെ കിട്ടി, ഞാനും ബഷീറും അടുത്തടുത്ത സീറ്റുകളില്‍ ഇരുന്നു. കനത്ത മഞ്ഞ് ആയതിനാല്‍ പകല്‍ പോലും ഇരുട്ടായിരിക്കും സെ.പീറ്റേര്‍സ് ബര്‍ഗില്‍ എന്നാണ് ധാരണ. പക്ഷെ യാത്രയില്‍ സൂര്യപ്രകാശം കാണുന്നുണ്ട്. ബെര്‍ലിനില്‍ നിന്ന് രണ്ടു മണിക്കൂര്‍ ആണ് യാത്രാ സമയം. തണുപ്പ് കാലത്ത് ബെര്‍ലിനും ആയി രണ്ടു മണിക്കൂര്‍ മുന്നോട്ടാണ് സമയ വ്യത്യസം. ദുബായിയും ആയി ഒരു മണിക്കൂര്‍ പിന്നോട്ടും. എയര്‍ ഹോസ്റ്റസ് ഭക്ഷണവുമായി വന്നു, ബഷീര്‍ സസ്യാഹാരം മാത്രമേ കഴിക്കുകയുള്ളൂ. തണുപ്പ് ഉള്ളതിനാല്‍ ഞാന്‍ വൈന്‍ അകത്താക്കി, ഭക്ഷണവും കഴിച്ചു. ഏറ്റവും രസകമായ കാര്യം, ആദ്യമായിട്ടാണ് റഷ്യയില്‍ പോകുന്നതെങ്കിലും ഹോട്ടല്‍ ബുക്കിംഗ് ഒന്നും നടത്തിയിട്ടില്ല. ബഷീറാണ് ധൈര്യം തന്നത്, അവിടെ ചെന്ന് ഒരു ഹോട്ടല്‍ ബുക്ക്‌ ചെയ്യാം എന്ന്.

ഇന്‍-ഫ്ലൈറ്റ് മാഗസിന്‍ മറിച്ചു നോക്കി, പരസ്യങ്ങള്‍ കൂടുതലും റഷ്യയിലെ ആഡംബര ഹോട്ടലുകളെയും അവിടെയുള്ള ക്ലബുകളെയും കുറിച്ചാണ്. സെക്സ് പരസ്യങ്ങള്‍ ആണ് കൂടുതലും, വിദേശികളെ ആകര്‍ഷിക്കാന്‍ ഏറ്റവും മെച്ചം ഈ പരസ്യങ്ങള്‍ ആകും. അതില്‍ ഒരു പരസ്യം ഇങ്ങനെ, സ്ത്രീകള്‍ക്ക് മാത്രം ആയി ലോകത്ത് ഉള്ള ഒരേ ഒരു സ്ട്രിപ്പ് ക്ലബ്‌ സെ. പീറ്റേര്‍സ് ബര്‍ഗില്‍ ആണ് പോലും. യാത്രയിലുടനീളം സമുദ്രം മുഴുവന്‍ മഞ്ഞു മൂടി കിടക്കുന്നു.
സെ. പീറ്റേര്‍സ് ബര്‍ഗ് റഷ്യയുടെ രണ്ടാമത്തെ വലിയ പട്ടണം ആണ്. മോസ്കോ ആണ് ഏറ്റവും വലിയ പട്ടണം , തലസ്ഥാനവും. ബാള്‍ട്ടിക് സമുദ്രത്തില്‍ നെവാ പുഴയുടെ തീരത്താണ് സെ. പീറ്റേര്‍സ് ബര്‍ഗ്. സര്‍ രാജവംശത്തിലെ സര്‍ പീറ്റര്‍ ദി ഗ്രേറ്റ്‌ എന്ന ചക്രവര്‍ത്തി 1703 ല്‍ ആണ് മനോഹരമായ ഈ പട്ടണം നിര്‍മ്മിച്ചത്. 1914 ല്‍ സെ.പീറ്റേര്‍സ് ബര്‍ഗിന് പെട്രോബര്‍ഗ് എന്ന് പേര് മാറ്റിയെങ്കിലും വീണ്ടും 1924 ല്‍ ലെനിന്‍ഗ്രാന്‍ഡ്‌ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പട്ടണം 1991 ല്‍ ആണ് പഴയ പേരിലേക്ക് തിരികെ വന്നത്. 1918 വരെ സെ പീറ്റേര്‍സ് ബര്‍ഗ് ആയിരുന്നു റഷ്യയുടെ തലസ്ഥാനം. 4.6 മില്ല്യണ്‍ ജനങ്ങള്‍ ആണ് ഈ പട്ടണത്തിലെ ഇപ്പോഴത്തെ ജനസംഖ്യ. ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ട് മ്യൂസിയം സെ. പീറ്റേര്‍സ് ബര്‍ഗിലെ ഹെര്മിറ്റേജ് മ്യൂസിയം ആണ്. യൂറോപ്പിന്‍റെ സാംസ്കാരിക സിറ്റികളില്‍ പ്രമുഖസ്ഥാനം സെ. പീറ്റേര്‍സ് ബര്‍ഗിന് ഉണ്ടായിരുന്നു.
വിമാനം സെ.പീറ്റേര്‍സ് ബര്‍ഗില്‍ ഇറങ്ങുന്നു, ഗള്‍ഫില്‍ ചൂട് കാലത്ത് കാണുന്നത്ര സൂര്യപ്രകാശം സെ. പീറ്റേര്‍സ് ബര്‍ഗില്‍ ..പുറത്താകട്ടെ രക്തം കട്ട പിടിക്കുന്ന തണുപ്പും. എവിടെയും വലിയ മഞ്ഞു കട്ടകള്‍ ... ഐസ് കട്ടകള്‍ അല്ലാതെ മറ്റൊന്നും കാണുന്നില്ല. റണ്‍വെയില്‍ പോലും ഐസ് പാളികള്‍ ... ഒടുവില്‍ വിമാനം ലാന്‍ഡ്‌ ചെയ്തു. നമ്മുടെ തിരുവനന്തപുരം വിമാനത്താവളം പോലെ ഉള്ള ഒരു വിമാനത്താവളം. വിമാനത്തില്‍ നിന്നും ഇറങ്ങി, ഒരു ബസ്സില്‍ ടെര്‍മിനലിലേക്ക് ... ഇനി ഇമിഗ്രേഷന്‍-ചെക്ക് ചെയ്യണം. വിമാനത്തില്‍ നിന്ന് വെളിയിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ അസ്ഥികള്‍ അരിക്കുന്ന തണുപ്പ്. വിമാനത്തില്‍ വെച്ച് തന്നെ ഇമിഗ്രേഷന്‍ ഫോം ഫില്‍ ചെയ്യാന്‍ തന്നിരുന്നു. ബെലാറസ് ഇപ്പോള്‍ സ്വതന്ത്ര രാഷ്ട്രം ആണ്.പക്ഷെ ഇപ്പോഴും അവിടത്തെ ഇമിഗ്രേഷന്‍ കാര്യങ്ങള്‍ നടത്തുന്നത് റഷ്യ ആണ്. അതിനാല്‍ ഇമിഗ്രേഷന്‍ ഫോം ബെലാറസിനും റഷ്യക്കും ഒന്ന് തന്നെ ആണ്.
ഞങ്ങള്‍ റഷ്യന്‍ ഇമിഗ്രേഷന്‍ കൌണ്ടറില്‍ നില്‍ക്കുന്നു, ഞങ്ങളുടെ പാസ്പോര്‍ട്ട് കണ്ടിട്ട്, ഞങ്ങളോട് സീറ്റില്‍ പോയിരിക്കാന്‍ പറഞ്ഞു. കൌണ്ടറിലെ റഷ്യന്‍ സ്ത്രീ അവര്‍ അവരുടെ മേലധികാരിയെ ഫോണില്‍ വിളിച്ചു. ദുബായില്‍ നിന്ന് എജെന്റ് വഴി ആണ് ഞങ്ങള്‍ വിസ എടുത്തത്. വിസക്ക് വേണ്ടി അവര്‍ ഞങ്ങള്‍ക്ക് നല്‍കിയ ഹോട്ടല്‍ ബുക്കിംഗ് മോസ്കോയിലെതാണ്. വിസക്ക് വേണ്ടി മാത്രം നടത്തിയ ആ ബുക്കിംഗ് വെറും ഡമ്മി ബുക്കിംഗ് ആണ്. ആ ഹോട്ടല്‍ ആണ് ഞങ്ങള്‍ക്ക് ടൂറിസ്റ്റു വിസ നല്‍കിയത്. മുന്‍പ് ഇന്ത്യക്കാര്‍ക്ക് റഷ്യ നല്‍കിയിരുന്ന സൌകര്യങ്ങള്‍ ഒക്കെ പിന്‍വലിച്ചു , ഇപ്പോള്‍ അവര്‍ക്ക് ഇന്ത്യക്കാരോട് പഴയ മമതയോന്നും ഇല്ല. എന്തായാലും എമിഗ്രേഷന്‍ ഓഫീസര്‍ വന്നു, വീണ്ടും ചോദ്യങ്ങള്‍ ... നിങ്ങളുടെ ഹോട്ടല്‍ ബുക്കിംഗ് മോസ്കോയില്‍ അല്ലെ, പിന്നെ എന്തിനു നിങ്ങള്‍ സെ. പീറ്റേര്‍സ് ബര്‍ഗില്‍ ഇറങ്ങി,, ഞങ്ങള്‍ പറഞ്ഞു , ഇവിടെ നിന്ന് ട്രെയിനില്‍ ഞങ്ങള്‍ മോസ്കോയ്ക്ക് പോകും. ഒടുവില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പ്‌ അടിച്ചു, ഞങ്ങള്‍ പുറത്തിറങ്ങി.
ഹോട്ടല്‍ ബുക്ക്‌ ചെയ്യാന്‍, ടൂറിസ്റ്റു കിയോസ്ക് കണ്ടു. അവിടെ ഇംഗ്ലീഷ് സംസാരിക്കുന്ന സുന്ദരിയായ റഷ്യന്‍ പെണ്‍കുട്ടി ... ഞങ്ങള്‍ക്ക് പോകേണ്ടത് സോഫിസ്ക്യാ എന്ന സ്ഥലത്താണ് . അതിനടുത്തു ആകെ മൂന്നു ഹോട്ടലുകള്‍ ആണ് അവരുടെ ലിസ്റ്റില്‍ ... ഏറ്റവും അടുത്ത് എന്ന് തോന്നിയ ഹോട്ടലില്‍ ഞങ്ങള്‍ ബുക്ക്‌ ചെയ്തു. ഒരു ദിവസം 2500 റൂബിള്‍ ആണ് ചാര്‍ജ് . ഇപ്പോള്‍ ഓഫ്‌ സീസന്‍ ആണ് പോലും. പിന്നെ ഞങ്ങള്‍ എക്സ്ചേഞ്ചില് നിന്ന് പണം മാറി, ടാക്സി ബുക്ക്‌ ചെയ്തു ഹോട്ടലിലേക്ക്. 800 റൂബിള്‍ ആണ് ടാക്സി ചാര്‍ജു. ചെറിയ ചില ഇംഗ്ലീഷ് വാക്കുകള്‍ ടാക്സികാരനും അറിയാം. ഒടുവില്‍ അയാള്‍ ഞങ്ങളെ ടാക്സിയില്‍ ഹോട്ടലില്‍ എത്തിച്ചു. ലഗേജു വച്ചിട്ട് ഞങ്ങള്‍ക്ക് സോഫിസ്ക്യാ മാര്‍ക്കറ്റില്‍ പോകണം. സമയം ഏകദേശം അഞ്ചു മണി ആയെങ്കിലും വെളിച്ചം ഉണ്ട്. ടാക്സിക്കാരനോട് വെയിറ്റ് ചെയാന്‍ പറഞ്ഞു. വലിയ ആര്‍ഭാടം ഒന്നും ഇല്ലാത്ത പഴയ രീതിയിലുള്ള ഒരു കെട്ടിടം ആണ് ഹോട്ടല്‍. റിസപ്ഷനിസ്റ്റ്‌നു ഇംഗ്ലീഷ് അറിയില്ല, ഏതാണ്ട് മദ്ധ്യവയസ്സ് കഴിഞ്ഞ ഒരു സ്ത്രീ. ഒടുവില്‍ ഞങ്ങള്‍ ഡിസ്കൌണ്ട് ചോദിച്ചു. ഞങ്ങള്‍ ഇന്ത്യക്കാര്‍ ആണ് അതിനാല്‍ ഡിസ്കൌണ്ട് വേണം എന്ന് പറഞ്ഞു ഒരു വിധത്തില്‍ 400 റൂബിള്‍ ഡിസ്കൌണ്ട് മേടിച്ചു. അപ്പോഴേക്കും ടാക്സിക്കാരന്‍ തന്‍റെ വെയിറ്റിംഗ് ചാര്‍ജു വേണം എന്ന് പറഞ്ഞു ഒച്ചയുണ്ടാക്കി. സോഫിസ്ക്യായില്‍ എത്തിയപ്പോള്‍ അതിനു വേണ്ടി അയാള്‍ വലിയ ബഹളം ഉണ്ടാക്കി. പക്ഷെ ഞങ്ങള്‍ ഇംഗ്ലീഷില്‍ പറഞ്ഞത് കൊണ്ടാകും ഞങ്ങളോട് അധികം തര്‍ക്കിച്ചിട്ടു കാര്യം ഇല്ല എന്ന് വിചാരിച്ചു അയാള്‍ പോയി.

ഞങ്ങള്‍ ചെന്ന സമയമായതുകൊണ്ടാകും മാര്‍ക്കറ്റില്‍ ആളുകള്‍ വളരെ കുറവാണ്. അസര്‍ബൈജാനി ആയ ഒരു കച്ചവടക്കാരനെ ഞങ്ങള്‍ കണ്ടു. ഓഫീസിലും മാര്‍ക്കറ്റിലും എല്ലാം ഹീറ്റര്‍ ഉണ്ട്, തണുപ്പില്‍ നിന്നും രക്ഷപെടാന്‍ . ഇടയ്ക്കു ടി വി യിലെവാര്‍ത്തയില്‍ നോക്കി അയാള്‍ പറയുന്നത് കേട്ടു , പിറ്റേന്നു കാലാവസ്ഥ വീണ്ടും മോശം ആകുന്നു. മൈനസ് 25 ആകും എന്ന്. തൊപ്പിയും കാലുറയും കൈയ്യുറയും ധരിച്ചിട്ടുണ്ട്, എന്നിട്ടും തണുപ്പ് അസ്ഥികളെ തുളയ്ക്കുന്നു. എട്ടു മണി ആയപ്പോള്‍ ഉസ്ദാര്‍ എന്ന ഈ വ്യാപാരി ഓഫീസ്‌ അടച്ചു, പോകുന്ന വഴിയില്‍ ഞങ്ങളെ ഹോട്ടലില്‍ കൊണ്ട് വിട്ടു. പിറ്റേന്ന് ഞങ്ങളെ ഡിന്നറിനു ക്ഷണിക്കുകയും ചെയ്തു.
ഫ്രഷ്‌ ആയി, ഭക്ഷണം കഴിക്കണം.. ഹോട്ടലിനു തൊട്ടു ചേര്‍ന്ന് ഒരു ഭക്ഷണ ശാല. അവിടെ ഡിന്നറിനു പോയി. വലിപ്പമുള്ള ഹാള്‍ ആണ് എങ്കിലും ഞങ്ങളെ കൂടാതെ നാലഞ്ചു പേര്‍ മാത്രം. റഷ്യന്‍ സംഗീതം ഒഴുകുന്നു, നല്ല കേള്‍ക്കാന്‍ രസമുള്ള, ഈണമുള്ള സംഗീതം, ഒന്നും മനസിലായില്ലെങ്കിലും കേട്ടിരുന്നു. ഇപ്പോള്‍ ആകെ ഒരു പ്രശ്നം , അവിടെ ആര്‍ക്കും റഷ്യന്‍ ഭാക്ഷ അല്ലാതെ മറ്റൊന്നും അറിയില്ല, മെനുവും റഷ്യന്‍ ഭാഷയില്‍ ... ബഷീര്‍ പച്ചക്കറിക്കാരനും..എന്ത് ചെയ്യും. റെവ എന്ന മല്‍സ്യം റഷ്യയിലെ പ്രധാന മല്‍സ്യം ആണ്. വെന്ത മത്സ്യത്തില്‍ ചില ക്രീമുകള്‍ ഒഴിച്ചതു ഒരു പ്ലേറ്റ് ഞാന്‍ ഓര്‍ഡര്‍ ചെയ്തു. ബഷീര്‍ ആകെ വിഷമത്തില്‍ ആയി. ഒടുവില്‍ ഷെഫ് വന്നു. അദേഹത്തിനും അറിയില്ല ഭാഷ , ഞങ്ങള്‍ അടുക്കളയില്‍ പോയി പച്ചക്കറികള്‍ കാണിച്ചുകൊടുത്തു . ബഷീറിന് ഒടുവില്‍ സാലഡും എനിക്ക് മീനും. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം എന്ന ബോധ്യത്തോടെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു.
ഹോട്ടലില്‍ പ്രഭാത ഭക്ഷണം, അതിന്‍റെ കൂപ്പണ്‍ വാങ്ങണം . അതിനായി ചെന്നപ്പോള്‍ അവര്‍ക്ക് ആദ്യം മനസിലായില്ല, കൈ കൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ "ഞം ഞം " എന്ന് പറഞ്ഞു കൂപ്പണ്‍ തന്നു. ഞം ഞം എന്നായിരിക്കുമോ ഭക്ഷണത്തിനു റഷ്യയില്‍? ഹഹ, ഞം ഞം ... പ്രഭാത ഭക്ഷണത്തിനു പോയി, കുറച്ചധികം റഷ്യക്കാര്‍ അവിടെ ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കുന്നു. ചീസും ഹാമും ഒക്കെ കൊണ്ട് വച്ചു . ബഷീര്‍ മുട്ട മതിയെന്ന് പറഞ്ഞത് അവര്‍ക്ക് മനസിലായില്ല, ഒടുവില്‍ ഒരു റഷ്യന്‍ സുന്ദരി ഞങ്ങള്‍ക്ക് പരിഭാഷ നടത്തി. ഒരു വിധം ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിച്ചു. ബുക്ക്‌ ചെയ്ത ടാക്സി വരുന്നത് വരെ ഞങ്ങള്‍ ഹോട്ടലിനു വെളിയിലെ ഐസ് കൂമ്പാരത്തിന് മുകളില്‍ പോയി നിന്ന് ഫോട്ടോ എടുത്തു. വീണ്ടും സോഫിസ്ക്യായില്‍ , ഇത്തവണ ഞങ്ങള്‍ക്ക് കാണേണ്ടത് മറ്റൊരു വ്യാപാരിയെ. ബെര്‍ലിനില്‍ വച്ച് കണ്ടു മുട്ടിയ ഇയാളും അസര്‍ബൈജാന്‍ സ്വദേശി ആണ്. സോഫിസ്ക്യായില്‍ ഗേറ്റിനടുത്ത് ഞങ്ങള്‍ ടാക്സിയില്‍ നിന്നും ഇറങ്ങി നടക്കാന്‍ തുടങ്ങി. നടക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള പ്രതലം. ഐസ് ആയതിനാല്‍ തെന്നും, വളരെ സൂക്ഷിക്കണം. നമ്മുടെ മുഖ്യന്‍ പണ്ട് ദാവോസില്‍ പോയപ്പോള്‍ ഐസില്‍ നടന്നു കാലോടിഞ്ഞതൊക്കെ പത്രവാര്‍ത്ത ആയിരുന്നല്ലോ. ഞാനും ബഷീറും അന്യോന്യം സൂക്ഷിക്കണം എന്ന് പറഞ്ഞു മുന്നോട്ടു നടന്നു., പറഞ്ഞു തീരുന്നതിനു മുന്‍പേ, ഇതാ ഞാന്‍ പിന്നിലേക്ക്‌ മറിഞ്ഞു വീണു. അസ്തി തുളയ്ക്കുന്ന തണുപ്പ്..നടക്കാന്‍ വയ്യാത്ത പ്രതലവും. ഒടുവില്‍ അടുത്തു കണ്ട ഒരു കടയില്‍ കയറി, ഞങ്ങള്‍ക്ക് കാണേണ്ട വ്യാപാരിയുടെ വിസിറ്റിംഗ് കാര്‍ഡ്‌ അവരെ കാണിച്ചു കൊടുത്തു . ആ കാര്‍ഡില്‍ ഒരു വശത്തു റഷ്യന്‍ ഭാഷയിലും അഡ്രസ്‌ ഉണ്ടായിരുന്നതിനാല്‍ അവര്‍ കടയില്‍ കൊണ്ടുവിട്ടു . വളരെ സൂക്ഷിച്ചു തന്നെ നടന്നു. ശരീര ഭാഗങ്ങള്‍ ഒട്ടും വെളിയില്‍ കാണാത്ത കറുത്ത കോട്ടിട്ട പ്രേതങ്ങള്‍ മാത്രം എവിടെയും. എല്ലായിടത്തും ഹീറ്ററുകള്‍. ജോലിക്കിടയില്‍ കുറച്ചു നേരം ചൂട് കൊള്ളും, പിന്നെ ജോലി, വീണ്ടും ഹീറ്ററിനരികില്‍ ... എല്ലാവരുടെയും ചുണ്ടില്‍ എരിയുന്ന സിഗാര്‍ ...

എല്ലാവരും കാലാവസ്ഥയെ കുറിച്ച് മാത്രം സംസാരിക്കുന്നു. ഇന്ന് ടെംപറെചര്‍ - 25 ഡിഗ്രീ . ഓഫീസില്‍ചെന്നപ്പോഴേ ചൂടുള്ള ചായ, ടേബിളില്‍ വിവിധയിനം മദ്യങ്ങള്‍ ...എനിക്കും ഒരെണ്ണം അടിക്കണം എന്നുണ്ട്, പക്ഷെ ഡ്യൂട്ടി സമയം .. സുഹൃത്ത്‌ ആണെങ്കിലും ബഷീര്‍, മുതലാളി കൂടി ആണല്ലോ. കച്ചവടം ഉറപ്പിച്ച് ഇറങ്ങിയപ്പോള്‍ മറ്റൊരു കച്ചവടക്കാരന്‍ ഫോണ്‍ ചെയ്തു, അദേഹം വണ്ടിയുമായി വരാം എന്ന് പറഞ്ഞു. സ്റ്റാസ് പറഞ്ഞ സമയത്ത് തന്നെ എത്തി, വാഹനത്തില്‍ കയറ്റി, സോഫിസ്ക്യയില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ അകലെ ഉള്ള മറ്റൊരു മാര്‍ക്കറ്റില്‍ ആണ് അദേഹം ഞങ്ങളെ കൊണ്ട് പോയത്. സ്റ്റാസ് നന്നായി ഇംഗ്ലീഷ് സംസാരിക്കും, യാത്രയിലുടനീളം കാലാവസ്ഥയെക്കുറിച്ചും സെ. പീറ്റേര്‍സ് ബാര്‍ഗിനെക്കുറിച്ചും സംസാരിച്ചു. നാളെ വീണ്ടും തണുപ്പ് കൂടും എന്നാണു സ്റ്റാസ് പറയുന്നത്. നെവ നദിക്കു കുറുകെ കടന്നപ്പോള്‍ പുഴ മുഴുവന്‍ ഐസ് ആയി കിടക്കുന്നു. . പോയ വഴിയില്‍ കണ്ട കാഴ്ച റോഡരുകില്‍ നിര്‍ത്തി ഇട്ടിരുന്ന പല വാഹനങ്ങളും ഐസ് മൂടി കിടക്കുന്നു. ഇനി മഞ്ഞു കാലം മാറിയിട്ട് മാത്രമേ ആ വാഹനങ്ങള്‍ ഉപയോഗിക്കുകയുള്ളൂ എന്ന് സ്ടാസ്‌ പറഞ്ഞു. ഓഫീസുകളില്‍ ഹീറ്റര്‍ ഉള്ളതിനാല്‍ തണുപ്പ് സഹിക്കാം. എല്ലാ ഓഫീസുകളിലും ചെല്ലുമ്പോള്‍ നമ്മുടെ കോട്ട് തൂക്കിയിടുവാന്‍ ഉള്ള സൌകര്യം ഉണ്ട്. അതിനായി റിസപ് ഷനിസ്റ്റ്‌ നമ്മളെ സഹായിക്കും. ചായക്ക് പകരം അവര്‍ ഞങ്ങള്‍ക്ക് ഓഫര്‍ ചെയ്തത് വോഡ്ക ആണ്. വീണ്ടും ബഷീര്‍ ഒരു പാരയായി എന്റെ അടുത്തു, അതിനാല്‍ നന്ദി പറഞ്ഞു, ചായ കുടിച്ചു. റഷ്യക്കാരും ചായ എന്ന് തന്നെ ആണ് ഉച്ചരിക്കുന്നത്. സ്റ്റാസിന്റെ ഓഫീസിലെ മീറ്റിംഗ് കഴിഞ്ഞു, വീണ്ടും ഞങ്ങളെ സോഫിസ്ക്യായില്‍ തിരികെ എത്തിച്ചു. സ്ടാസ്‌ ജോലിക്കിടയില്‍ പഠനവും നടത്തുന്നു. മോസ്കോയില്‍ കാലാവസ്ഥ -30 ആയ കാര്യം സ്ടാസ്‌ ആണ് പറഞ്ഞത്. സെ. പീറ്റേര്‍സ് ബര്‍ഗില്‍ -26 ഡിഗ്രിയും .ഉസദര്‍ ഇന്ന് രാത്രിയില്‍ ഞങ്ങളെ ഡിന്നറിനു ക്ഷണിച്ചിട്ടുണ്ട്. തണുപ്പ് കൂടുതലായതിനാല്‍ ബഷീര്‍ പറഞ്ഞു " നമുക്ക് മോസ്കോ യാത്ര വേണ്ട എന്ന് വെയ്ക്കാം " . ഞങ്ങള്‍ വെള്ളിയാഴ്ച തന്നെ ഉക്രൈനിന് പുറപ്പെടുവാനുള്ള ടിക്കെറ്റ് ബുക്ക്‌ ചെയ്തു.
രാത്രിയില്‍ ഉസ്ദാറിനൊപ്പം ഡിന്നര്‍ ... പോയ വഴി അദ്ധേഹത്തിന്‍റെ ഒരു സുഹൃത്തിനെയും കൂട്ടി. വീഥികളില്‍ വാഹനങ്ങള്‍ ഇല്ല. ജനങ്ങളും. തണുപ്പ് അത്രമേല്‍ കൂടിയിരിക്കുന്നു. എവിടെയും ചെറിയ ഐസ് കൂമ്പാരങ്ങള്‍ മാത്രം. വളരെ വിശാലമായ ഒരു കെട്ടിടത്തില്‍ ആണ് ഉസ്ദാര്‍ ഞങ്ങളെ കൊണ്ട് പോയത്. വലിയ ഒരു ഹാള്‍.. അനേകം ഡൈനിങ്ങ്‌ ടേബിളുകള്‍ , പക്ഷെ അമ്പതോ അറുപതോ ആളുകള്‍ മാത്രം. മനോഹരമായി വസ്ത്രം ധരിച്ചവര്‍ .. തങ്ങളുടെ ജാക്കറ്റുകളില്‍ നിന്നും കോട്ടുകളില്‍ നിന്നും മോചനം നേടി, ഹാളിന്‍റെ മുന്നിലുള്ള ഡാന്‍സ് ഫ്ലോറിലേക്ക് എല്ലാവരും എത്തുന്നു. ഡാന്‍സ്‌ കാണുവാന്‍ കഴിയുന്ന തരത്തില്‍ ഒരു ടേബിളില്‍ ഞങ്ങള്‍ ഇരുന്നു. തണുപ്പ് ആണെങ്കിലും ഉസ്ദാര്‍ ബിയര്‍ ആണ് ഓര്‍ഡര്‍ ചെയ്തത്. ബിയര്‍ നുരയുമ്പോള്‍ പച്ച മത്സ്യവും പച്ച മാംസവും മേശമേല്‍ നിരന്നു. സലാഡുകള്‍ തന്നെ അനവധി, ഇതെല്ലാം എങ്ങനെ കഴിച്ചു തീര്‍ക്കും നാലുപേര്‍ എന്ന് ഞാന്‍ വിചാരിച്ചുവെങ്കിലും റഷ്യക്കാര്‍ തീറ്റയില്‍ ഒട്ടും മോശം അല്ല. പ്രധാന ഡിഷുകള്‍ വീണ്ടും വന്നു. ഡാന്‍സ്‌ ഫ്ലോറില്‍ റഷ്യന്‍ സുന്ദരന്മാരും സുന്ദരികളും തിമിര്‍ത്തു ആടുന്നു, റഷ്യന്‍ സംഗീതം കര്‍ണ്ണാനന്ദകരം . ഭക്ഷണം കഴിഞ്ഞു വാഹനത്തിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ ആണ് കണ്ടത് ഐസ് വീണ് വാഹനത്തിന്റെ മുകളില്‍ നിറഞ്ഞിരിക്കുന്നു. ഉസ്ദാര്‍ തന്നെ ഐസ് നീക്കി, ഞങ്ങളെ രാത്രിയില്‍ ഹോട്ടലില്‍ എത്തിച്ചു.
ഫ്രഷ്‌ ആയി കിടക്കയിലേക്ക് വീണപ്പോള്‍ അടുത്ത മുറിയില്‍ നിന്നും രതിയുടെ സീല്‍ക്കാരങ്ങള്‍ കേള്‍ക്കാം , ഒരു താരാട്ട് പോലെ ആ ശബ്ദം ഞങ്ങളെ നിദ്രയിലാഴ്ത്തി.


വെള്ളിയാഴ്ച രാവിലെ തന്നെ ഞം ഞം കഴിച്ചു, ടാക്സിയില്‍ നെവ നദിക്കരികില്‍ പ്രധാന സിറ്റിയിലുള്ള ഒരു കമ്പനിയില്‍ പോകുവാന്‍ തീരുമാനിച്ചു. വൈകുന്നേരം 5.35 നു ആണ് ഉക്രൈനിലെക്കുള്ള ഫ്ലൈറ്റ്. മൂന്നു മണിയോട് കൂടി ചെക്ക്‌-ഇന്‍ ചെയ്യണം. റൂം ചെക്ക്-ഔട്ട്‌ ചെയ്തു, ലഗേജു ഹോട്ടലില്‍ തന്നെ സൂക്ഷിക്കാന്‍ ഏല്പിചിട്ടാണ് യാത്ര. ഇന്നത്തെ യാത്രയില്‍ രാവിലെ പത്തു മണിക്ക് നെവയില്‍ ഒരു മീറ്റിംഗ്, പിന്നെ ബഷീറിന് ജുമാ നമ്സകരിക്കണം. എന്തായാലും പതിനൊന്നു മണിയോട് കൂടി ഞങ്ങളുടെ മീറ്റിംഗ് കഴിഞ്ഞു. വീണ്ടും ടാക്സിയില്‍ ഗോര്‍ഗിസ്ക്യോവ എന്ന സ്ഥലത്തേക്ക്. ഗോര്‍ഗിസ്കൊയോവ എന്ന സ്ഥലത്താണ് സെ. പീറ്റേര്‍സ് ബര്‍ഗിലെ ഏക മോസ്ക് സ്ഥിതി ചെയ്യുന്നത് . സെ. പീറ്റേര്‍സ് ബര്‍ഗിലെ എല്ലാ മുസ്ലീംങ്ങളും ജുമാ നമസകാരത്തിനു വരുന്നത് അവിടെ ആണ്. പക്ഷെ ഞങ്ങള്‍ സംസാരിച്ച മുസ്ലീം സുഹൃത്തുക്കള്‍ ഒന്നും ജുമാ നിസ്കരിക്കാന്‍ പോകുന്നവര്‍ അല്ല, അവര്‍ പറഞ്ഞു, അള്ളാഹു ഓരോരുത്തരുടെയും മനസ്സില്‍ ആണ്, പക്ഷെ ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ ഖുറാന്‍ പഠിപ്പിക്കാന്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ ജുമാ നിസ്കാരത്തിനു വളരെ നേരത്തെ തന്നെ അവിടെ എത്തി. വളരെ പഴയ മോസ്ക്ക് ആണത്. 1913 ല്‍ ആണ് ഇവിടെ ഈ മോസ്ക് പണിതത്. ഇപ്പോള്‍ നൂറു വര്‍ഷം ആകുന്നു. 5000 പേര്‍ക്ക് നിസ്കരിക്കാന്‍ സൌകര്യം ഉണ്ട് ഈ മോസ്കില്‍.
പന്ത്രണ്ടു മണി ആയി. ബഷീര്‍ പറഞ്ഞു " പന്ത്രണ്ടരക്ക് ജുമാ, അത് കഴിയുമ്പോള്‍ ടാക്സിയില്‍ ഹോട്ടലില്‍ ചെന്ന് ലഗേജും എടുത്തു എയര്‍ പോര്‍ട്ടിലേക്ക് " ...എല്ലാം ഞങ്ങള്‍ പ്ലാന്‍ ചെയ്തു.
ബഷീര്‍ ജുമാ നമസ്കാരത്തിനായി മോസ്കിലേക്ക് പോയി. പക്ഷെ എനിക്ക് പുറത്തു നില്‍ക്കാന്‍ കഴിയില്ല. എല്ലായിടത്തും ഐസ് കൂമ്പാരങ്ങള്‍ മാത്രം. അപ്പോഴാണ്‌ അടുത്തു കണ്ട ഹലാല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലേക്ക് കയറിയത്. അവിടെ അടുത്തെങ്ങും മറ്റൊരു കടയോ ഒന്നും കാണുന്നില്ല. അവിടെ ഹലാല്‍ മാംസം കച്ചവടം ചെയ്യുന്ന ഒരു മുസ്ലീം കട ആണ്. നിസ്കരിക്കാന്‍ വന്നവരും നിസ്കരിച്ചു കഴിഞ്ഞവരും അവിടെ വന്നു സാധനങ്ങള്‍ വാങ്ങിച്ചു പോകുന്നു. കടയ്ക്കകത്ത് മൂന്നു നാല് മുസ്ലീം യുവതികള്‍ ആണ് കച്ചവടം നടത്തുന്നത്. നിസ്കാരം കഴിഞ്ഞു ഇപ്പോള്‍ വരും എന്ന് കരുതി ഞാന്‍ ബഷീറിനെ നോക്കുന്നു. ഒരു മണി ആയിട്ടും കാണുന്നില്ല, ഞാന്‍ എസ് എം എസ് അയച്ചു, മറുപടി ഇല്ല. ഫോണ്‍ ഓഫ്‌ ആണ്. എന്‍റെ മനസ് മുഴുവന്‍ എയര്‍പോര്‍ട്ട്, എനിക്ക് ആരോടും സംസാരിക്കാനും കഴിയുന്നില്ല, തണുപ്പ് അസഹ്യവും. ടാക്സി വിളിക്കുകയാണെങ്കില്‍ പോലും ടാക്സി വരാന്‍ കുറഞ്ഞത് 10 മിനിറ്റെങ്കിലും എടുക്കും. ഒന്നര കഴിഞ്ഞപ്പോള്‍ ബഷീര്‍ വന്നു. ഞാന്‍ വളരെ സന്തോഷത്തെ പോകാനുള്ള ശ്രമം നടത്തി, ടാക്സി വിളിക്കണം. പെട്ടെന്ന് ബഷീര്‍ പറഞ്ഞു, ജുമാ ഇവിടെ ലേറ്റ് ആണ്, 1.50 നു ആണ്, പോയിട്ട് കൃത്യം രണ്ടു മണിയോടെ വരാം, ഒരു മണിക്കൂര്‍ മതിയാകും എയര്‍ പോര്‍ട്ടില്‍ പോകാന്‍. എന്തായാലും ഒരു ടാക്സി അന്വേഷിക്കാന്‍ പറഞ്ഞു. ഏകദേശം രണ്ടു മണിക്കൂര്‍ ആ കടയില്‍ ഒരു പ്രതിമ പോലെ നിന്നത് കൊണ്ടാകും ( കടക്കു പുറത്തു നിന്നിരുന്നേല്‍ പ്രതിമ ആകുവാന്‍ അധികം സമയം വേണ്ടി വരുമായിരുന്നില്ല.അത്രയ്ക്കാണ് തണുപ്പ്.യുവതികള്‍ എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങി. ഒടുവില്‍ ടാക്സി വിളിക്കുന്ന കാര്യം ഞാന്‍ ഇംഗ്ലീഷില്‍ പറഞ്ഞത് അവര്‍ക്ക് റഷ്യന്‍ ഭാഷയില്‍ മനസിലായി. അവര്‍ അകത്ത് പോയി ഒരു മനുഷ്യനെ കൂട്ടിക്കൊണ്ടു വന്നു. അദേഹം മൊറോക്കോകാരന്‍ ആണ്. കുറച്ചു ഇംഗ്ലീഷ് തട്ടി മുട്ടി പറയും. അയാള്‍ പറഞ്ഞു, ഈ യുവതിയുടെ ഭര്‍ത്താവിന് ജോലി ഇല്ല, വണ്ടി ഉണ്ട്, ഞങ്ങളെ എയര്‍പോര്‍ട്ടില്‍ കൊണ്ടു വിടും . അഞ്ചു മിനിട്ടിനകം ഒരു വയസ്സന്‍ വണ്ടിയുമായി പുറത്തു വന്നു. ഒരു മണിക്കൂര്‍ മിനിമം വേണം എയര്‍ പോര്‍ട്ടില്‍ എത്താന്‍, നാലായിരം റൂബിള്‍ ആണ് അദേഹം ചോദിച്ചത്. അത് വളരെ കൂടുതല്‍ ആണെന്ന് തോന്നി. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി. ബഷീര്‍ ഇപ്പോള്‍ വരുമല്ലോ, ഇനി കടയ്ക്കകത്ത് കയറാനും പറ്റില്ല. ഞാന്‍ പുറത്തു തന്നെ നിന്നു. പള്ളിയില്‍ നിന്ന് വളരെയധികം ആളുകള്‍ പുറത്തേക്ക്. ഞാന്‍ എല്ലാവരോടും സംസാരിക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ കുറച്ചു ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ കിട്ടി, ഒരു ടുണീഷ്യ കാരന്‍. ഞാന്‍ അയാളോട് കാര്യം പറഞ്ഞു. അദേഹം പറഞ്ഞു, ടാക്സിയില്‍ പോയാല്‍ അവിടെ സമയത്ത് എത്തില്ല, ഒരൊറ്റ മാര്‍ഗം, അണ്ടര്‍ ഗ്രൌണ്ട് മെട്രോയില്‍ പോവുക. മെട്രോ എവിടെ എന്നോ, എങ്ങനെ പോകുമോ എന്നൊന്നും അറിയില്ല, 2.15 ആയി, ഞാന്‍ വീണ്ടും ബഷീറിന് വേണ്ടി കണ്ണുകള്‍ ഉഴിയുന്നു. മനസ്സില്‍ തണുപ്പും വെറുപ്പും ഒന്നിച്ചു പ്രഷാളണം നടക്കുന്നു. ഉദ്ദേശം രണ്ടരയോടെ ബഷീര്‍ എത്തി, പള്ളിയില്‍ നിന്ന് ഇറങ്ങാന്‍ കഴിയാതെ പെട്ടുപോയതാണ്. ഞാന്‍ തൂണ് പോലെ ആയി. അസ്ഥിയും മാംസവും രക്തവും എല്ലാം കട്ടയായത് പോലെ. എന്തായാലും ബഷീര്‍ ടുണീഷ്യ ക്കരനുമായി സംസാരിച്ചു. വിശദമായി കാര്യങ്ങള്‍ പറഞ്ഞു. എന്തായാലും അദേഹത്തിന്റെ കൂടെ നടക്കാന്‍ കല്പിച്ചു. ഐസില്‍ സ്ലിപ്പ്‌ ആകുന്ന പ്രതലം, എങ്കിലും ഓടുകയായിരുന്നു, ഒരു വിധത്തില്‍ റോഡു മുറിച്ചു കടന്നു മെട്രോ സ്റ്റേഷനില്‍ എത്തി. പെട്ടെന്ന് തന്നെ ടിക്കറ്റ്‌ എടുത്തു, ഇനി അണ്ടര്‍ ഗ്രൌണ്ടിലേക്ക് പോകണം, അതിനായി എലെവേറ്ററില്‍ കയറി. അതെ , എലെവേറ്റര്‍ താഴേക്കു പോയിക്കൊണ്ടിരിക്കുന്നു, പെട്ടെന്ന് അകാരണമായ ഭീതി മനസിലേക്ക് വന്നു. എലെവേറ്റര്‍ യാതൊരു അവസാനവും ഇല്ലാതെ താഴേക്ക്‌ പോകുന്നു, പാതാളത്തില്‍ മഹാബലിയെ ചവിട്ടി താഴ്ത്തിയത് ചെറിയ ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്...ഓണക്കാലത്ത് വീണ്ടും വീണ്ടും അതൊക്കെ ഓര്‍മിക്കുകയും ചെയുന്നു, ഒരു അവസാനവും ഇല്ലാതെ എലെവേറ്റര്‍ ഇതാ താഴേക്കു പോകുന്നു. ഇനി ഇതായിരിക്കുമോ അണ്ടര്‍ഗ്രൌണ്ട് ട്രെയിന്‍ എന്ന് പറയുന്നത് . ഈ എലെവേറ്ററില്‍ കൂടി ആണോ അടുത്ത സ്റ്റേഷനില്‍ ചെല്ലുന്നത്. ഭയം വിട്ടു മാറിയിട്ടില്ല. ക്യാമറ എടുത്തില്ല , അല്ലെങ്കില്‍ ഫോട്ടോ എടുക്കാമായിരുന്നു. ഞങ്ങള്‍ ഇറങ്ങുന്നതിനു സമാന്തരമായി മറ്റൊരു എലെവേറ്ററില്‍ പാതാളത്തില്‍ നിന്നും ആളുകള്‍ വരുന്നുണ്ട്. അവരും ഞങ്ങളെ പോലെ കറുത്ത പ്രേതങ്ങള്‍ ആണ്. എല്ലാവരും കറുത്ത കോട്ടുകള്‍ ആണ് ധരിച്ചിരിക്കുന്നത്‌, കണ്ണും മുഖവും ഒഴിച്ച് ബാക്കി എല്ലാം തുണികള്‍ കൊണ്ട് മൂടിയിരിക്കുന്നു. ഏതാനും ചില സ്ത്രീകള്‍ ഒഴികെ മിക്കവരും കറുത്ത കുപ്പായങ്ങള്‍ ആണ് ധരിച്ചിരിക്കുന്നത്‌. കറുത്ത പ്രേതങ്ങള്‍ ആണ് എവിടെ നോക്കിയാലും.
പീറ്റേര്‍സ് ബര്‍ഗില്‍ ആണ്. ഏകദേശം നൂറു മീറ്റര്‍ ആഴമുള്ള റെയില്‍വേ. വിശ്വസിക്കാന്‍ പ്രയാസം.. 126 മീറ്റര്‍ ആഴമുള്ള എലെവേറ്റര്‍ ഭൂമിക്കടിയിലേക്ക് നമ്മളെ കൊണ്ട് പോകുന്നു. വല്ലാത്തൊരു ഭീതി തോന്നിയ നിമിഷങ്ങള്‍, ഏകദേശം ഏഴു മിനിട്ട് നേരം എലെവേറ്ററില്‍ ഭൂമിക്കടിയിലേക്ക്. വിസ്മയം സൃഷ്ടിച്ച ഈ റയില്‍വേ, യാത്രക്കാര്‍ക്ക് വലിയ അനുഗ്രഹം ആണ്. ഈ റെയില്‍വേയില്‍ എത്ര ദൂരം യാത്ര ചെയ്യണമെങ്കിലും ഇരുപതു റൂബിള്‍ മാത്രം മതി. റഷ്യയില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് വളരെ ചെലവ് കുറഞ്ഞതാണ്. എലെവേറ്ററില്‍ നിന്നിറങ്ങി മെയിന്‍ ഗേറ്റ് കടന്നപ്പോള്‍ അവിടെ റെയില്‍പാത. അതി മനോഹരമായ വൃത്തിയും വെടിപ്പും ഉള്ള സ്റ്റേഷന്‍. എഴുപതു കൊല്ലം മുന്‍പ് ഇത്ര മനോഹരമായി ഈ അണ്ടര്‍ ഗ്രൌണ്ട് സ്റ്റേഷന്‍ നിര്‍മ്മിച്ച ഭരണാധികാരികളെയും അതിന്റെ എഞ്ചിനിയറിംഗ് വൈദഗ്ധ്യത്തെയും പ്രകീര്‍ത്തിക്കാതെ വയ്യ. ഇതൊക്കെ കാണുമ്പോള്‍ ഇതിലും അനേകം മടങ്ങ്‌ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന നമ്മുടെ നാട്ടിലെ കൊടുകാര്യസ്ഥമുതല്‍കൂട്ടായ ഭരണവര്‍ഗത്തെ ആരും ശപിച്ചു പോകും.
ടുണീഷ്യക്കാരന്‍ ഞങ്ങളോടൊപ്പം ട്രെയിനില്‍ വന്നു, അടുത്ത സ്റേഷനില്‍ ചെല്ലുമ്പോള്‍ ട്രെയിന്‍ മാറി കയറണം, അതിനും അദേഹം ഞങ്ങളെ സഹായിച്ചു എന്നുമാത്രമല്ല , ട്രെയിനില്‍ നിന്നിറങ്ങി ഞങ്ങള്‍ക്കൊപ്പം വന്നു ടാക്സികാരനോട് റഷ്യന്‍ ഭാക്ഷയില്‍ സംസാരിച്ചു, ഞങ്ങള്‍ക്ക് വിമാനത്താവളത്തില്‍ പോകണമെന്നും പോകുന്ന വഴിക്ക് ഹോട്ടലില്‍ പോയി ബാഗേജു എടുക്കണമെന്നും പറഞ്ഞു. ആയിരം റൂബിള്‍ വാടകയും പറഞ്ഞു. ഞങ്ങള്‍ ഹോട്ടലില്‍ ചെന്ന് ബാഗേജ് എടുത്തു, എയര്‍ പോര്‍ട്ടിലേക്ക് യാത്രയായി.
സെ. പീറ്റേര്‍സ് ബര്‍ഗില്‍ രണ്ടു വിമാനത്താവളമാണ് ഉള്ളത്, പുലിക്കോവ 1 , പുലിക്കോവ 2 എന്ന പേരുകളില്‍ ആണ് ഇവ അറിയപ്പെടുന്നത്. ഞങ്ങള്‍ക്ക് പോകേണ്ടത് പുലിക്കോവ രണ്ടില്‍ ആണ്, അത് ഞങ്ങള്‍ ടാക്സികാരനോട് പറയുകയും ചെയ്തു. പക്ഷെ പോകുന്ന വഴിക്ക് ഡ്രൈവര്‍ ആരെയൊക്കെയോ വിളിച്ചു സംസാരിച്ചു, എന്നിട്ട് പറഞ്ഞു ഉക്രൈന്‍ വിമാനം പുറപ്പെടുന്നത് പുലിക്കോവ ഒന്നില്‍ നിന്നാണ് എന്ന്. ഒടുവില്‍ ഡ്രൈവര്‍ ഞങ്ങളെ പുലിക്കോവ ഒന്നില്‍ കൊണ്ട് പോയി വിട്ടു, പക്ഷെ ബഷീറിനെ കാറിനടുത്ത് നിര്‍ത്തി ഞാന്‍ പോയി സംശയനിവാരണം നടത്തി. അല്ല, ഡ്രൈവര്‍ പറഞ്ഞത് തെറ്റാണ്, ഞങ്ങള്‍ക്ക് പോകേണ്ടത് പുലിക്കോവ രണ്ടില്‍ നിന്ന് തന്നെ. ടാക്സിക്കാരന്റെ മുഖത്ത് അതൃപ്തി. ഇപ്പോള്‍ സമയം നാലു മണി കഴിഞ്ഞിരിക്കുന്നു. വിമാനം പോകാന്‍ ഇനി ഒന്നൊര മണിക്കൂര്‍ മാത്രം. സമയത്തിനു എത്തി എന്നൊരാശ്വാസം . പക്ഷെ അധികനേരം നീണ്ടു നിന്നില്ല. പുലിക്കോവ രണ്ടില്‍ പോയി, അവിടെ കണ്ട കാഴ്ച ഞങ്ങളെ വല്ലാതെ നിരാശപ്പെടുത്തി.



വിമാനത്താവളത്തിലേക്ക് കയറാന്‍ ഒരു മാര്‍ഗവും ഇല്ല. തണുത്തു വിറച്ചു ഒരു വലിയ ക്യു വിമാനത്താവളത്തിനു പുറത്ത് . ഈ ക്യു വിമാനത്താവളത്തിനു അകത്ത് കടക്കണം എങ്കില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ എടുക്കും. അപ്പോഴേക്കും വിമാനം പോയിരിക്കും. എന്തായാലും ഞാന്‍ ഇടിച്ചു കയറാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ ഉച്ചത്തില്‍ പറയുന്നു, ഞങ്ങളുടെ വിമാനം ഇപ്പോള്‍ പോകും, കൌണ്ടര്‍ ക്ലോസ് ചെയ്യും എന്നൊക്കെ, ആരു കേള്‍ക്കാന്‍, ഒടുവില്‍ ഞാന്‍ ഗേറ്റില്‍ ഇടിച്ചു കയറി. അകത്തു വലിയ ഒരു ജനക്കൂട്ടം ലഗേജുമായി. പുറത്തു കണ്ടതിലും വലിയ ജനക്കൂട്ടം അകത്ത്. അവിടെ സെക്യൂരിറ്റി ചെക്കിംഗ്. ഒരു വിധത്തില്‍ ക്യു വില്‍ നിന്ന് മുന്നോട്ടു, മുന്‍പില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി. ഞാന്‍ അവളോടും എന്‍റെ ദുര്യോഗം പറഞ്ഞു, അവള്‍ പറഞ്ഞു, എന്‍റെ വിമാനത്തിനും അഞ്ചു മിനിറ്റ് മുന്‍പേ പോകേണ്ട ബ്രിട്ടീഷ്‌ എയര്‍ വെയ്സ് വിമാനത്തില്‍ ആണ് അവള്‍ക്കു പോകേണ്ടത്, എങ്കിലും അവള്‍ എന്നെ കടത്തി വിട്ടു. ആദ്യ സെക്യുരിറ്റി കടമ്പ കടന്നു, ബഷീര്‍ ഇപ്പോള്‍ വിമാനത്താവളത്തിലേക്ക് കയറി . ഞാന്‍ അടുത്ത സെക്യുരിറ്റി കടമ്പയിലേക്ക്, ബഷീര്‍ ഇപ്പോഴും ആദ്യ സെക്യൂരിറ്റിയില്‍ എത്തിയിട്ടില്ല.. ലൈനില്‍ എന്‍റെ ബാഗേജു വച്ച് ഞാന്‍ മുന്നോട്ടു പോയി. അവിടെ കണ്ട സെക്യുരിറ്റികാരനോടും യാത്രക്കാരോടും എന്‍റെ ടിക്കറ്റ്‌ കാണിച്ചു സംസാരിക്കുന്നു. ലണ്ടനില്‍ നിന്നും വന്ന ഒരു ടൂറിസ്റ്റ്‌ ഗ്രൂപ്പ് ആണ് എനിക്ക് മുന്നില്‍ ഇനി. സെക്യുരിറ്റിക്കാരുടെ മുഖത്ത് അനുകൂലമായ മനോഭാവം. ഒന്ന് രണ്ടു ബ്രിട്ടീഷ്‌ അമ്മച്ചിമാരോടും ഞാന്‍ പറഞ്ഞു, അവരും എന്‍റെ വെപ്രാളം കണ്ടു എന്നെ കേറ്റിവിടാം എന്ന് പറയുന്നു. അതിനിടയില്‍ ഞാന്‍ പോയി എന്‍റെ ലഗേജു മുന്നിലേക്ക്‌കൊണ്ടു വന്നു. ബ്രിട്ടീഷ്‌ സംഘത്തിന്റെ നേതാവ് എന്ന് പറയുന്ന സ്ത്രീ എന്നെ ഒരു കാരണവശ്ശാലും അകത്ത് വിടില്ല, അവരുടെ ലഗേജു ട്രോളി കൊണ്ട് അവര്‍ എന്നെ തടുക്കുന്നു. ആ ഗ്രൂപ്പില്‍ ഏകദേശം ഇരുപതോളം പേരുണ്ട്. ബ്രിട്ടീഷ്‌ സംഘം അകത്ത് കയറി ..പിന്നെ ഉണ്ടായ കൂട്ടപ്പൊരിച്ചിലില്‍ ഞാനും അകത്ത് കയറി. ഉടനെ ഞാന്‍ ചെക്ക്-ഇന്‍ കൌണ്ടറിലേക്ക് ഓടി. കൌണ്ടര്‍ അടച്ചിട്ടില്ല, ഞാന്‍ ടിക്കറ്റ്‌, പാസ്പോര്‍ട്ട് കൊടുത്തു , ഇപ്പോള്‍ സമയം അഞ്ചു പത്തു. ഞാന്‍ അവരോടു പറയുന്നു, എന്‍റെ കൂടെ മറ്റൊരു പാസഞ്ചര്‍ കൂടെ ഉണ്ട്, ഉടനെ അവര്‍ക്ക് ബഷീറിന്റെ പാസ്പോര്‍ട്ട് വേണം. ഞാന്‍ വീണ്ടും സെക്യുരിറ്റി ചെക്കിലേക്ക് ചെന്നു . ബഷീര്‍ ഇപ്പോള്‍ രണ്ടാമത്തെ സെക്യുരിറ്റി ചെക്കില്‍ എത്തിയതെ ഉള്ളു, എനിക്കിനി അപ്പുറം കടക്കാന്‍ പറ്റില്ല. ബഷീര്‍ മുന്നോട്ടു വന്നു, ഞാന്‍ കാര്യം പറഞ്ഞു. പാസ്പോര്‍ട്ട് വാങ്ങി , കൌണ്ടറില്‍ പോയി ചെക്ക് ഇന്‍ ചെയ്തു. ബഷീറും രണ്ടാം സെക്യുരിറ്റി കഴിഞ്ഞു. ഇനി മറ്റൊരു സെക്യുരിറ്റി, അതും കഴിഞ്ഞു .. തയ്യാറായി നില്‍ക്കുന്ന ബസ്സില്‍ ...

ഇതിനിടയില്‍ ക്യുവില്‍ ഉച്ചത്തില്‍ ഫോണില്‍ മലയാളം സംസാരിക്കുന്ന രണ്ടു പേര്‍ ... പക്ഷെ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല, രണ്ടു യുവാക്കള്‍ ആണ്. അതേ വിമാനത്തിലെക്കുള്ള ബസ്സില്‍ വീണ്ടും ഈ മലയാളി യുവാക്കള്‍ ... അവര്‍ ഇപ്പോഴും ഫോണില്‍ ആണ്, ക്യു വിശേഷങ്ങള്‍ ഉച്ചത്തില്‍ തന്നെ കൂട്ടുകാര്‍ക്ക് പറഞ്ഞു കൊടുക്കുന്നു. റഷ്യയില്‍, ആദ്യമായി മലയാളം കേള്‍ക്കുന്നു. ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും മലയാളി ഉണ്ടാവും എന്നതിന് ഇതാ വീണ്ടും ഒരു തെളിവ്.

വിമാനത്തില്‍ കയറി, വാച്ചില്‍ നോക്കി, അഞ്ചു നാല്പത് . ഞങ്ങള്‍ക്ക് ഉക്രൈനില്‍ ഒഡീസ എയര്‍ പോര്ട്ടിലെക്കാന് പോകേണ്ടത്. സെ.പീറ്റേര്‍സ് ബര്‍ഗില്‍ നിന്ന് കീവ്.. കീവില്‍ നിന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞു ഒഡീസയിലേക്ക്‌. വിമാനത്തില്‍ ഞങ്ങളുടെ സീറ്റിനു പിന്നിലായി മലയാളികള്‍ ക്ക് ഇരിപ്പിടം കിട്ടി. വിമാനം പത്തു മിനുട്ട് താമസിച്ചു, 5.45 നു ടേക്ക് -ഓഫ്‌ ചെയ്തു.
ഞാന്‍ മലയാളികളും ആയി സംസാരിച്ചു, രണ്ടു പേരും കോട്ടയം സ്വദേശികള്‍, ഒരാള്‍ നേഴ്സ് ആണ്, പക്ഷെ ജോലി രണ്ടുപേര്‍ക്കും ഒന്ന് തന്നെ, ഓട്ടോ മെക്കാനിക്ക്‌. തണുപ്പ് കാലം ആയാല്‍ വണ്ടിപ്പണി കുറവാണ് റഷ്യക്കാര്‍ക്ക് ഇന്ത്യന്‍ ഓട്ടോ മെക്കാനിക്കുകളെ ആണ് കൂടുതല്‍ ഇഷ്ടം എന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ പണി കുറവായതിനാല്‍ വീടുകളുടെ മുകളിലുള്ള ഐസ് കുത്തിക്കളയണം, റോഡിലെ ഐസ് നീക്കം ചെയ്യണം . രാവിലെ എഴുന്നേറ്റാല്‍ കാപ്പിക്ക് പകരം വോഡ്ക, പിന്നെ ഒരു കുപ്പി വോഡ്ക ജാക്കറ്റിനടിയില്‍ തിരുകണം, തണുപ്പില്‍ നിന്ന് രക്ഷപെടാന്‍. പക്ഷെ തണുപ്പ് ഒരിക്കലും സഹിക്കാന്‍ കഴിയില്ല, അതില്‍ നിന്ന് രക്ഷപ്പെടണം പോലും . പക്ഷെ തണുപ്പില്ലാത്ത സമയത്ത് അവര്‍ വലിയ സന്തോഷവാന്മാര്‍ ആണ് എന്നും പറഞ്ഞു. റഷ്യന്‍ സുന്ദരികളെ കുറിച്ചൊക്കെ അവര്‍ ആവശ്യത്തിലധികം വാചാലരാകുന്നുണ്ടായിരുന്നു. തുടക്കത്തില്‍ എന്നോട് പലതും പറയുവാന്‍ മടി കാണിച്ചിരുന്ന അവര്‍ അവരുടെ ജീവിതം പങ്കു വെയ്ക്കുവാന്‍ കാരണം, ഏറോ സ്വിഫ്റ്റ്‌ വിമാനത്തിലെ എയര്‍ ഹോസ്റ്റസ്മാര്‍ ഒഴിച്ച് കൊടുത്ത മദ്യം ആയിരുന്നിരിക്കണം. ബഷീറിന്റെ അടുത്തു നിന്ന് മാറി ഇരുന്നതിനാല്‍ ഞാനും മദ്യം കഴിച്ചു.
മരിയയെ വിളിക്കണം. ഉക്രൈനിലെക്ക് വരുന്ന കാര്യം പറഞ്ഞിരുന്നു, അവള്‍ ഹോട്ടല്‍ ബുക്ക്‌ ചെയ്യാം എന്നും പറഞ്ഞിരുന്നു. ഏതു ഹോട്ടല്‍ ആണ് എന്നൊന്നും അവള്‍ പറഞ്ഞില്ല, തിരക്കിനിടയില്‍ വിളിക്കാന്‍ വിട്ടു പോയി. ഇനി കീവില്‍ ചെന്ന് വിളിക്കാം. അവിടെ രണ്ടു മണിക്കൂര്‍ ട്രാന്‍സിറ്റ്‌ സമയം ഉണ്ടല്ലോ എന്ന് സമാധാനിച്ചു. വിമാനം കീവിലേക്ക് അടുക്കുകയായിരുന്നു.