Tuesday 1 December 2015

വിജയ വഴികള്‍ - ടെക്നോപാര്‍ക്ക് സ്മരണകള്‍

ഇക്കഴിഞ്ഞ ഷാര്‍ജ പുസ്തകോത്സവത്തില്‍ നിന്നാണ് കേരളത്തിലെ ടെക്കി വിപ്ലവത്തിന് തുടക്കം കുറിച്ച തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിന്റെ ശില്‍പി ജി വിജയരാഘവന്‍ എഴുതിയ - വിജയ വഴികള്‍ ; എന്‍റെ ടെക്നോപാര്‍ക്ക് സ്മരണകള്‍ വാങ്ങിക്കുവാന്‍ ഇടയായത്.
സര്‍ക്കാര്‍ തലത്തിലെ ഒരു ബ്രഹത് പദ്ധതി സര്‍ക്കാറിന്റെ ഒരു നൂലാമാലകളും, രാഷ്ട്രീയ ഇടപെടലുകളും ഇല്ലാതെ എങ്ങനെ നടപ്പില്‍ വരുത്താമെന്നും അത് വഴി ഒരു പുതു തൊഴില്‍ സംസ്കാരം തന്നെയും രൂപപ്പെടുത്തുകയും കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുവാനുള്ള ഒരു നവീനാശയത്തെ നിശ്ചിത സമയത്തിനകം എങ്ങനെ വിജയകരമായി പ്രാവര്‍ത്തീകമാക്കാമെന്നും മലയാളിക്ക് മുന്നില്‍ കാണിച്ചു തന്ന ഒരു ഉദ്യോഗസ്ഥനാണ് ജി വിജയ രാഘവന്‍. ദീര്‍ഘവീക്ഷണത്തോടെയും തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തോടെയും ഒരു പ്രസ്ഥാനത്തിന് അടിത്തറയിട്ടയതിന്റെ നാള്‍ വഴി വളരെ കൃത്യമായി വിശദീകരിക്കുകയാണ് ഈ പുസ്തത്തിലൂടെ.
കഴക്കൂട്ടത്ത് കാടുകയറികിടന്ന വൈദ്യന്‍കുന്നിനെ വ്യവസായ വിപ്ലത്തിലേക്ക് വഴിതെളിച്ച കഥയും , അതിന് പിന്നിലെ പരിശ്രമങ്ങളും വായനക്കാരന്റെ മുന്നിലെത്തിക്കുകയാണ് വിജയവഴികള്‍ എന്റെ ടെക്‌നോപാര്‍ക്ക് സ്‍മരണകള്‍. കേരളത്തിലെ യുവതയും സാമ്പത്തീക രംഗവും എന്നെന്നും കടപ്പെട്ടിരിക്കേണ്ടത് ഈ പദ്ധതി വിജയകരമായി പ്രാവര്‍ത്തീകമാക്കുവാന്‍ ഈ പദ്ധതിക്ക് പിന്നില്‍ യാതൊരു വിട്ടു വീഴ്ചക്കും വഴങ്ങാതെ അര്‍പ്പണബോധത്തോടെ, പ്രവര്‍ത്തിച്ച, അഴിമതിയെ തീണ്ടാപ്പാടകലെ നിര്‍ത്തിയ വിജയരാഘവനു പലപ്പോഴും മന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദങ്ങളെ എങ്ങനെ അതി ജീവിച്ചു എന്നും ഈ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു.
കംപ്യൂട്ടര്‍വത്കരണത്തെ അടിമുടി എതിര്‍ത്തിരുന്ന ഇ. കെ. നായനാരും ഗൌരിയമ്മയും കേരളത്തിലെ ഇലട്രോണിക്സ് വിപ്ലവത്തിന്‍റെ പിതാവായ ശ്രീ കെ പി പി നമ്പ്യാരുടെ ടെക്നോപാര്‍ക്ക് എന്ന ആശയത്തെ കേരളത്തിലെത്തിക്കുന്നതില്‍ വഹിച്ച പങ്കിനെയും തുടര്‍ന്ന് കേരളം ഭരിച്ച കെ. കരുണാകരന്‍, എ കെ ആന്റണി, വി എസ് അച്ചുതാനന്ദന്‍, വ്യവസായ മന്ത്രിമാരായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി, സുശീല ഗോപാലന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുന്നുണ്ട്. ഒരു വിപ്ലവ പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടും സാംബ്രാജിത്വ രാഷ്ട്രമായ അമേരിക്ക സന്ദര്‍ശിക്കുകയും സിലിക്കന്‍ വാലിയില്‍ പോയി അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കംപ്യുട്ടര്‍ വന്നാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞ പാര്‍ട്ടി ലൈനിന് മുകളില്‍ ജനപക്ഷത്തു നിന്ന ഇ.കെ. നായനാരുടെ ഉറച്ച തീരുമാനവും ശ്രീ കെ പി പി നമ്പ്യാരുടെ ദീര്‍ഘവീക്ഷണവും വിജയരാഘവന്‍റെ പ്രതിബദ്ധതയും കുഞ്ഞാലിക്കുട്ടിയുടെ സര്‍വാത്മ പിന്തുണയും ആണ് ടെക്നോപാര്‍ക്ക്.
രാഷ്ട്രീയ നേതാക്കളില്‍ ശ്രീ വി എസ് അച്യുതാനന്ദനെ മാത്രമാണ് ഈ പുസ്തകത്തില്‍ നിശിതമായി വിമര്‍ശിക്കുന്നത്. അദേഹത്തിന്റെ വാക്കുകള്‍ - "
ഇടതുപക്ഷത്തെ മുഖ്യപാര്‍ട്ടിയുടെ രണ്ടു പ്രബല നേതാക്കളാണ് ഇ.കെ.നായനാരും വി.എസ്.അച്ചുതാനന്ദനും. രണ്ടു പേരും പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്‍റെ തലവന്മാരും ദേശിയ തലത്തില്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയില്‍ അംഗംങ്ങളുമായിരുന്നു. ഇരുവരും പ്രതിപക്ഷ നേതാവായി നിയമസഭയിലും മുഖ്യമന്ത്രിയായി ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവരുമാണ്. എന്നിട്ടും വികസന കാര്യത്തില്‍ ഇരുവരുടെയും സമീപനങ്ങളില്‍ എങ്ങനെ ഇത്രമാത്രം അന്തരമുണ്ടായി എന്നത് ചിന്തിക്കേണ്ട വിഷയമാണ്. സമീപനങ്ങളിലെ ഈ വ്യത്യാസം പ്രത്യയശാസ്ത്രപരമോ സൈദ്ധാന്തികമോ അല്ല, വ്യക്തിപരമായ വീക്ഷണത്തിന്‍റെതാണ്. നായനാരുടെ സമീപനം എപ്പോഴും 'പോസിറ്റീവ്' ആണ്. ജനനന്മയാണ് അദേഹത്തിന്റെ ലക്ഷ്യം; സാമൂഹിക വികസനമെന്നതാണ് കാഴ്ചപ്പാട്. അച്ചുതാനന്ദനാകട്ടെ, നിലവിലുള്ള ഏതു സംവിധാനത്തില്‍ നിന്നുള്ള ഏതു മാറ്റത്തെയും എതിര്‍ക്കുന്നതിലാണ് രസം; വികസനത്തെ സംശയത്തോടെ വീക്ഷിക്കുക എന്നതാണ് സിദ്ധാന്തം. ഒരാള്‍ക്ക്‌ രാജ്യത്തിന്‍റെ സാമൂഹിക, സാമ്പത്തീക വികാസങ്ങളിലാണ് നോട്ടമെങ്കില്‍ വികസനത്തിന്‍റെ വഴികളില്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ് മറ്റെയാള്‍ "
അച്ചുതാനന്ദന്‍ ഒരാള്‍ കാരണം ആണ്, അമേരിക്കന്‍ കമ്പനിയായ സീ ഗേറ്റ് എന്ന കമ്പനി കേരളത്തിനു നഷ്ടമായതെന്നും ചൈനയില്‍ ഇപ്പോള്‍ പതിനായിരത്തിലധികം ജോലിക്കാര്‍ ചൈനയില്‍ സീ ഗേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു എന്നും വിജയരാഘവന്‍ പറയുന്നു. അച്ചുതാനന്ദന്‍ കേരള മുഖ്യമന്ത്രി ആയാല്‍ അതൊരു ഡിസാസ്റ്റര്‍ ആയിരിക്കും എന്ന അമരിക്കന്‍ കൊണ്സല്‍ ജെനറലിന്റെ അഭിപ്രായവും വിജയരാഘവന്‍ ഈ പുസ്തകത്തില്‍ എടുത്തു പറയുന്നുണ്ട്.
തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റ ഇരുപ്പില്‍ യാതൊരു മുഷിവും ഇല്ലാതെ വായിച്ചിരിക്കാവുന്ന ഗ്രന്ഥം. വ്യവസായികള്‍ കേരളത്തില്‍ നിന്നും മുഖം തിരിക്കുകയും വ്യവസായങ്ങള്‍ പിന്‍വാങ്ങുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ക്രമേണ സംസ്ഥാനത്തിന് നിക്ഷേപ സൗഹൃദസംസ്ഥാനമെന്ന അന്തരാഷ്ട്രപ്രശസ്തി നേടിക്കൊടുത്ത ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ വളര്‍ച്ചയാണ് ഈ പുസ്തകത്തിലൂടെ വിജയരാഘവന്‍ വരച്ചു കാട്ടുന്നത്. ഒപ്പം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവെച്ച ഐ.ടി യുഗത്തിന്റെ കടന്നു വരവിന്റെ ചരിത്രവും.
അഴിമതി തൊട്ടു തീണ്ടാത്ത , സ്ഥിരം അഴിമതിക്കാര്‍ക്ക് പോലും അഴിമതിക്ക് ഒരവസരവും നല്‍കാതെ ടെക്നോപാര്‍ക്കിനെ രാജ്യാന്തര പ്രശസ്തിയിലെക്കുയര്‍ത്തിയ വിജയരാഘവന് കേരളത്തില്‍ ഇതുപോലുള്ള പദ്ധതികള്‍ ഇനിയും ഏറ്റെടുത്തു നടത്തുവാനുള്ള അവസരം കൈവരട്ടെ എന്ന് പ്രത്യാശിക്കുന്നു

Saturday 12 September 2015

വെനീസ് എത്ര മനോഹരി !

തെ, ഇന്ന് ഇറ്റലിയോട് വിട പറയുകയാണ്‌. അതിനു മുന്‍പ് ഇറ്റലിയിലെ ഏറ്റവും മനോഹരമായ മനുഷ്യ നിര്‍മ്മിതമായ ദ്വീപ സമൂഹം കാണണം. 118 ദ്വീപുകള്‍ ചേര്‍ന്ന അതിമനോഹരമായ കെട്ടിട നിര്‍മ്മാണ വൈദഗ്ദ്ധ്യം വിളിച്ചോതുന്ന കലയുടെ മറ്റൊരു പറുദീസയാണ് വെനീസ്. കനാലുകള്‍ കൊണ്ടും ബ്രിഡ്ജുകള്‍ കൊണ്ടും ആണ് ഈ ദ്വീപ സമൂഹത്തെ ബന്ധിപ്പിച്ചിരിക്കുന്നത്. ചില ദ്വീപുകള്‍ക്കിടയിലെ കനാലുകള്‍ വളരെ ചുരുങ്ങിയതാവും. കനാലുകള്‍ക്കിരുവശവും നിന്ന് ഇരു ദ്വീപു നിവാസികള്‍ക്കും സംസാരിക്കാന്‍ സാധിക്കുന്ന അത്രയധികം അടുപ്പം.
ഇറ്റലിയിലെ വെനെറ്റോ പ്രവിശ്യയുടെ തലസ്ഥാനം ആണ് വെനീസ് നഗരം. ഒരു നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നു. പൂര്‍ണ്ണമായും വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഇടം പിടിച്ച ഒരു നഗരം ആണ് വെനീസ്. വെനീസില്‍ എത്തിയാല്‍ നെതര്‍ലന്‍ഡ്‌സിന്‍റെ തലസ്ഥാനം ആയ ആംസ്റ്റര്‍ഡാം ആണ് ഓര്‍മ വരിക. ഏകദേശം മൂന്നു ലക്ഷത്തിലധികം ജനങ്ങള്‍ കടലില്‍ നിര്‍മ്മിച്ച ഈ നഗരത്തില്‍ അധിവസിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതിശയം തോന്നിയേക്കാം. മനോഹരമായ ശില്പങ്ങളും കെട്ടിടങ്ങളും ഓരോ സഞ്ചാരിയെയും വെനീസിലേക്ക് ആകര്‍ഷിക്കും. മനുഷ്യരാല്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മനോഹരമായ സിറ്റി ആണ് 'അഡ്രിയാറ്റിക്കിലെ രാജ്ഞി' എന്നറിയപ്പെടുന്ന വെനീസ്. യൂറോപ്പിന്‍റെ പ്രണയ നഗരമായും വെനീസ് അറിയപ്പെടുന്നു.
ദുബായിലെ പാം ജുമൈറ, ഈ അടുത്ത കാലത്ത് പണി കഴിപ്പിച്ചിട്ടുള്ള മനുഷ്യ നിര്‍മ്മിത ദീപ സമൂഹമാണ്. അതിനെത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ വെനീസ് ഒരു വിസ്മയമായി നമുക്കിടയില്‍ ഉണ്ട്. മെര്‍ച്ചന്റ് ഓഫ് വെനീസ് എന്ന നാടകത്തിലൂടെ ഷേക്സ്പിയര്‍ പരിചയപ്പെടുത്തിയിട്ടുള്ള വെനീസ്, ആ നാടകം പഠിച്ച കാലത്ത്, കാണുവാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല.
മനുഷ്യരാല്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മനോഹരമായ സിറ്റിയായാണ് 'അഡ്രിയാറ്റിക്കിലെ രാജ്ഞി'യായ വെനീസ് അറിയപ്പെടുന്നത് .
വെനീസിനെ കുറിച്ചുള്ള വിശ്വാസം അത് എ ഡി 421 ല്‍ നിര്‍മ്മിച്ച പട്ടണം ആണെന്നാണ്.‌. ഇറ്റലിയുടെ വടക്ക് കിഴക്ക് ജീവിച്ചിരുന്ന വെനെറ്റി എന്ന് വിളിക്കപ്പെട്ട ഒരു വിഭാഗം റോമന്‍ പൌരന്മാര്‍ നിര്‍മ്മിച്ചതാണ് ഈ പട്ടണമെന്നു കരുതപ്പെടുന്നു. ആറ്റില ഇറ്റലി ആക്രമിച്ചപ്പോള്‍ വെനീസിലെ ജനങ്ങള്‍ ഈ ദ്വീപുകളിലേക്കു രക്ഷപ്പെട്ട് ഇവിടെ താമസമുറപ്പിച്ചു... 568 ല്‍ ലൊംബാര്‍ഡിന്‍റെ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ വന്‍കരയില്‍ നിന്നും ഈ ദ്വീപുകളിലേക്കു രക്ഷപ്പെടുകയും ഇവിടെ സ്ഥിര താമസമാക്കുകയും ചെയ്തു എന്നും ചരിത്രം പറയുന്നു. എണ്ണൂറുകളില്‍ വെനീസ് വലിയൊരു കച്ചവട കേന്ദ്രമായി മാറി. പതിമൂന്നാം നൂറ്റാണ്ടില്‍ ലോകത്തിലെ പ്രബല രാജ്യമായി വെനീസ് മാറി. റോമന്‍ സാമ്രാജ്യവുമായും ബൈസാന്റ്യന്‍ സാമ്രാജ്യവും മുസ്ലീം ലോകവുമായും കച്ചവടത്തില്‍ ഏര്‍പ്പെട്ട വെനീസ് വലിയ സാമ്പത്തിക ശക്തിയായി മാറി. തുര്‍ക്കിയും ആസ്ത്രിയയും ഇറ്റലിയും ഒക്കെ പലപ്പോഴായി ഈ പ്രദേശം കൈയേറി ഭരണം നടത്തി. ഇറ്റലി രൂപം കൊണ്ടപ്പോള്‍ വെനീസ് സ്വാഭാവികമായി ഇറ്റലിയുടെ ഭാഗമായി മാറി.
നവോത്ഥാന കാലഘട്ടം വെനീസിനെയും കലയുടെ കേളീ കേന്ദ്രമാക്കി. ഗോഥിക്ക് കെട്ടിട നിര്‍മ്മാണ രീതിയാണ് വെനീസില്‍ അവലംബിച്ചിട്ടുള്ളത്. ശില്പഭംഗിയാര്‍ന്ന കെട്ടിട സമുച്ചയങ്ങള്‍ നിറഞ്ഞ വെനീസ്, അതി മനോഹരിയാണ്. പള്ളികള്‍, കൊട്ടാരങ്ങള്‍, പിയാസകള്‍ , കനാലുകള്‍ എല്ലാം വെനീസിനെ സുന്ദരിയാക്കുന്നു. ഓരോ ദിവസവും ശരാശരി അര ലക്ഷം സഞ്ചാരികള്‍ ആണ് വെനീസ് സന്ദര്‍ശിക്കുന്നത്.
IMG 2926 
പാദുവയില്‍ നിന്ന് ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ വെനീസിന്റെ തീരത്ത്‌ എത്തി. കടലില്‍ നങ്കൂരമിട്ടിരിക്കുന്ന വലിയ കപ്പലുകള്‍ മുതല്‍ ചെറിയ തോണികള്‍ വരെ നല്ല കാഴ്ചയാണ്. ഞങ്ങള്‍ ബസ്സില്‍ നിന്നിറങ്ങി, ബോട്ട് ജെട്ടിയിലേക്ക് നടന്നു. സഞ്ചാരികളെ സ്വീകരിക്കാനായി വഴിയോര കച്ചവടക്കാര്‍ നിരന്നു നില്‍ക്കുന്നു. രാവിലെ തന്നെ അനേകം സഞ്ചാരികള്‍ ബോട്ടുകള്‍ക്കായി കാത്തിരിക്കുന്നു. ഹലോജി, ഞങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വാങ്ങി, ഞങ്ങളെ ബോട്ടില്‍ കയറുന്നതിനായി ക്യൂവില്‍ നിര്‍ത്തി. ടഗ് ബോട്ടുകള്‍, വാപൊറെറ്റോ, ബാര്‍ജുകള്‍ മൂന്നോ നാലോ പേര്‍ക്ക് കയറാവുന്ന സ്പീഡ് ബോട്ടുകള്‍, വലിയ ആഡംബരക്കപ്പലുകള്‍, ഇടത്തരം വലിപ്പമുള്ള വ്യക്തിഗത ആഡംബര സ്പീഡ് ബോട്ടുകള്‍, എന്നിങ്ങനെ വിവിധതരം ജലനൌകകള്‍ കായലില്‍ അങ്ങിങ്ങായി തെന്നി നീങ്ങുന്നു. വെനീസിലെ ഏറ്റവും വലിയ ആകര്‍ഷണം ഈ ജലനൌകകളും ജലസവാരികളും ആണ്. പന്ത്രണ്ടു മണി വരെയാണ് ഞങ്ങള്‍ക്ക് വെനീസില്‍ കറങ്ങുവാന്‍ ഉള്ള സമയം, ഏകദേശം മൂന്നു മണിക്കൂര്‍. തിരികെ വരുമ്പോള്‍ ബോട്ടില്‍ ആണ് ഞങ്ങള്‍ക്ക് ഉച്ച ഭക്ഷണം. അത് കഴിഞ്ഞു അന്ന് ഞങ്ങള്‍ ഇറ്റലിയോട് വിട പറയുകയാണ്‌. ഇറ്റലിയില്‍ നിന്ന് ആസ്ത്രിയയിലേക്ക്, അന്ന് തന്നെ ആണ് വാട്ടന്സില്‍ സ്വ്റോസ്കി ക്രിസ്റ്റല്‍സ് കാണുവാന്‍ പദ്ധതി ഇട്ടിരിക്കുന്നത്. ഹലോജി ഞങ്ങളെ അന്നത്തെ യാത്രയുടെ ചുരുക്കമെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. ഗോണ്ടോള സവാരിക്ക് വലിയ വിലപേശല്‍ ഉണ്ടാവുമെന്നും അതിനാല്‍ ആര്‍ക്കെങ്കിലും ഗോണ്ടോള സവാരി ചെയ്യണമെങ്കില്‍, ഹലോജിക്ക് പരിചയമുള്ള ടീം ഉണ്ട്, അവര്‍ റേറ്റ് കുറച്ചു തരുമെന്നും ഹലോജി ഓര്‍മിപ്പിച്ചു. അതൊക്കെ ഹലോജിക്ക് കമ്മീഷന്‍ കൊടുക്കുന്ന ശിങ്കിടികള്‍ ആവും എന്ന് ഞങ്ങള്‍ ഊഹിച്ചു. എന്തായാലും ആരും ഈ ചുരുങ്ങിയ സമയം കൊണ്ട് ഗോണ്ടോളയില്‍ കയറുവാന്‍ സാധ്യത ഇല്ല എന്നും ഞങ്ങള്‍ മനസിലാക്കി. നാലുപേര്‍ക്ക് ഇരുന്നു തുഴഞ്ഞു പോകാവുന്ന ചെറിയ തുഴച്ചില്‍ നൌക ആണ് ഗോണ്ടോള. വെനീസില്‍ സാധാരണയായി എത്തുന്ന സഞ്ചാരികള്‍ ഗോണ്ടോളയിലൂടെ ദ്വീപ സമൂഹങ്ങള്‍ക്ക് വലംവയ്ക്കുക പതിവാണ്. കുമരകത്തും കുട്ടനാട്ടിലും ആലപ്പുഴയിലുമൊക്കെ ചെറിയ വഞ്ചികളില്‍ തുഴഞ്ഞു പോകുന്നതുപോലെയുള്ള ഒരനുഭവം. കാറ്റിനോടും ഓളങ്ങളോടും കിന്നരിച്ചു കൊണ്ടുള്ള വഞ്ചി തുഴയല്‍ ഹൃദ്യമായ അനുഭവമാകും.
ഞങ്ങള്‍ എല്ലാവരും ബോട്ടില്‍ കയറി. മുകളിലെ ഡെക്കില്‍ ആണ് ഞങ്ങള്‍ കയറിയത്. അതിനിടയില്‍ ബോട്ടിന്‍റെ ക്യാപ്റ്റനും ആയി ചില കശപിശ. എന്തായാലും അയാള്‍ ഞങ്ങളെ തുറിച്ചു നോക്കി അകത്തേക്ക് പോയി. ഞങ്ങള്‍ ക്യാമറയില്‍ കാഴ്ചകള്‍ ഒപ്പിയെടുക്കുവാന്‍ തുടങ്ങി. എല്ലാവരും വലിയ ത്രില്ലില്‍ ആണ്.. ബോട്ടില്‍ വച്ച് ഹലോജി വെനീസിനെ കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ വിവരണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.
IMG 2960
ഏകദേശം അരമണിക്കൂര്‍ കൊണ്ട് സവാരി അവസാനിച്ചു. ഞങ്ങള്‍ വെനീസിലെ ബോട്ട് ജെട്ടിയില്‍ ഇറങ്ങി. നിരവധിയായി ബോട്ടുകള്‍ വന്നു കൊണ്ടിരിക്കുന്നു. നഗരം രാവിലെ തന്നെ ജനനിബിഡമാവുകയാണ്. ഇറ്റലിയിലെങ്ങും കണ്ട യുവത ഇവിടെയും തമ്പടിച്ചിരിക്കുന്നു. വളരെ പഴയ കെട്ടിടങ്ങള്‍ ആണെങ്കിലും വൃത്തിയായി പരിപാലിച്ചിരിക്കുന്നു. വെനീഷ്യന്‍ ഗ്ലാസിനും മുറാനോ ഗ്ലാസിനും പ്രസിദ്ധമാണ് വെനീസ്. ഹലോജി നേരത്തെ പ്ലാന്‍ ചെയ്തത് പ്രകാരം വലിയൊരു മുറാനോ ഗ്ലാസ് ഷോ റൂമിലേക്ക്‌ ആണ് ആദ്യം ഞങ്ങളെ കൊണ്ട് പോയത്. ഒരു ഇടുങ്ങിയ ഗോവണി കയറി ഞങ്ങള്‍ ആ ഷോപ്പിന്‍റെ ഉള്ളില്‍ എത്തി. അവിടെ ഗ്ലാസ്‌ നിര്‍മ്മിക്കുന്ന ഒരു ഉലയില്‍ ഞങ്ങള്‍ക്ക് വേണ്ടി പെര്‍ഫോം ചെയുവാന്‍ ഒരു മുറാനോ ഗ്ലാസ്‌ ശില്പി. സ്ഫടികത്തിന്റെ ഒരു കക്ഷണം ഒരു കൊടിലില്‍ വച്ച്, അദേഹം ഉലയിലേക്ക് നീട്ടി, അല്പസമയത്തിനകം കൊടിലിലെ സ്പടിക കക്ഷണം ഉരുകിത്തുടങ്ങി. ഉരുകിയ ആ ഗ്ലാസ് കൊണ്ട്, നിമിഷ നേരം കൊണ്ട് മറ്റൊരു കൊടില്‍ കൂടി ഉപയോഗിച്ച് ഫെറാറി കാറിന്‍റെ ലോഗോയിലുള്ള കുതിരയെ ഉണ്ടാക്കി. മനോഹരമായ ആ ശില്പത്തിലെക്ക് ഞങ്ങള്‍ മതിമറന്നു നോക്കി നില്‍ക്കവേ അയ്യാളുടെ കയ്യിലിരുന്ന ഒരു ന്യൂസ്‌ പേപ്പറില്‍ നിന്നും ഒരു ഭാഗം കീറി അയാള്‍ ആ ശില്പത്തിലേക്ക് ഇട്ടു. ഉടനെ ആ പേപ്പറില്‍ തീ ആളിക്കത്തി. മുന്നൂറു ഡിഗ്രി സെന്റിഗ്രേഡ്‌ ചൂടുണ്ട് ആ പ്രതിമയ്ക്ക് എന്നദ്ദേഹം വിശദീകരിച്ചു . തുടര്‍ന്ന് ഞങ്ങളെ വിശാലമായ മുറാനോ ഗ്ലാസ്സിന്റെ ഷോ റൂമിലേക്ക്‌ ആനയിച്ചു. പല വര്‍ണ്ണങ്ങളിലും ആകൃതിയിലുമുള്ള മനോഹരമായ കലാവിരുതുകള്‍ ഞങ്ങള്‍ ഇമ വെട്ടാതെ നോക്കി നിന്നു. ഷോ കേസുകളില്‍ മാത്രം കണ്ടിട്ടുള്ള കലാരൂപങ്ങള്‍. തൊട്ടും തലോടിയും നോക്കിയതല്ലാതെ ഞങ്ങളാരും അവ വാങ്ങുകയുണ്ടായില്ല.അവയുടെ കനത്ത വില തന്നെ കാരണം
കൈയിലെ യൂറോ കുറഞ്ഞുവരൂന്നു, അടുത്ത് കണ്ട എ ടി എം മെഷീനില്‍ നിന്ന് കുറച്ചു യൂറോ എടുത്തു. വെനീസിന്റെ ഹൃദയ ഭാഗമായ സെ. മാര്‍ക്സ് സ്ക്വയറിലേക്കാണ് യാത്ര. വെനീസിലെത്തുന്ന സഞ്ചാരികള്‍ക്ക് 9 -)ം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട, ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണമായ സെന്റ് മാര്‍ക്ക്സ് സ്ക്വയര്‍ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷില്‍ സെന്റ് മാര്‍ക്ക്സ് സ്ക്വയര്‍ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാര്‍ക്ക് ഇത് പിയാസ്സാ സാന്‍ മാര്‍ക്കോ ആണ്. വെനീസില്‍ പിയാസ എന്നറിയപ്പെടുന്നത് സെ. മാര്‍ക്ക്സ് സ്ക്വയര്‍ മാത്രമാണ്. യൂറോപ്പിന്റെ അങ്കണം എന്നാണു നെപ്പോളിയന്‍ സെ. മാര്‍ക്ക്സ് സ്ക്വയറിനെ വിശേഷിപ്പിച്ചത്. സെന്റ് മാര്‍ക്ക്സ് ബസിലിക്ക, ഡൌജിന്റെ കൊട്ടാരം , ബസിലിക്കയുടെ മണിമേട, എന്നിവയാണ് പിയാസ്സയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതിനൊക്കെ പുറമെ വെനീസിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ കെട്ടിടങ്ങളും ഓഫീസുകളുമൊക്കെ പിയാസ്സയിലാണുള്ളത്. ഇവിടെ എപ്പോഴും സന്ദര്‍ശകരുടെ വലിയ തിരക്കാണ്.
IMG 3021
സെന്റ് മാര്‍ക്ക്സ് ബസിലിക്കയുടെ തൊട്ടുതന്നെയുള്ളതും വെനീഷ്യന്‍ ഗോത്തിൿ മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ളതുമായ ഡൌജിന്റെ കൊട്ടാരം 1923 മുതല്‍ ഒരു മ്യൂസിയമാണ്. 700 കൊല്ലത്തോളം ഈ കെട്ടിട സമുച്ചയം വെനീഷ്യന്‍ റിപ്പബ്ലിക്കിന്റെ സിരാകേന്ദ്രമായി വര്‍ത്തിച്ചുപോന്നു. വെനീസിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടവും ഇതുതന്നെയാണ്. 13 യൂറോ കൊടുത്താല്‍ കൊട്ടാരമടക്കം പിയാസ്സായിലെ എല്ലാ മ്യൂസിയങ്ങളും കയറിക്കാണാം. അതേ സമയം ബസിലിക്കയിലേക്ക് കയറാന്‍ ടിക്കറ്റിന്റെ ആവശ്യമില്ല. പക്ഷെ തെരുവോരങ്ങളില്‍ അലയുവാനും വായ് നോക്കി നടക്കുവാനും ആണ് ഞങ്ങള്‍ സമയം ചിലവഴിച്ചത്. കാരണം മ്യൂസിയങ്ങള്‍ ചുറ്റിക്കറങ്ങുവാനുള്ള സമയം അന്നത്തെ കാര്യപരിപാടിയില്‍ ഉണ്ടായിരുന്നില്ല. അതിനിടയില്‍ സുവനീറുകള്‍ മേടിക്കുവാനും സ്ത്രീകള്‍ സമയം കണ്ടെത്തി. പന്ത്രണ്ടു മണി ആയപ്പോഴേക്കും തെണ്ടിത്തിരിഞ്ഞു ഞങ്ങള്‍ ഹലോജി പറഞ്ഞ മീറ്റിംഗ് പോയിന്‍റില്‍ എത്തി. അല്പസമയത്തിനകം ഞങ്ങളുടെ ബോട്ട് എത്തി. ഇന്ന് ബോട്ടില്‍ ആണ് ഞങ്ങളുടെ ഉച്ച ഭക്ഷണം. വീണ്ടും ഇന്ത്യന്‍ ഉച്ച ഭക്ഷണം വെനീസിലെ ബോട്ടില്‍ വച്ച് ഞങ്ങള്‍ കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാലും ബോട്ടില്‍ വച്ചുള്ള ഭക്ഷണം ആയിരുന്നതിനാലും ഞങ്ങളെല്ലാം വളരെ മാന്യമായി പെരുമാറി. ഭക്ഷണം കഴിഞ്ഞപ്പോള്‍ ഹലോജി ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഓരോ കുപ്പി വൈറ്റ് വൈന്‍ തന്നു. ഒരു ഫാമിലിക്ക്‌ ഒന്ന് എന്നാണ് പറഞ്ഞത് എങ്കില്‍ കൂടി ഞങ്ങള്‍ മൂന്നു ബോട്ടില്‍ അടിച്ചുമാറ്റി. ഇതിനിടയില്‍ ഞങ്ങളുടെ ബോട്ട് തീരമണഞ്ഞു കഴിഞ്ഞിരുന്നു. വെനീസിനോട് വിട പറഞ്ഞു ഞങ്ങള്‍ ബസ്സില്‍ കയറി. നാല് ദിവസം പോയതറിഞ്ഞില്ല. ഞങ്ങളിപ്പോള്‍ ഒരു കുടുംബം പോലെ ബസ്സിലെ എല്ലാവരും ആയി സൌഹൃദത്തിലായി.

വെനീസില്‍ നിന്ന് ഇന്ന്‍സ്ബ്രക്കിലേക്ക് ഏകദേശം നാനൂറു കിലോമീറ്റര്‍ യാത്രയുണ്ട്. വെനീസില്‍ നിന്ന് വെറോണ വരെ 120 കിലോമീറ്റര്‍ , അത് കഴിഞ്ഞു ആല്‍പ്സ് പാര്‍വത നിരകള്‍ക്കിടയില്‍ കൂടിയുള്ള റോഡിലൂടെ ആണ് യാത്ര. നാലുമണിക്ക് വാട്ടന്സില്‍ എത്തി, സ്വരോസ്കി ക്രിസ്റ്റല്‍ സന്ദര്‍ശിക്കുകയും അതിനു ശേഷം ഇന്ന്‍സ്ബ്രക്കില്‍ താമസിക്കുകയും ആയിരുന്നു ഞങ്ങളുടെ പ്ലാന്‍. പക്ഷെ ഞങ്ങള്‍ വാട്ടന്സില്‍ എത്തുമ്പോള്‍ താമസിച്ചേയ്ക്കും എന്നതിനാല്‍ അന്ന് ഇന്ന്‍സ്ബ്രക്ക് നഗരം ചുറ്റിക്കണ്ട്, പിറ്റേന്ന് വാട്ടന്‍സിലേയ്ക്ക് യാത്ര ചെയ്യാമെന്ന് തീരുമാനം മാറ്റി.
വെനീസില്‍ നിന്നും ആസ്ട്രിയയിലെ ഇന്ന്‍സ്ബ്രെക്കിലെക്കുള്ള യാത്ര അതിമനോരമായ ഓര്‍മ്മകള്‍ നിറഞ്ഞ അനുഭവമായിരുന്നു. കുട്ടികള്‍ ഒക്കെയും അന്താക്ഷരിയും കളികളും ആയി പിന്നില്‍. ഞാനും പാര്‍ത്ഥനും ഞങ്ങള്‍ക്ക് കിട്ടിയ വൈന്‍ അടിച്ചു കൊണ്ടേയിരുന്നു.ഞങ്ങളുടെ തൊട്ടു മുന്നിലെ സീറ്റില്‍ തൃശ്ശൂര്‍ സ്വദേശികളായ റോയിയും ഭാര്യ ജാസ്മിനും. കോണ്‍ഗ്രെസുകാരനായ റോയിക്ക് തീവ്ര സി പി എം ലൈനുള്ള ജാസ്മിന്‍. ജാസ്മിന്‍ തികഞ്ഞ പിണറായി ഭക്ത. കോണ്‍ഗ്രസിനെ പോലെ തന്നെ വി എസ്സും ജാസ്മിന് തൊട്ടുകൂടാത്തവന്‍. ഞാനും പാര്‍ത്ഥനും കൂടി ജാസ്മിനും ആയി തര്‍ക്കത്തില്‍, റോയിയോ, ഞങ്ങള്‍ക്ക് ഒപ്പവും. ദീര്‍ഘ യാത്രയായതിനാലാവും സ്ത്രീകള്‍ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു. ആല്‍പ്സ് പര്‍വതനിരകള്‍ക്കിടയിലൂടെയുള്ള യാത്ര പച്ചപ്പട്ടു പുതച്ച മലനിരകളുടെ സൌന്ദര്യം, ഉറങ്ങാതിരുന്ന ക്യാമറകള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. ദുബായിലെ ടണലുകള്‍ മാത്രം കണ്ടിരുന്ന പലരും പത്തും പതിനഞ്ചും കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ അദ്ഭുതത്തോടെ നോക്കിക്കണ്ടു.. ഒലിവും മുന്തിരിയും ആപ്പിളും വിളയുന്ന തോട്ടങ്ങള്‍. മലകളും പുല്‍മേടുകളും അപൂര്‍വമായി മാത്രം ജനവാസമുള്ള ഗ്രാമങ്ങള്‍. ഇടയ്ക്ക് വലിയ ചില പട്ടണങ്ങളും. ആകെക്കൂടി ചന്തമുള്ള ഭൂപ്രദേശം. സ്ക്രീന്‍ സേവറില്‍ മാത്രം കാണുന്നത്ര ഭംഗിയുള്ള കുന്നിന്‍ ചെരുവുകളും താഴവാരങ്ങളും മലനിരകളും, സഞ്ചാരികളെ മത്തു പിടിപ്പിക്കും.
IMG 3037
അനേകം രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്, പക്ഷെ ഇനി ഒരിക്കല്‍ ഒരവസരം കിട്ടിയാല്‍ പോകുവാന്‍ ആഗ്രഹിക്കുന്ന രാജ്യം ഏതെന്നു ആരെങ്കിലും ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ... ഇറ്റലി. വളരെ ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ഞാന്‍ കണ്ട റോമയും, വത്തിക്കാനും, വെനീസും, പിസ്സയും, ഫ്ലോറന്‍സും ഇനിയും എന്നെ ഈ നഗരത്തിലേക്ക് മാടി വിളിച്ചു കൊണ്ടിരിക്കയാണ്. പോരാത്തതിന് ഞങ്ങള്‍ക്ക് പോകുവാന്‍ സാധിക്കാത്ത പോംപി നഗരവും, മിലാനും നേപ്പിള്‍സ് , സിസിലി തുടങ്ങി അനേകം കാഴ്ചകളും . അതിലുപരി ജാഡകളില്ലാത്ത ഇറ്റാലിയന്‍ സ്നേഹവും.

അതിര്‍ത്തി പിന്നിട്ടപ്പോള്‍, വീണ്ടും വരുമെന്ന് ആഗ്രഹിച്ചു കൊണ്ട് ഇറ്റലിയോട് ഞങ്ങള്‍ ആചാരം ചൊല്ലി പിരിഞ്ഞു. ഏകദേശം അഞ്ചര മണി ആയപ്പോള്‍ ഞങ്ങള്‍ ഇന്ന്‍സ്ബ്രെക്ക് പട്ടണത്തില്‍ എത്തിച്ചേര്‍ന്നു.

Friday 4 September 2015

ഇന്ന്‍സ്ബ്രുക്കും സവറോസ്കി ക്രിസ്റ്റല്‍സും‏

ഏകദേശം   അഞ്ചരയോടെ ഞങ്ങള്‍ ആസ്ത്രിയയിലെ പ്രധാന നഗരങ്ങളിലൊന്നായ ഇന്ന്‍സ്ബ്രുക്കില്‍  എത്തിച്ചേര്‍ന്നു. കൂറ്റന്‍ മലനിരകള്‍ക്കിടയിലെ മനോഹരമായ പട്ടണം. ഇറ്റലിയില്‍ പൊതുവേ ചൂടുള്ള കാലാവസ്ഥ ആയിരുന്നു എങ്കില്‍ കൂടി, ഇന്ന്‍സ്ബ്രൂക്കില്‍  എത്തിയപ്പോള്‍ തണുപ്പിന്റെ ആവരണം ഞങ്ങളെ പതുക്കെ പിടി കൂടിയിരുന്നു. അഞ്ചര ആയെങ്കിലും സൂര്യന്‍ നല്ല പ്രകാശം ചുരത്തിയാണ് ഞങ്ങളെ എതിരേറ്റത്.

പടിഞ്ഞാറന്‍ ആസ്ത്രിയയിലെ ടൈറോള്‍ എന്ന സംസ്ഥാനത്തിന്‍റെ തലസ്ഥാനം ആണ് ഇന്ന്‍സ്ബ്രക്ക് എന്ന പട്ടണം. ആല്‍പ്സ്  പര്‍വത നിരകള്‍ക്കിടയിലെ മനോഹരമായ പട്ടണം ശൈത്യകാലത്ത് മാത്രമല്ല വേനല്‍ക്കാലത്തും വിനോദസഞ്ചാരികള്‍ക്ക് കുളിര്‍മയേകുന്ന പട്ടണം ആണ്. ഇറ്റലിയിലെ വെറോണയ്ക്കും ജെര്‍മനിയിലെ മ്യൂണിക്കിനും ഇടയിലുള്ള ഈ മനോഹരമായ പട്ടണത്തില്‍ രണ്ടു തവണ ശീതകാല ഒളിമ്പിക്സ് മല്‍സരങ്ങള്‍ നടന്നിട്ടുണ്ട്. ആല്‍പ്സ് പരവത നിരയിലെ ഏറ്റവും വലിയ സ്കീയിംഗ് കേന്ദ്രം കൂടിയാണ് ഇന്ന്‍സ്ബ്രക്ക് . ബസില്‍ നിന്നിറങ്ങി നടത്തിയ വിഗഹ വീക്ഷണത്തില്‍ കൂറ്റന്‍  ആല്‍പ്സ്  പാര്‍വത നിരകള്‍ക്കിടയിലെ ഒരു ചെറിയ പട്ടണമായിട്ടാണ് ഞാന്‍ ഇന്ന്‍സ്ബ്രെക്കിനെ കണ്ടത്. വാഹനം പാര്‍ക്ക് ചെയ്തു ഞങ്ങള്‍ സിറ്റി സെന്ററിലേക്ക് നടന്നു. ഞങ്ങളെ പോലെ തന്നെ മറ്റു പല വിനോദസഞ്ചാരികളും കാല്‍നടയായി സിറ്റി സെന്ററിനെ ലാക്കാക്കി മുന്നോട്ടു പോകുന്നു.

1000 വർഷത്തോളം പഴക്കമുള്ള നഗരമാണത്രേ ഇന്ന്സ്ബ്രുക്ക്. നഗരഹൃദയത്തിൽ ഇന്നു കാണുന്ന കെട്ടിടങ്ങളെല്ലാം 500ൽ പരം വർഷങ്ങളുടെ പഴക്കമുള്ളവയാണ്‌.മദ്ധ്യകാല യൂറോപ്പിന്റെ പ്രൌഡി വിളിച്ചോതുന്ന കെട്ടിടങ്ങള്‍ മനോഹരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പിന്റെ രാഷ്ട്രീയ കേന്ദ്രവും മാക്സ്മിള്ളന്‍ ഒന്നാമന്റെ കാലത്തെ സാംസ്കാരിക  കേന്ദ്രവും  ഇന്ന്‍സ്ബ്രക്കിലാണ്. ഇവിടെ മാക്സ്മില്ല്യന്‍ ഒന്നാമന്റെ കല്ലറ ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്. ഓള്‍ഡ്‌ സിറ്റിയില്‍ അനേകം ഭോജന ശാലകള്‍, അവിടെയുള്ള കസേരകള്‍ എല്ലാം തന്നെ നിറഞ്ഞിരിക്കയാണ്. വിനോദസഞ്ചാരികള്‍ മാത്രമല്ല, അവിടെ താമസമാക്കിയ ജനങ്ങളും വൈകുന്നേരം ഭക്ഷണം കഴിക്കുകയാണ്. നിറഞ്ഞു തുളുമ്പുന്ന ബിയര്‍ ഗ്ലാസ്സുകളും വൈന്‍ കുപ്പികളും ഇവിടുത്തെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ്.
പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച, യൂറോപ്പിലെ തന്നെ ഏറ്റവും പുരാതന ഹോട്ടല്‍ ആയ ഗോള്‍ഡന്‍ റൂഫ്  ഇന്നും ഭംഗിയായി സംരഷിച്ചു പോരുന്നു.  ഇവിടുത്തെ  പ്രധാന ആകർഷണമാണ്‌ 1420 ഇൽ നിർമ്മിച്ച ഗോൾഡൻ റൂഫ്. 2500 ചെമ്പു തകിടുകൾ കൊണ്ടാണ്‌ ഈ മേൽക്കൂര ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഹോട്ടല്‍ ആണ് ഗോള്‍ഡന്‍ റൂഫ് എന്നാണ് ഹലോജി ഞങ്ങളോട് പറഞ്ഞിരിക്കുന്നത്.  വിസ്മയത്തോടെ ഞങ്ങള്‍ ആ ഹോട്ടലിനെ നോക്കി നിന്ന്, പലരും അതിനു മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്നു.  ചെമ്പ്  കൊണ്ട് പൊതിഞ്ഞ ബാല്‍ക്കണിയുടെ മേല്‍ക്കൂര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

അനേകം മ്യൂസിയങ്ങള്‍  അടങ്ങിയ സിറ്റി സെന്ററില്‍ നിന്ന് ഞങ്ങള്‍ പോയത് അടുത്തു തന്നെയുള്ള  സെ. ജേക്കബ് കത്തീദ്രലിലെക്കാന്. ഇന്ന്‍സ്ബ്രക്ക് കത്തീദ്രല്‍ എന്നും പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച  ഈ കത്തീദ്രല്‍ അറിയപ്പെടുന്നു.  ടര്‍ക്കിഷ് മാതൃകയിലുള്ള ഗോപുരങ്ങളോട് കൂടിയ ഈ ദേവാലയം അതി മനോഹരമാണ്. ദേവാലയത്തിനകത്ത് അനേകം ശില്‍പ്പങ്ങള്‍. ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍. മെഴുകുതിരി കത്തിക്കല്‍ ഇവിടെയുള്ള ഒരു അനുഷ്ടാനം ആയിട്ടാണ് കരുതുന്നത് എന്ന് തോന്നുന്നു. ഒരു വശത്ത്‌ അനേകം മെഴുകുതിരികള്‍ കാത്തിച്ചു വച്ചിരിക്കുന്നു. ഞങ്ങളുടെ കൂടെയുള്ള പലരും നേര്ച്ചപ്പെട്ടിയില്‍ പണമിട്ടു മെഴുകുതിരി കത്തിക്കുന്നത് കണ്ടു. പള്ളിക്കകത്ത് വലിയ ഒരു ഓര്‍ഗന്‍ സ്ഥാപിച്ചിട്ടുണ്ട്. വലിയ ഒരു വിസ്മയം പോലെ ആണ് ഞങ്ങള്‍ ആ പള്ളി കണ്ടിറങ്ങിയത്. വത്തിക്കാനിലെ സെ. പീറ്റേര്‍സ് ബസിലിക്ക കണ്ടിറങ്ങുമ്പോള്‍ ഈ പള്ളി വളരെ നിസ്സാരമാണെന്നു തോന്നിയേക്കാം, എങ്കിലും ഈ പള്ളിക്കുള്ളിലെ ശില്പങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കും.
പള്ളിയില്‍ നിന്നിറങ്ങി, കുട്ടികള്‍ക്ക് പലര്‍ക്കും വിശക്കുന്നു. ഞങ്ങള്‍ പുരാതന സിറ്റിയിലെ പുരാതന കെട്ടിടങ്ങള്‍ക്കിടയിലൂടെ നടന്നു. കുട്ടികള്‍ ഇതിനിടയില്‍ ബര്‍ഗര്‍ വാങ്ങി വന്നപ്പോള്‍ ആണ്, പുരാതനമാല്ലാത്തതെന്നു തോന്നിപ്പിക്കുന്ന ഒരു കട മക്ഡോണാഡ മാത്രമാണ് എന്നറിഞ്ഞത്. ചെറിയ പട്ടണം ആയതു കൊണ്ടായിരിക്കാം കുട്ടികള്‍ ഒക്കെ കൂട്ടം തെറ്റി, ഒറ്റയ്ക്ക് നടന്നു കാഴ്ചകള്‍ കാണാന്‍ പോയിട്ടും മാതാപിതാക്കള്‍ അതൊന്നും ശ്രദ്ധിക്കുന്നതായി കണ്ടില്ല. സിറ്റി ഹാളും, ഓപെറ ഹൌസും ഇമ്പീരിയല്‍ പാലസും ഒക്കെ ഇതിനിടയില്‍ ഒരു വിഗഹ വീക്ഷണത്തില്‍ ഞങ്ങള്‍ കണ്ടു.

തിരികെ ബസ്സിലേക്ക് പോകുവാന്‍ ശ്രമിക്കുമ്പോള്‍ ആണ് എവിടെ നിന്നെന്ന്നറിയില്ല, ഇരുപതോളം അംഗംങ്ങള്‍ അടങ്ങിയ ഒരു ബാന്‍ഡ്  സംഘം തങ്ങളുടെ വാദ്യോപകരണങ്ങള്‍ ആയി പെട്ടെന്ന് സിറ്റി സെന്ററിലെക്ക് എത്തിയത്. സുന്ദരികളും സുന്ദരന്മാരുമായ ആ സംഘത്തില്‍ ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെയുണ്ട്. മോസ്സാര്‍റ്റ് , ബീതോവാന്‍ തുടങ്ങിയവര്‍ സംഗീതത്തെ ഉപാസിച്ച നാടായതു കൊണ്ടാകാം അനേകം ആളുകള്‍ ഇവരുടെ സംഗീതം ആസ്വദിക്കുവാന്‍ എത്തിയിരുന്നു. രണ്ടു മൂന്നു പാട്ടുകള്‍ കഴിഞ്ഞതോടു കൂടി ഹലോജി ഞങ്ങളെ അവിടെ നിന്നും വിളിച്ചു കൊണ്ട് പോയി ബസ്സില്‍ കയറ്റി.
ഇനി ഹോട്ടലിലേക്കുള്ള യാത്രയാണ്. ആസ്ത്രിയയിലെ ടൈറോള്‍ സംസ്ഥാനത്തെ ഏറ്റവും സുന്ദരവും പോപ്പുലറും ആയ സ്കീക്ക് അടുത്തുള്ള മനോഹരമായ, എന്നാല്‍ പഴക്കം തോന്നിപ്പിക്കുന്ന ഹോട്ടല്‍ ഒളിമ്പ്യയില്‍ ആണ് ഞങ്ങള്‍ക്ക് താമസം ഒരുക്കിയിരുന്നത്. ഇന്ന്‍സ്ബ്രെക്കില്‍ നിന്നും പതിനാറ് കിലോമീറ്റര്‍ മലമുകളിലേക്ക് യാത്ര ചെയ്യണം ഹോട്ടലില്‍ എത്താന്‍.  നമ്മുടെ നാട്ടിലെ  വന പ്രദേശത്തു കൂടി പോകുന്ന ഒരു പ്രതീതി ആണ് ഹോട്ടലിലേക്കുള്ള യാത്ര അനുസ്മരിപ്പിച്ചത്. നമ്മുടെ താമരശ്ശേരി  ചുരം ആണ് പെട്ടെന്ന് ഓര്‍മ വന്നത്. പൈന്‍ വൃക്ഷങ്ങള്‍ നിറഞ്ഞ ആ മലയിലേക്കുള്ള യാത്ര സാഹസീകം  എന്ന്  തന്നെ  പറയാം. മലമുകളില്‍ എത്തിയപ്പോഴേക്കും ഇരുട്ട് പടര്‍ന്നിരുന്നു. പക്ഷെ ചൂട് കാലമായിട്ടും നല്ല തണുപ്പ്. ശീത കാല ഒളിമ്പിക്സിനു വരുന്ന കായിക താരങ്ങള്‍ താമസിച്ചു കൊണ്ടിരുന്ന ഹോട്ടല്‍ ആണിത്. ഞങ്ങള്‍ റൂമില്‍ കയറി ഫ്രഷ്‌ ആയി. വളരെ വലിപ്പമുള്ള മുറികള്‍ . മലയോരത്തോട് ചേര്‍ന്ന മുറിയാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ആ മുറിയില്‍ മാത്രം അഞ്ചു കട്ടിലുകള്‍ . ശൈത്യകാലത്ത് സ്കീയിങ്ങിനും മറ്റും അനേകര്‍ ഈ ഹോട്ടലുകളില്‍ താമസിക്കാറുണ്ട്‌. അത് കൊണ്ട് കൂടിയായിരിക്കാം ഇത്രയധികം ബെഡ്!

ഭക്ഷണത്തിനായി ഞങ്ങള്‍  ഒത്തു കൂടി, ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളുടെ പല ഗ്രൂപ്പുകള്‍. ഞാനും പാര്‍ത്ഥനും ഷാജിയും ബിജുവും കുവൈറ്റില്‍ നിന്നുള്ള അച്ചായനും ഇതിനിടയില്‍ ഒരു ബോട്ടില്‍ സംഘടിപ്പിച്ചു. ഇന്ത്യക്കാര്‍ വിനോദ സഞ്ചാരത്തിനു വരുന്ന കാലമായതിനാലാകണം ഇന്ത്യന്‍ ഷെഫിനെ നാട്ടില്‍ നിന്ന് വരുത്തി ഇവിടെ ഭക്ഷണം പാകം ചെയിക്കുകയാണ്. വീണ്ടും  ഇന്ത്യന്‍ ഭക്ഷണം ന്യൂജെന്‍   കുട്ടികള്‍ക്ക് തീരെ താല്പര്യമില്ല അവരുടെ മുഖം കണ്ടാല്‍ . എങ്കിലും ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ നേരെ ഡിസ്കോ ഫ്ലോറിലേക്ക് ആണ് പോയത്. അവിടെ ഞങ്ങള്‍  കുറെ നേരം സംഗീതത്തിനൊപ്പം നൃത്തം ചവിട്ടി. ഞങ്ങളെപ്പോലെ തന്നെ വന്ന മറ്റു ടൂര്‍ ഗ്രൂപ്പുകള്‍ കൂടി ഡാന്‍സ് ഫ്ലോറില്‍ ഞങ്ങള്‍ക്കൊപ്പം ചുവടു വച്ചു.
പെട്ടെന്നാണ് ഹലോജിയുടെ അറിയിപ്പ് ഉണ്ടാകുന്നത്. ഹോട്ടലിന്‍റെ പിന്നിലുള്ള ഗ്രൗണ്ടില്‍ ഞങ്ങള്‍ക്കായി ക്യാമ്പ്‌ ഫയര്‍ ഒരുക്കിയിരിക്കുന്നു. ഞങ്ങള്‍ മുറ്റത്തു ചുറ്റും കൂടി തീയിലേക്ക് വിറകു കക്ഷണങ്ങള്‍ എറിഞ്ഞു കൊണ്ടിരുന്നു. നാലാം ദിവസം,  ഞങ്ങള്‍ എല്ലാവരെയും പരിചയപ്പെടുവാന്‍ കൂടി ഈ ഒത്തു ചേരല്‍ അവസരമാക്കി. ഇതിനിടയില്‍ ജോണ്‍സണ് ചെറിയ ഒരു പനി എന്ന് കേട്ടു , അതിനാല്‍ ജോണ്‍സന്‍ ഞങ്ങള്‍ക്കൊപ്പം കൂടിയില്ല. ക്യാമ്പ്‌ ഫയര്‍ കഴിഞ്ഞു ഞങ്ങള്‍ ഉറക്കത്തിലേക്ക് വഴുതി.
അതി രാവിലെ തന്നെ ഉറക്കം ഉണര്‍ന്നു, പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു ഞങ്ങള്‍ ഹോട്ടലിനു ചുറ്റും  വലം വെച്ചു. വല്ലാത്ത തണുപ്പ്. ഹോട്ടലില്‍ നിന്ന് നോക്കുമ്പോള്‍ മലനിരകള്‍ക്കിടയില്‍   ആസ്ട്രിയൻ ആൽപ്സിലൂടെയുള്ള കേബിൾകാറുകളും മൗണ്ടൻട്രെയിനുകളും കാണാം. 1925 ഇൽ നിർമ്മിച്ച സ്കീ ജമ്പ് സ്റ്റേഡിയവും അവിടെ നിന്ന് കാണാം. 1964 ലും 1976 ലും ശൈത്യകാല ഒളിമ്പിക്സ് നടന്നത് ഇവിടെ വച്ചാണ്‌. രണ്ടു ഒളിമ്പിക്സിലും താരങ്ങള്‍ താമസിച്ച ഹോട്ടല്‍ ആണിത്. ഹോട്ടലിനു പിന്നില്‍ വേനല്‍ കാലമായിട്ടു പോലും മഞ്ഞിന്‍റെ തിരുശേഷിപ്പുകള്‍ കാണാം. മഞ്ഞു കാലത്ത് സ്വദേശികളും  വിദേശികളും സ്കീയിങ്ങിനായി വരുമ്പോള്‍ ആണ് ഈ ഹോട്ടലില്‍ ഉത്സവാന്തരീക്ഷം. ഭയങ്കര തിരക്കായിരിക്കും അന്നേരം. മനോഹരമായ പ്രകൃതി ഭംഗി ക്യാമറയില്‍ പകര്‍ത്തി മതി വരുന്നില്ല. ഹലോജിയുടെ ബാറ്റന്‍ കണ്ടിട്ടാകണം എല്ലാവരും ഭോജന ശാലയിലേക്ക് പോയി. യാത്രയില്‍ ആദ്യമായിട്ടാണ് നല്ല പ്രഭാത ഭക്ഷണം ലഭിച്ചത്. തനി കോണ്ടിനെന്റല്‍ ഭക്ഷണം. ഭക്ഷണം കഴിഞ്ഞു  ഞങ്ങള്‍  കുന്നിറങ്ങാന്‍ തുടങ്ങി. തലേ ദിവസം ലേറ്റ് ആയതിനാല്‍ കാണാന്‍ കഴിയാതിരുന്ന വറ്റെന്‍സിലെ സ്വവ്രോസ്കി  ക്രിസ്റ്റല്‍ വേള്‍ഡ് ആണ് അടുത്ത ലക്ഷം.

ഞങ്ങള്‍ വറ്റെന്‍സിലെ സ്വവ്രോസ്കി ക്രിസ്റ്റല്‍ പാലസില്‍ എത്തുമ്പോള്‍ മറ്റാരും എത്തിയിരുന്നില്ല. മ്യൂസിയം തുറന്നിട്ടും ഉണ്ടായിരുന്നില്ല.ആൽപ്സിന്റെ അടിവാരത്തിലുള്ള പ്രകൃതിരമണീയമായ ഒരു താഴ്വരയിലാണ്‌ സ്വരോവ്സ്കിയുടെ ആസ്ഥാനം. ഇതിനോട് ചേർന്നാണ്‌ ക്രിസ്റ്റൽ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. നിറങ്ങളുടെയും വെളിച്ചത്തിന്റെയും ഒരു മായികലോകം എന്നു വേണമെങ്കിൽ ക്രിസ്റ്റൽ വേൾഡിനെ വിശേഷിപ്പിക്കാം. സ്ഥലകാല യാഥാർത്ഥ്യങ്ങൾക്ക് പ്രസക്തിയില്ലാത്ത ഈ അൽഭുതക്കാഴ്ചകളാണ്‌ ക്രിസ്റ്റൽവേൾഡിനെ ലോകത്തിലെ ഇതര മ്യൂസിയങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

പച്ചില പടര്‍പ്പുകള്‍ മൂടിയ  ഒരു മൊട്ടക്കുന്നില്‍ കണ്ണുകളില്‍ രത്നങ്ങള്‍ പതിച്ച ഒരു വലിയ തല. വായില്‍ നിന്ന് ഒരു ചെറിയ വെള്ളച്ചാട്ടം, മുന്നിലുള്ള ചെറിയ ജലാശയത്തിലേക്ക്‌. ഞങ്ങള്‍ ആ ചെറിയ ജലാശയത്തിനു മുന്നില്‍ നിന്ന് സെല്ഫിയും ഫോട്ടോയും ഒക്കെ എടുത്തു. കുട്ടികള്‍ അടുത്തു കണ്ട ചെറിയ പാര്‍ക്കില്‍ കളികളില്‍ ഏര്‍പ്പെട്ടു. ഒരു കെട്ടിടം എന്ന് ഒരിക്കലും തോന്നാത്ത ആ മൊട്ടക്കുന്നിലെ ജയന്റ് എന്ന  രൂപത്തിന്‍റെ ചെവിയിലൂടെ ഞങ്ങള്‍ മ്യൂസിയത്തിലേക്ക് പ്രവേശിച്ചു.

1895 ല്‍ ഡാനിയേൽ സ്വരോവ്സ്കി ആണ്  സ്വരോസ്കി ക്രിസ്റ്റല്‍ സ്ഥാപിക്കുന്നത്.  1995 ല്‍ സ്വറോസ്കി ക്രിസ്റ്റല്‍സിന്‍റെ നൂറാം വാര്‍ഷികം പ്രമാണിച്ച് നിര്‍മ്മിച്ച ഈ മ്യൂസിയം ആന്ദ്രെ ഹെല്ലെര്‍ എന്ന മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റ്  ആണ്  രൂപകല്‍പന ചെയ്തത്. പത്തു ലക്ഷത്തോളം ആളുകള്‍ ആണ് ഓരോ വര്‍ഷവും ഈ മ്യൂസിയം കാണാന്‍ എത്തുന്നത് എന്നാണ് ഏകദേശ കണക്ക്.
മ്യൂസിയത്തിലേക്ക് കടക്കുന്ന സന്ദർശകരെ എതിരേല്ക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ആഭരണക്കല്ലാണ്‌. 310000 കാരറ്റാണ്‌ ഇതിന്റെ തൂക്കം. സെന്റിനർ എന്നു പേരിട്ടിരിക്കുന്ന ഈ കല്ല് സ്വരോസ്കിയുടെ സ്ഥാപകനായ ഡാനിയേൽ സ്വരോവ്സ്കിക്ക് സമർപ്പിച്ചിരിക്കുന്നു. ഏതൊരാളും ഈ അമൂല്യമായ കല്ലിനു മുന്നില്‍ കണ്ണ് ചിമ്മാതെ നിന്ന് പോകും, അത്രയ്ക്കുണ്ട് സൌന്ദര്യം. പലതരം കല്ലുകൾ കൊണ്ട് ജീനിയും അലങ്കാരങ്ങളും ചെയ്തിട്ടുള്ള ഒരു കുതിരയുടെ ശില്പവും അതിനടുത്ത ബ്ലൂ ഹാളില്‍ ഉണ്ട്. ചെറുതും വലുതുമായ അനേകം ക്രിസ്റ്റല്‍ ശില്പങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ കാണാം. പതിനാറു അറകളില്‍ ആയിട്ടാണ് ആ മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്.

സ്വരോവ്സ്കിയിലെ പ്രിസിഷൻ എഞ്ചിനീയർമാരുടെ കരവിരുത് തെളിയിക്കുന്ന മെക്കനിക്കൽ തീയേറ്ററാണ്‌ അടുത്ത സ്റ്റാളിൽ. വേഗത്തിൽ കറങ്ങുന്നതിനിടെ തുണ്ടുകളായി മുറിച്ച ഒരു മനുഷ്യരൂപം കൂടിച്ചേരുന്നതും നൃത്തം വയ്ക്കുന്നതുമൊക്കെയാണ്‌ അവിടത്തെ പ്രദർശനം. ഇറ്റലിയില്‍ കണ്ട മ്യൂസിയങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമായ വേറിട്ടൊരു കാഴ്ച. മള്‍ട്ടിമീഡിയയും ക്രിസ്റ്റല്‍സും ലൈറ്റും എഞ്ചിനിയരിംഗും വിദഗ്ധമായി സമന്വയിപ്പിച്ച് ഒരു ഫൂഷന്‍ ഷോ.
മ്യൂസിയത്തിലെ ഏറ്റവും ആകർഷകമായ  ക്രിസ്റ്റൽ ഡോമാണ്‌ അടുത്തത്.  595 കണ്ണാടികൾ കൊണ്ടുതീർത്ത ഒരു കാലിഡസ്കോപ്പാണ്‌ ക്രിസ്റ്റൽ ഡോം. ഈ കാലിഡസ്കോപ്പിനുള്ളിലാണ്‌ സന്ദർശകരായ ഞങ്ങള്‍ ഇപ്പോള്‍. ഉള്ളിൽ നിന്നുള്ള പ്രകാശശ്രോതസ്സിന്റെ വ്യതിയാനത്തിനനുസരിച്ച് താരാപഥങ്ങൾ നിറഞ്ഞ നീലാകാശവും ആഴിയുടെ അഗാധതയും മനസ്സിന്റെ വിഹ്വലതകളുമെല്ലാം അതിനു ചേർന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടും. മനോഹരമായ ഒരനുഭൂതിയാണ്‌ ക്രിസ്റ്റൽഡോം. പ്രശസ്ത ഓപെറാ ഗായികയായ ജെസ്സി നോർമൻ ക്രിസ്റ്റൽ ഡോമിൽ നടത്തിയ ഒരു സംഗീതപരിപാടിയുടെ വീഡിയോ അടുത്ത സ്റ്റാളിലുണ്ട്. മഡഗാസ്കറിൽ നിന്ന് കൊണ്ടുവന്ന സുതാര്യമായ ഒരു സ്വാഭാവിക ക്രിസ്റ്റലിൽ ആ ശബ്ദവും പ്രകാശവും പ്രതിഫലിക്കുന്നു. മനുഷ്യ മനസ്സിന്റെ ആഴിയും പരപ്പും വളവും തിരിവും അഗാധകളും ആണ് ഈ അനുഭവം.


പ്രകാശവും ശബ്ദവും ചേർത്തിണക്കിയ സവിശേഷമായ ഒരു വിസ്മയം എന്ന് വിശേഷണമാണ്‌ 55 മില്ല്യൺ ക്രിസ്റ്റൽസ് കൊണ്ടൊരുക്കിയ അനന്തതയുടെ വിസ്മയം എന്ന പ്രദർശനം. എല്‍ സി ഡി  സ്ക്രീനിലെ മോഡേൺ ആർട്ടുകൾ  ഏതോ വിസ്മയ ലോകത്തില്‍ നമ്മെ കൊണ്ടെത്തിക്കുന്നു. ആര്‍ട്ടിസ്റ്റ് എന്താണ് ഉദ്ദേശിച്ചത് എന്നത് മനസിലാവുന്നില്ല.
പല ആകൃതിയിലുള്ള 48 ബഹുഭുജങ്ങളാള്‍  വിവിധ വർണ്ണങ്ങളുള്ള പ്രകാശത്തിന്റെ അകമ്പടിയോടെ പ്രദർശിപ്പിച്ചിരിക്കയാണ് പ്രതിഫലനം എന്ന അടുത്ത ഷോയില്‍. ശാസ്ത്രവും മതവും മനുഷ്യ പരിണാമത്തിനു വഴി തുറന്നതിന്റെ ഓര്‍മപ്പെടുത്തലുകള്‍ ആണ് പ്രതിഫലനം.
ഐസ്  പാസ്സേജ് , യാതൊരു ഒച്ചയനക്കവും ഇല്ലാത്ത ഒരിട നാഴി ആണ്. നമ്മള്‍ അതിലേക്കു കാലെടുത്തു വയ്ക്കുമ്പോള്‍ പെട്ടെന്ന് പ്രകാശമാനമായ ഒരു പ്രതലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. കൂടുതല്‍ ആളുകള്‍ ആ ഇടനാഴിയിലേക്ക്   വരുമ്പോള്‍  പ്രകാശത്തിന്റെയും തെളിമ വര്‍ദ്ധിക്കുന്നു.
സൈലന്റ് നൈറ്റ്‌ ആണ് മറ്റൊരു മാസ്മരീക അറ, 150,000 ക്രിസ്റ്റല്‍ കൊണ്ട് തീര്‍ത്ത മരം.  മരം കോച്ചുന്ന തണുപ്പു ഫീല്‍ ചെയ്യുന്ന പരിസരവും  ഇരുട്ടും, അതിനിടയ്ക്ക്  സ്പാര്‍ക്ക് ചെയുന്ന ക്രിസ്റ്റല്‍സ് നമുക്ക് നല്‍കുന്നത് നവ്യമായ റൊമാന്റിക് ഫീലിങ്ങ്സ്‌ ആണ്.
ഭാഷയുടെ അതിര്‍വരമ്പുകളെ തച്ചുടക്കുന്ന  ക്രിസ്റ്റല്‍ കാലിഗ്രാഫിയും മനോഹരമായിരിക്കുന്നു.
1895 മുതല്‍ ഇങ്ങോട്ടുള്ള സ്വറോസ്കി ക്രിസ്റ്റല്‍സിന്‍റെ വളര്‍ച്ചയെയാണ് ടൈംലെസ്സ് നമുക്ക് മുന്നില്‍ വിളമ്പുന്നത്. ഫമോസ് എന്ന സ്റ്റാളില്‍ ക്രിസ്റ്റല്‍ എങ്ങനെയാണ് കട്ട് ചെയുന്നത് എന്ന് കാണിച്ചു തരുന്നു.
അടുത്ത സ്റ്റാള്‍ ക്രിസ്റ്റല്‍ ഫോറെസ്റ്റ് ആണെന്നാണ്‌ തോന്നുന്നത്.   പ്രകൃതിയെയും സാങ്കേതികവിദ്യയെയും പ്രതീകാത്മകമായി ചേർത്തിണക്കി വച്ചിരിക്കുകയാണ്  ക്രിസ്റ്റൽ ഫോറസ്റ്റിൽ. ക്രിസ്റ്റൽ ഫോറസ്റ്റിലൂടെ നടക്കുമ്പോൾ അഗ്നിയുടെ വന്യതയും ജലത്തിന്റെ കുളിർമ്മയും സ്ഫടികത്തിന്റെ സുതര്യതയും കാഴ്ചക്കരുടെ മനസ്സിലേക്ക് ഒഴുകിയത്തും.
പ്രകാശത്തിന്റെ മനോഹരമായ ഈ മ്യൂസിയത്തിലെ ഒട്ടു മിക്ക ശില്പ ചാരുതകളും നേരിട്ട് ഗ്രഹിക്കുക അത്ര എളുപ്പമായിരുന്നില്ല എന്നെ പോലോരാള്‍ക്ക്. എല്ലാം കണ്ടും കേട്ടും ഞങ്ങള്‍ എത്തിയിരിക്കുന്നത് സ്വവരോസ്കി ക്രിസ്റ്റല്‍സിന്‍റെ വിശാലമായ ഷോറൂമില്‍ ആണ്.
ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സ്ത്രീകളുടെ മുഖത്തു ക്രിസ്റ്റല്‍ പ്രഭ തെളിയുന്നതും ആണുങ്ങളുടെ മുഖം കരുവാളിക്കുന്നതും ഷോറൂമില്‍ കയറിയപ്പോള്‍ ഒന്ന് കാണേണ്ടത് തന്നെ. വീണ്ടും ഏകദേശം അര മണിക്കൂര്‍ നേരം ഷോറൂമില്‍. മനോഹരമായ് ആഭരണങ്ങളും ശില്പങ്ങളും എല്ലാം ഞങ്ങള്‍ നടന്നു കണ്ടു. പലരും പല വിധത്തിലുള്ള ആഭരണങ്ങളും സോവനീറുകളും വാങ്ങി. അപ്പോഴേക്കും ഹലോജിയുടെ വിസില്‍ മുഴങ്ങി കഴിഞ്ഞിരുന്നു. ഞങ്ങള്‍ ബസില്‍ കയറി ആസ്ത്രിയക്കും സ്വിറ്റ്സര്‍ലന്‍ഡിനും ഇടയിലുള്ള ചെറിയ രാജ്യമായ ലിക്സ്റെന്‍സ്റ്റെന്യ്യ്നിലെക്ക് യാത്ര തിരിച്ചു.

http://www.malayalanatu.com/component/k2/item/196-2015-07-31-03-28-00 

Monday 24 August 2015

മേജറായ രൂപയും മൈനറായ യുവാനും

രൂപ മേജറായി, ഇനി അവള്‍ക്കു വോട്ടവകാശവും കല്യാണപ്രായവും ആയി. തിങ്കളാഴ്ച  രാവിലെ മുതല്‍ സോഷ്യല്‍ മീഡിയകളിള്‍ പ്രചരിച്ച തമാശ കാര്‍ട്ടൂണുകള്‍ യു എ ഇ നിവാസികളുടെത് ആയിരുന്നു.  ഒരു അറബ് എമിരേറ്റ്സ് ദിര്‍ഹം കൊടുത്താല്‍ പതിനെട്ടു  രൂപ ലഭിക്കുമെന്നായപ്പോള്‍ കടം മേടിച്ചും ലോണ്‍ എടുത്തും ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്ന് വലിച്ചും നാട്ടിലേക്ക് പണം ചവിട്ടുന്ന തിരക്കിലായിരുന്നു ഇന്ത്യക്കാര്‍ എന്നാണ് വാര്‍ത്ത. രൂപയെ കെട്ടിച്ചു വിടാനുള്ള സ്ത്രീധനം സ്വരൂപിക്കയായിരുന്നിരിക്കാം.

ഇന്ത്യന്‍ കറന്‍സി മാത്രമല്ല ഡോളറോ ഡോളറുമായി ബന്ധിച്ചിട്ടില്ലാത്തതുമായ  എല്ലാ കറന്‍സികളും താഴേക്കു നിപതിക്കുന്ന കാഴ്ച ആണ് തിങ്കളാഴ്ച ലോകം കണ്ടത്. . ലോകത്തിലെ എല്ലാ സ്റ്റോക്ക്‌ എക്സ്ചെഞ്ചുകളും നിലംപരിശായി.  തിങ്കളാഴ്ച  മാത്രം ഇന്ത്യന്‍  വിപണിക്ക് നഷ്ടപ്പെട്ടത്  ഏഴു  ലക്ഷം കോടി രൂപയാണ്.  എണ്ണ ഉത്പാദക രാജ്യങ്ങളുടെ സാമ്പത്തീക സ്ഥിതിയും കഴിഞ്ഞ ഒരു വര്‍ഷമായി പരുങ്ങലില്‍ ആണ്. എല്ലാ കഴിഞ്ഞ ഏഴു വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുന്നു. സ്വര്‍ണ്ണവും വെറും മഞ്ഞളിച്ചു നില്‍ക്കുന്ന ഒരു ലോഹം മാത്രമായി മാറുന്ന കാഴ്ചയും നമ്മള്‍ കണ്ടു കൊണ്ടിരിക്കയായിരുന്നു.

ലോകത്തിലെ വമ്പന്‍ സ്രാവായ ചൈനയുടെ സമ്പദ് ഘടനയിലുണ്ടായ മാന്ദ്യം ആണ് ലോക വിപണിയെ കഴിഞ്ഞ ഏഴു വര്‍ഷത്തിലെ ഏറ്റവും വലിയ തകര്‍ച്ചക്ക് കാരണമാക്കിയത്. കുറെ  നാള്‍ ആയി മാന്ദ്യത്തില്‍ ആയിരുന്ന ചൈന ആഗസ്റ്റ്‌ പതിനൊന്നിനു നടത്തിയ യുവാന്‍റെ മൂല്യശോക്ഷണത്തില്‍ നിന്നാണ് ഈ വലിയ തകര്‍ച്ച ലോകമെങ്ങും അരങ്ങേറിയത്.  ഒന്‍പതു ശതമാനമാണ് ചൈന വിപണിയിലെ ഇടിവെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍  തിങ്കളാഴ്ച  ആറു  ശതമാനത്തോളം തകര്‍ച്ച ആണ് നേരിട്ടത്. യൂറോപ്യന്‍ വിപണിയില്‍ നാലര ശതമാനവും തകര്‍ച്ച നേരിട്ടൂ .  അമേരിക്കന്‍ വിപണിയും ആറു ശതമാനം വരെ ഇടിഞ്ഞു വെങ്കിലും മൂന്നര ശതമാനം നഷ്ടത്തില്‍ ആണ്   വിപണി ക്ലോസ് ചെയ്തത്.

ലോകം വല്ലാത്തൊരു മാന്ദ്യത്തെ വരവേല്‍ക്കുകയാണ്. റഷ്യക്ക് എതിരെയുള്ള അമേരിക്കന്‍ ഉപരോധം മുതല്‍, രണ്ടായിരത്തി ഏഴിലെ കൊടിയ മാന്ദ്യത്തില്‍ നിന്ന് ഇനിയും കരകയറാത്ത യൂറോപ്പും ഗ്രീസ്, സ്പെയിന്‍ , ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ അധിക ചിലവിനാല്‍ നട്ടം തിരിയുകയായിരുന്നു. അമേരിക്ക തങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയതും ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ രാജ്യമായ ചൈനയുടെ അസംസ്കൃത വസ്തുക്കളുടെ ആവശ്യകതയും   ആണ് ഈ മാന്ദ്യത്തിനു കാരണം. ചുരുക്കി പറഞ്ഞാല്‍  അമേരിക്കയും ചൈനയും തമ്മില്‍ നടന്ന മുതലാളിത്ത മേധാവിത്വ മത്സരം ആണ് ഇപ്പോഴുണ്ടായ ഈ ദുസ്ഥിതിക്ക് കാരണം. 2007 അമേരിക്കന്‍ മാന്ദ്യത്തിനു കാരണക്കാര്‍ എന്ന് അമേരിക്ക ഇന്നും കരുതുന്ന ചൈനയ്ക്കു കൊടുത്ത തിരിച്ചടിയായി നിരീക്ഷകര്‍ ഇതിനെ കാണുന്നു.  

മോഡിയിലുള്ള അമിത വിശ്വാസത്തില്‍ ഇന്ത്യന്‍ വിപണി ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്  അത്യദ്ധ്വാനം ചെയേണ്ടി വന്നിരുന്നു. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഇന്ന് പലിശ നിരക്ക് കാല്‍ ശതമാനം കണ്ടു കുറച്ചതും ഇന്ന് ഇന്ത്യന്‍ വിപണിക്കും അമേരിക്കന്‍ വിപണിക്കും നേട്ടമായി. അതിനാല്‍  ഇന്ത്യന്‍ കറന്‍സി ഉള്‍പ്പെടെ ഇന്നലെ ഇടിഞ്ഞ കറന്‍സികളെല്ലാം ചെറിയ മുന്നേറ്റങ്ങള്‍ കാഴ്ച വയ്ക്കുകയും ചെയ്തു.    ചൈന ഒഴികെയുള്ള ലോക വിപണികള്‍ വീണ്ടും സജീവമാകുന്ന കാഴ്ചയാണ് ചൊവ്വാഴ്ച ലോകം ദര്‍ശിച്ചത്.

ആഗോള വിപണിയില്‍ എണ്ണ വില കൂടിയപ്പോഴും ഇന്ത്യയില്‍ വില കുറയ്ക്കാതെ കുത്തകകളെ സഹായിച്ചപ്പോള്‍ തന്നെ പെട്രോളിന്മേലുള്ള നികുതി കൂട്ടി അധികം ധനം സ്വരൂപിക്കുകയും അതുവഴി പണപ്പെരുപ്പം കുറയ്ക്കുവാന്‍ സഹായിച്ചതും കൊണ്ടാകാം സര്‍ക്കാര്‍ വിപണിയില്‍ കാര്യമായി ഇടപെടാതിരിക്കുന്നത്‌. ഈ ഒരു കാരണത്താല്‍ തന്നെ ഇന്ത്യക്ക് ഉടനൊന്നും പേടിക്കാന്‍ ഇല്ല. ഇന്ത്യയുടെ പക്കല്‍ 38000 കോടി ഡോളര്‍ കരുതലായുണ്ട്. ചൊവാഴ്ച റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിക്കുകയും തദ്ദേശിയ ധനകാര്യ സ്ഥാപനങ്ങളെ കൊണ്ട് ഓഹരികള്‍ വാങ്ങിപ്പിക്കുകയും ചെയ്തു. ഈ സ്ഥിതി വരും ദിവസങ്ങളിലും തുടര്‍ന്നേക്കും.

യു എ ഇ ഉള്‍പ്പെടെ ഗള്‍ഫ് മേഖല വല്ലാത്ത സാമ്പത്തീക പ്രതിസന്ധിയില്‍ ആണ്. റഷ്യന്‍, ചൈനീസ്‌ വിനോദസഞ്ചാരികളുടെ വരവിലെ തളര്‍ച്ച സേവന മേഖലയെയും എണ്ണ വിപണിയിലെ കടുത്ത വിലയിടിവ് മറ്റെല്ലാ മേഖലകളെയും മാന്ദ്യത്തിലേക്ക് നയിക്കുകയാണ്.  റബര്‍ വിലയിടിവിനാല്‍ നട്ടം തിരിയുന്ന കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ദുബായ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വിനിമയങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. അനേകം പേര്‍ക്ക് ജോലി നഷ്ടപ്പെടുന്ന ഒരവസ്ഥ ഉണ്ടായിക്കൂടെന്നില്ല. പ്രവാസ സമൂഹം നെഞ്ചിടിപ്പിലാണ്.

നിത്യോപയോഗ സാധനങ്ങളായ ഉള്ളിയുടെയും തക്കാളിയുടെയും വിലകള്‍ മാനം മുട്ടെ നില്‍ക്കുകയാണ് ഇന്ത്യയില്‍. പെട്രോള്‍ വിലക്കുറവിനാല്‍   പണപ്പെരുപ്പം കുറഞ്ഞു നിന്ന അവസ്ഥയില്‍ നിന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പണപ്പെരുപ്പം വീണ്ടും  വര്‍ദ്ധിപ്പിക്കും എന്നാണു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സര്‍ക്കാറിന്റെ ക്രിയാത്മക ഇടപെടല്‍ ഉറ്റു നോക്കുകയാണ് നിക്ഷേപക വൃന്ദം .

Saturday 22 August 2015

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി


സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയാണ് ഇത്തവണ നാട്ടില്‍ പോയി വന്നപ്പോള്‍ വാങ്ങിയ പുസ്തകങ്ങളില്‍ ഒരെണ്ണം. ആദ്യംവായിച്ചതും അത് തന്നെ. മലയാളിയുടെ ഗള്‍ഫ് പ്രണയത്തിനു മുന്നേയുള്ള ആവാസ കേന്ദ്രമായിരുന്ന കൊളംബും ലങ്കയും ഗള്‍ഫ് പണത്തില്‍ ഓര്‍മ പോലും അല്ലാതെ മാറിയപ്പോള്‍ ടിഡി രാമകൃഷ്ണന്‍ ചരിത്രവും മിത്തും രാഷ്ട്രീയവും ദേശിയതയും ചേര്‍ത്തിണക്കി മനോഹരമായൊരു വായനയിലൂടെ ലങ്കയെ നമുക്ക് തിരികെ നല്‍കിയിരിക്കയാണ്.
ഈ പുസ്തകവും ആയി ഫ്ലൈറ്റില്‍ ഇരിക്കുമ്പോഴാണ് @കെ എം ജയഹരി മലയാളനാട് വാരികയില്‍ എഴുതിയ ആദ്യാക്ഷരമാണ് ആല്‍ഫ (http://malayalanatu.com/comp…/…/item/200-2015-07-31-16-00-04) എന്ന ലേഖനം വായിക്കുന്നത്. വിഷയം സദാചാരം ആയിരുന്നെങ്കിലും ആല്‍ഫ എന്ന നോവലിന് ഇക്കാലയളവില്‍ എഴുതപ്പെട്ട ഒരു പഠനമായിട്ടാണ് വായനയില്‍ തെളിഞ്ഞുവന്നത്.
. ഫ്രാന്‍സിസ് ഇട്ടിക്കോരയാകട്ടെ മലയാളക്കര ഒന്നടങ്കംഏറ്റെടുത്ത ഒരു മായാ പ്രപഞ്ചം തന്നെ വായനക്കാരുടെ മുന്നില്‍ സൃഷ്‌ടിച്ച നോവല്‍ ആണ്. വിവാദങ്ങളും വിമര്‍ശനങ്ങളും അതിലേറെസ്വീകാര്യതയും ഏറ്റുവാങ്ങിയ ഇട്ടിക്കോരക്ക് ശേക്ഷം എഴുതിയ കൃതിയെന്ന നിലയ്ക്ക് വളരെ ആകാംഷയോടെ ആണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി വായനക്കാര്‍ ഏറ്റു വാങ്ങിയത്. പ്രമേയവും ആഖ്യാനവും ഇട്ടിക്കോരയില്‍ നിന്ന് തുലോം വ്യത്യസ്തമാണ് എന്ന് നോവലിസ്റ്റ് ആവര്‍ത്തിക്കുമ്പോള്‍ പോലും നോവലിന്‍റെ ശൈലിയില്‍ ഇട്ടിക്കോര ഒളിഞ്ഞു നോക്കുന്നത് വായനക്കാര്‍ക്ക് കാണാം.
. ജാഫ്ന മെഡിക്കല്‍ കോളജിലെ ഡോക്ടറായിരുന്ന രജനി തിരണഗാമ എന്ന മനുഷ്യാവകാശ പ്രവര്‍ത്തക 1989ല്‍ ശ്രീലങ്കയില്‍ വധിക്കപ്പെട്ടു.. എല്‍.ടി.ടി.ഇയോട് അനുഭാവമുണ്ടായിരുന്ന അവര്‍ പുലികളുടെയും സിംഹള പട്ടാളത്തിന്‍െറയും മനുഷ്യാവകാശ ധ്വംസനങ്ങളെ നിശിതമായി വിമര്‍ശിച്ചതിന്‍െറ ഫലമായിട്ടാണ് അവര്‍ വധിക്കപ്പെടുന്നത്. ആരാണ് രജനി തിരണഗാമയെ വധിച്ചത് എന്നത് ഇപ്പോഴും വളരെ ദുരൂഹമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകയായ രജനി തിരണഗാമയെയും വീരപരിവേഷമുള്ള സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന മിസ്റ്റിക്കല്‍ കഥാപാത്രത്തെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു ഞാണിന്‍മേല്‍ കളിയില്‍ ഭൂതവും വര്‍ത്തമാനവും ഭാവനയില്‍ ചാലിക്കുകയായിരുന്നു നോവലിസ്റ്റ് എന്നു വേണം കരുതാന്‍. ആധുനിക സാങ്കേതിക വിദ്യയും പ്രണയമില്ലാത്ത രതിയും യാഥാര്‍ത്ഥ്യങ്ങള്‍ക്കും മിത്തുകള്‍ക്കുമിടയില്‍ പലയാവര്‍ത്തി ഉരുവിടുന്നത് വായനക്കാര്‍ക്ക് അരോചകമാകുന്നു എന്ന് വേണം പറയാന്‍.
ചരിത്രവും വര്‍ത്തമാനവും ഒന്നുപോലെ ഹിംസകളുടെ നാടാണെന്നാണ് ശ്രീലങ്കന്‍ ചരിത്രം പറഞ്ഞു തരുന്നത്. പോരാട്ടങ്ങളുടെ ചിത്രമാണ്, ചരിത്രമാണ് ഈ നോവല്‍. സിംഹള പാണ്ഡ്യ ചേര ചോള യുദ്ധങ്ങള്‍ തുടങ്ങി തമിഴ് - സിംഹള വംശീയ പോരാട്ടങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല ഇതിലെ യുദ്ധങ്ങള്‍ . മഹീന്ദ്ര രാജപക്സെയുടെ കാലത്ത് ചൈനയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടുപോയ ലങ്കയില്‍ പിടിമുറുക്കാന്‍ തത്രപ്പെടുന്ന അമേരിക്കന്‍ സി ഐ എ യെ തുറന്നു കാണിച്ചും ഇന്ത്യന്‍ താല്പര്യങ്ങളെയും അസഹിഷ്ണതെയെയും പറയാതെ തൊട്ടു കാണിച്ചും ഈ നോവല്‍ ഒടുവില്‍ ഫാസിസത്തിനും സര്‍ക്കാരിനുമെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ഭാവിയില്‍ ജനാതിപത്യവിരുദ്ധതക്ക് സ്ഥാനമില്ല എന്ന് ഓര്‍മപ്പെടുത്തുന്നു.
യുദ്ധങ്ങള്‍ എന്നും സ്ത്രീകള്‍ക്ക് എതിരാണ്. യുദ്ധങ്ങളും പ്രഷോഭങ്ങളും പോരാട്ടങ്ങളും എല്ലാം മുന്‍നിരയില്‍ സ്ത്രീകള്‍ ഇല്ലെങ്കില്‍ പോലും യുദ്ധ കെടുതികള്‍ അനുഭവിക്കുന്നത് അവരാണ്. ക്രൂരമായ ബലാത്സംഗം, പട്ടിണി, കൊടുംപീഡനങ്ങള്‍ ഇവയെല്ലാം വിധിക്കപ്പെട്ടത് സ്ത്രീകള്‍ക്കാണ്. രജനിയും സുഗന്ധിയും മാത്രമല്ല ഈ നോവലിലെ സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം വിധിക്ക് മുന്നില്‍ തോല്‍ക്കുന്നതിനു കാരണവും വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും യുദ്ധത്തിന്‍െറ മനുഷ്യത്വരഹിതമായ വെല്ലുവിളികളെ നേരിടാന്‍ കഴിയാത്തത് കൊണ്ട്. മാത്രമാണ്. സ്ത്രീകള്‍ക്കെതിരായ എല്ലാവിധ അക്രമങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനത്തിനും എതിരെ ഈ നോവല്‍ ശക്തമായ സന്ദേശം നല്‍കുന്നുണ്ട് എന്നതാണ് ഈ തോല്‍വിയിലും പ്രചോദനം നല്‍കുന്നത്.
മിത്തോളജിക്കലായി, രാഷ്ട്രീയപരമായി, വംശീയമായി, സാംസ്കാരികമായി വളരെ സങ്കീര്‍ണമായ ഒരു രാജ്യമാണ് ശ്രീലങ്ക. അത് കൊണ്ടാകാം നോവലിസ്റ്റ് പ്രമേയത്തില്‍ രാഷ്ട്രീയവും മിത്തും വംശീയതയും പോരാട്ടങ്ങളും കൊണ്ട് നോവലിനേയും സങ്കീര്‍ണ്ണമാക്കിയത്.
സിഗിരിയ വിവരണം ഇന്നും ലോകത്തിന്‍റെ പല ഭാഗത്തും ഉന്നത ശ്രേണിയില്‍ നടക്കുന്ന കച്ചവടങ്ങളുടെയും കാപട്യങ്ങളുടെയും ചതിയുടെയും കൂട്ടിക്കൊടുപ്പിന്റെയും വ്യഭിചാരത്തിന്‍റെയും ലോബിയിങ്ങിന്റെയും യാഥാര്‍ത്ഥ്യം വിളിച്ചു പറയുകയാണ്‌.
ചരിത്രമേത്, മിത്തേത്, യാഥാര്‍ഥ്യമേത്, ഭാവനയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ ഒരു സംഭ്രമം വായനക്കാരനുണ്ടാക്കുകയാണ് ഈ നോവലിലൂടെ. ഫ്രാന്‍സിസ് ഇട്ടിക്കോരയിലും ഇതേ ശൈലി തന്നെയാണ് കഥാകാരന്‍ ഉപയോഗിച്ചത്. ചില അവസരങ്ങളില്‍ പത്ര റിപ്പോര്‍ട്ടുകള്‍ പോലെ ആഖ്യാനം വഴിമറന്നു പോയോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.
ഈഴത്തിനോടോ മറ്റേതെങ്കിലും പോരാട്ടങ്ങളോടോ ഒരു പ്രതിപത്തിയും ഇല്ല എന്ന് പറയുമ്പോള്‍ കൂടി തമിഴ് വംശീയതക്ക് പിന്തുണ നല്‍കുന്ന ഒരു ശൈലി സ്വീകരിച്ചിരിക്കുന്നത് ഈ നോവലിന്‍റെ തമിഴ് പരിഭാഷയ്ക്ക് കിട്ടാനിടയുള്ള സ്വീകാര്യതക്ക് വേണ്ടിയിട്ടാകണം. ഇത് പറയാന്‍ കാരണം ഇട്ടിക്കോര എഴുതുമ്പോള്‍ നോവലിസ്റ്റ് ആ നോവലിന്‍റെ കച്ചവട സാധ്യത പരിഗണിച്ചിരുന്നില്ല എന്ന് പ്രസ്താവിച്ചത് ശ്രദ്ധയില്‍ പെട്ടത്കൊണ്ടാണ്.

Thursday 2 July 2015

കലയുടെ നിറവായ ഫ്ലോറന്‍സും ചരിയുന്ന പിസയും

ആറുമണിക്ക് തന്നെ ഞങ്ങള്‍ റെഡി ആയി പ്രഭാത ഭക്ഷണം കഴിക്കുവാന്‍ എത്തി. പ്രഭാത ഭക്ഷണം കഴിഞ്ഞു ഏഴു മണിയോടെ എല്ലാവരും ബസ്സില്‍ കയറി ഇരിപ്പുറപ്പിച്ചു. ഞങ്ങള്‍ക്ക് ഫ്ലോറസില്‍ ഇന്ത്യന്‍ പ്രഭാത ഭക്ഷണവും മസാല ചായയും ഹലോജി ഇതിനിടയില്‍ ഏര്‍പ്പാട് ചെയ്തിരുന്നു. പക്ഷെ ഹോട്ടലില്‍ അവ വിളമ്പുവാന്‍ ഹോട്ടലുടമകള്‍ തയ്യാറായില്ല. എന്തായാലും, ട്രെയിനില്‍ ഒക്കെ കാണുന്ന രീതിയില്‍ ഒരു ചായ പാത്രത്തില്‍ ചായയും, കുറെ പ്ലാസ്റ്റിക്ക് കപ്പുകളും, അതോടൊപ്പം ഒരു കാര്‍ട്ടനില്‍ ഉരുളക്കിഴങ്ങ് ബോണ്ടയും. ഹോട്ടലിന്റെ ഗേറ്റിനു വെളിയില്‍ അനാഥമായി വച്ചിരിക്കയാണ് ഇത് രണ്ടും.  എല്ലാവരും ബസില്‍ കയറിയപ്പോള്‍ ഹലോജി എന്നെ വിളിച്ചു രഹസ്യമായി പറഞ്ഞു, ഗേറ്റിനു വെളിയില്‍ ചായയും ഇന്ത്യന്‍ പ്രഭാത ഭക്ഷണവും ഉണ്ട്. ബസ് വെളിയില്‍ വരുമ്പോള്‍ അതെടുത്തു ബസ്സിന്‍റെ ലഗേജു കമ്പാര്‍ട്ട്മെന്റില്‍  വയ്ക്കണം. ഞാന്‍ സുഹൃത്തായ ജോണ്‍സനെയും കൂട്ടി ഹോട്ടലിന്റെ ഗേറ്റിനു പുറത്തു കാവല്‍ നിന്നു. 

ബസ് ഇത് വരെയും സ്റ്റാര്‍ട്ട്‌ ആയിട്ടില്ല, പതിനൊന്നു മണിക്കൂര്‍ തുടര്‍ച്ചയായി ഓഫ്‌ ആയി കിടന്നാല്‍ മാത്രമേ ബസിലെ കമ്പ്യൂട്ടര്‍ ഓണ്‍ ആകുകയുള്ളൂ എന്നാണ് ബസ് ഡ്രൈവര്‍ പീറ്റര്‍ ഇതിനു കാരണം പറയുന്നത്. എന്തായാലും ഞാനും ജോണ്സനും ചായക്ക് കാവല്‍ നില്‍ക്കുന്നു. ഹോട്ടലിന്റെ മാനേജര്‍ ആണെന്ന് തോന്നുന്നു, ഒരു വയസായ സ്ത്രീ ഗേറ്റിനു വെളിയില്‍ വന്നു ആശ്ചര്യത്തോടു കൂടി ചായപ്പാത്രവും ബോക്സും നോക്കുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ ഇവ ഞങ്ങളുടേത് അല്ല എന്ന തോന്നല്‍ അവര്‍ക്ക് കൊടുക്കുവാന്‍ വേണ്ടി പെട്ടെന്ന് ഗേറ്റിനകത്തെക്ക് ഉള്‍വലിഞ്ഞു. അനാഥ വസ്തുക്കള്‍ കണ്ടാല്‍ ഇറ്റലിക്കാര്‍ അത് പോലീസിനു റിപ്പോര്‍ട്ട് ചെയുകയാണ് പതിവ് എന്ന് കേട്ടിട്ടുണ്ട്. ഹലോജിക്ക് ഒരു പണി കൊടുക്കുകയുമാവാം, എന്നിട്ട് അതിന്‍റെ തമാശ ആസ്വദിക്കുകയുമാവാം എന്ന് കരുതിയാണ് ഞങ്ങള്‍ മാറി നിന്നത്. എന്തായാലും ആ സ്ത്രീ കുറച്ചു കൂടി മുന്നോട്ട് പോയി, ഫോണിലെ ക്യാമറ കൊണ്ട് അവയുടെ ചിത്രം എടുത്തു. അത് കഴിഞ്ഞു അവര്‍ ആരെയോ ഫോണില്‍ വിളിക്കുകയും ചെയ്തു. എന്തായാലും പെട്ടെന്ന് ബസ് സ്റ്റാര്‍ട്ട്‌ ആയി ഗേറ്റിനു വെളിയില്‍ വന്നു. ഞങ്ങള്‍ ഞങ്ങളുടെ ചായയും ബോണ്ടയും ബസിന്‍റെ ലഗേജു കമ്പാര്‍ട്ട്മെന്റില്‍ വച്ചു. ഞങ്ങളും ബസ്സില്‍ കയറി.

ഹോട്ടലില്‍ നിന്ന് അര മണിക്കൂര്‍ യാത്ര ചെയ്യണം ഫ്ലോറെന്‍സില്‍ എത്തുവാന്‍. മനോഹരമായിരുന്നു ആ യാത്ര. കുന്നുകളും താഴ്വരകളും പച്ച പുതച്ചു നില്‍ക്കുന്നു. നോക്കെത്താ ദൂരത്തോളം കൃഷിയിടങ്ങള്‍. ആപ്പിളും മുന്തിരിയും വിളയുന്ന തോട്ടങ്ങള്‍. ടസ്ക്കനി ലോകത്തിലെ ഏറ്റവും നല്ല വീഞ്ഞ് ഉത്പാദിപ്പിക്കുന്ന പ്രദേശം ആണ്. 

അതെ, ഞങ്ങള്‍ ഇപ്പോള്‍ ടസ്ക്കനിയില്‍ ആണ്. ഐക്യ ഇറ്റലി രൂപപ്പെടുന്നതിന് മുന്നേ ഫ്ലോറന്‍സ് ഉള്‍പ്പെടുന്ന ടസ്ക്കനി പ്രദേശം ഒരു സ്വതന്ത്ര രാജ്യം ആയിരുന്നു. തസ്ക്കനിയുടെ തലസ്ഥാനം ആണ് ഫ്ലോറെന്‍സ്. ഇറ്റാലിയന്‍ നവോഥാനത്തിന്റെ ഈറ്റില്ലം ആണ് ഫ്ലോറെന്‍സ്. ലോകത്തിലെതന്നെ ഏറ്റവും പ്രശസ്തര്‍ ആയ കലാകാരന്‍മാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് ഫ്ലോറന്‍സ്. മൈക്കലാഞ്ചലോ, ലിയോനാര്‍ഡോ ഡാവിഞ്ചി, ബോട്ടിസേല്ലി, വിഖ്യാത സംഗീതഞ്ജന്‍ ആയ ലോറെന്‍സോ ദി മാഗ്നിഫിഷന്റ്, ഗലീലിയോ, ഫ്ലോറന്‍സ് നൈറ്റിന്‍ഗള്‍, ഫാഷന്‍ ലോകത്തെ പ്രമൂഖരായ ഗുച്ചി, കാവല്ലി, ഇംഗ്ലീഷ് കവികളായ റോബര്‍ട്ട്, എലിസബത്ത്‌  ബ്രൌണിംഗ് എന്നിവരുടെ എല്ലാം ജന്മദേശം ആണ് ഫ്ലോറന്‍സ്. 

വിനോദ സഞ്ചാരികളുടെ പറുദീസയാണ്‌ ഫ്ലോറന്‍സ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലഘട്ടത്തില്‍ സ്വദേശികളെക്കാള്‍ വളരെയധികം സഞ്ചാരികള്‍ എത്തുന്ന പട്ടണം ആണ് ഫ്ലോറന്‍സ്. ലോത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിനോദ സഞ്ചാര കേന്ദ്രം ആയിട്ടാണ് ഫ്ലോറന്‍സ് അറിയപ്പെടുന്നത്. യൂറോപ്പിലെ ഏറ്റവും പ്രസിദ്ധമായ മ്യൂസിയങ്ങളില്‍ ഒന്നായ യുഫിറ്റ്സി  ഗാലറിയും അക്കാദമിയയും ഫ്ലോറന്‍സില്‍ ആണ്. ഇവിടെ നേരത്തെ ബുക്ക് ചെയ്യുകയോ വലിയ ക്യൂ നില്‍ക്കുകയോ വേണം അകത്തു കടക്കുവാന്‍. അതിനാല്‍ ഞങ്ങള്‍ക്ക് ഈ ഗാലറികള്‍ കാണുവാനുള്ള സാധ്യതയില്ല. നവോത്ഥാന കാലഘട്ടത്തിലെ കലാകാരന്മാരായ, റാഫേല്‍, മൈക്കലാഞ്ചലോ, ഡാവിഞ്ചി, ടിട്യന്‍, ബോട്ടിസെല്ലി , മോനകോ, ബെല്ലിനി തുടങ്ങി അനേകരുടെ ലോക പ്രശസ്തമായ പെയിന്റിങ്ങുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കലയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചു വാച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പട്ടണം ആണ് ഫ്ലോറന്‍സ്. 

പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയില്‍ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തീക, രാഷ്ട്രീയ,  കലാ കേന്ദ്രമായി അറിയപ്പെട്ടിരുന്നത് ഫ്ലോറന്‍സ് ആണ്. യൂറോപ്പിന്‍റെ വളര്‍ച്ചക്ക് ഫ്ലോറന്‍സ് പണം ആണ് ഉപയോഗിച്ചിരുന്നത്. ഇംഗ്ലീഷ് രാജാക്കന്മാര്‍ക്ക് യുദ്ധങ്ങള്‍ക്ക് സാമ്പത്തീക സഹായം നല്‍കിയിരുന്നത് ഫ്ലോറന്‍സിലെ ബാങ്കുകള്‍ ആയിരുന്നു. പ്രശസ്തമായ മെഡിസി കുടുംബം ആണ് ഫ്ലോറന്‍സിന്‍റെ ഭരണം കയ്യാളിയിരുന്നത്. പതിനാറാം നൂറ്റാണ്ടിലെ ആദ്യ രണ്ടു പോപ്പുമാര്‍ മെഡിസി കുടുംബത്തില്‍ നിന്നായിരുന്നു എന്ന് മാത്രമല്ല, ബാങ്കേര്‍സ് ആയിരുന്ന മെഡിസി കുടുംബം ആണ് വത്തിക്കാന്‍റെ ആദ്യകാല ബാങ്കിംഗ് നടത്തിയിരുന്നത്.

അരമണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ഫ്ലോറന്‍സില്‍ എത്തി. ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാന്‍ അതി വിശാലമായ പാര്‍ക്കിംഗ് സൗകര്യം. പാര്‍ക്കിങ്ങിനോട് അനുബന്ധമായി ഒരു പാര്‍ക്ക്. ബസ് പാര്‍ക്ക് ചെയ്ത ശേക്ഷം ഞങ്ങള്‍ ഇന്ത്യന്‍ മസാല ചായയും ബോണ്ടയും ആയി പാര്‍ക്കിലെ ഒരു ബഞ്ചിനടുത്ത് ചെന്ന് എല്ലാവര്‍ക്കും ചായയും ആലു ബാജിയും നല്‍കി. കാനഡയില്‍ നിന്നും വന്ന ഡല്‍ഹിക്കാരി ശ്വേത പൊട്ടറ്റോ ബോണ്ട  എന്നറിയാതെ ആവണം ആക്രാന്തത്തോടെ ഏഴെട്ടു ബോണ്ടകളും വാങ്ങി പോയി.  കുറെ കഴിഞ്ഞു, മൂന്നോ നാലെണ്ണം തിരികെ കൊണ്ട് വരുന്നതും കണ്ടു. എന്തായാലും ചായയും ബോണ്ടയും എല്ലാവര്ക്കും നല്കിയതിനാലാവണം എനിക്കൊരു ബോണ്ട പോലും രുചിച്ചു നോക്കാന്‍ തോന്നിയില്ല. വാഹനം പാര്‍ക്ക് ചെയ്ത ഇടത്ത് നിന്നും ചരിത്ര പ്രസിദ്ധമായ സാന്ത മരിയ കത്തീഡ്രലും, മ്യൂസിയങ്ങളും കൊട്ടാരവും സ്ഥിതി ചെയുന്ന പ്ലാസ ഡല്‍ ദുവാമയിലേക്ക് നടന്നു. ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററില്‍ അധികം നടക്കണം പ്ലാസ ഡല്‍ ദ്യുവാമയില്‍  എത്തുവാന്‍. കാലത്തെ മുതലേ ടൂറിസ്റ്റുകളുടെ ഒഴുക്കാണ്. അധികവും യുവജനങ്ങള്‍. 

ഏകദേശം ഇരുനൂറിലധികം ആര്‍ട്ട് മ്യൂസിയങ്ങള്‍ ഈ പ്ലാസയില്‍ ഉണ്ടെന്നും ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഈ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാന്‍ വരാറുണ്ട് എന്നും ഹലോജി ഇതിനിടയില്‍ പറഞ്ഞു. വളരെ ദൂരം നടക്കേണ്ടിയിരുന്നതിനാല്‍ ഞങ്ങളോടൊപ്പം വന്ന ഡോ. വൈനിയും അവരുടെ ഭര്‍ത്താവ് ഡോ. മാത്യുവും പാര്‍ക്കില്‍ തന്നെ ഇരുന്നതെ ഉള്ളൂ. അതി വിശാലമായ പ്ലാസയില്‍ ജനങ്ങളുടെ തിക്കും തിരക്കും. ഫ്ലോറന്‍സിന്‍റെ പ്രിയപ്പെട്ട കലാകാരുടെ പ്രധാനപ്പെട്ട കലാരൂപങ്ങള്‍ പ്ലാസയില്‍ കാണാം. അവിടെ ഞങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചത്  മൈക്കലാഞ്ചലോയുടെ  ശില്പ ചാതുര്യം വിളിച്ചോതുന്ന യുവാവായ ഡേവിഡിന്‍റെ പൂര്‍ണ്ണ നഗ്നമായ വിഖ്യാതമായ ശില്‍പം. ഒരു പക്ഷെ പിയാറ്റയെക്കാളും അദേഹത്തിന്റെ നമ്മള്‍ ഇഷ്ടപ്പെടുന്ന കലാരൂപം ഡേവിഡിന്റേതു ആകും.   ഫ്ലോറൻസ് കത്തീഡ്രലിൽ നിന്ന് ഏതാനും മീറ്റർ അകലെയായുള്ള പിയാസ ഡെല്ല സിഗ്നോറിയ  എന്ന സ്ക്വയറിലാണ് ഈ ശില്പം സ്ഥാപിച്ചിരിക്കുന്നത്. ദാവീദിനെ കൂടാതെ സമുദ്രദേവനായ നെപ്ട്യൂണിന്റെയും മെഡൂസയുടെ തല കൊയ്തെടുക്കുന്ന പെർസ്യൂസിന്റെയുമൊക്കെ ശില്പങ്ങൾ  പിയാസ ഡെല്ല സിഗ്നോറിയയില്‍  കാണാം.

യൂറോപ്പിന്റെ നവോത്ഥാനത്തിന്‌  വിത്തു പാകിയ നഗരം എന്ന പേരിലാണ്‌ ഫ്ലോറൻസ് ലോകമെങ്ങും പ്രസിദ്ധിയാർജ്ജിച്ചത്. റോമൻ സാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷം കലാരംഗത്തും ശാസ്ത്രരംഗത്തും കാര്യമായ പുരോഗതിയൊന്നുമില്ലാതെ ദീർഘകാലം ഇരുണ്ടയുഗത്തിലായിരുന്നു യൂറോപ്പ്. ഈ ഇരുണ്ട യുഗത്തിൽ നിന്ന് യൂറോപ്പിനെ കൈപിടിച്ചുയർത്തിയത് ഡാവിഞ്ചി, ഗലീലിയോ, മൈക്കൽ ആഞ്ചലോ, ബോട്ടിസെല്ലി തുടങ്ങിയരുടെ ബഹുമുഖ സംഭാവനകളാണ്‌. 

പിയാസയിലെക്കുള്ള പ്രവേശന കവാടത്തില്‍ രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ എത്തേണ്ട ഇടം കാട്ടി തന്ന ശേക്ഷം ഹലോജി മുങ്ങി. മുങ്ങുന്നതിനു മുന്നേ, ഫ്ലോറന്‍സ് നല്ല ഐസ് ക്രീം ലഭിക്കുന്ന ഇടം  ആണെന്ന് ഞങ്ങളോട് പറഞ്ഞു. പ്ലാസായിലെ പ്രധാന ശില്പങ്ങള്‍ ആസ്വദിച്ച ശേക്ഷം ഞങ്ങള്‍ സാന്താ മരിയ കത്തീഡ്രല്‍ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി. വേനൽക്കാലമായിരുന്നതിനാൽ ജനനിബിഡമായിരുന്നു പിയാസ ഡെല്ല സിഗ്നോറിയ.  തെരുവു ഗായകരും മജീഷ്യന്മാരും ടൂറിസ്റ്റുകളുമൊക്കെയായി വലിയൊരു സംഘം ജനക്കൂട്ടത്തിനു മിഴിവേകി..
  
നവോത്ഥാനകാലയൂറോപ്യൻ നിർമ്മിതിയുടെ മകുടോദാഹരണമാണ്‌ ഫ്ലോറൻസിലെ പ്രധാന ദേവാലയമായ ബസലിക്ക ഡി സാന്താ മരിയ ഡെൽ ഫ്ലൊറെ. പൂർണ്ണമായും മാർബിൾ കൊണ്ടു നിർമ്മിച്ചതാണ് ഫ്ലോറൻസ് കത്തീഡ്രൽ. ദേവാലയത്തിന്റെ അസ്ഥിവാരം മുതൽ മേൽക്കൂര വരെ മനോഹരമായ ചുവർചിത്രങ്ങളും ശില്പങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.  

യൂറോപ്പില്‍ ഏറ്റവും അധികം സന്ദര്‍ശകര്‍ വരുന്ന ഇടങ്ങളില്‍ ഒന്നാണ് പ്ലാസ ഡല്‍ ദ്യോമോ. ഇവിടെ സാന്താ മരിയ കത്തീഡ്രല്‍ കൂടാതെ, ജിയോട്ട രൂപ കല്പന ചെയ്ത മണി മന്ദിരം, വി ജോണിന്‍റെ നാമധേയത്തിലുള്ള മാമോദീസ പള്ളി. ഇതാണ് ഫ്ലോറന്‍സിലെ ഏറ്റവും പുരാതനമായ കെട്ടിടം. മണി മന്ദിരത്തിനോട്‌ ചേര്‍ന്നാണ് സാന്താ മരിയ കത്തീഡ്രല്‍. ഫ്ലോറന്‍സിലെ പ്രധാന ബസിലിക്കയും സാന്ത മരിയ ആണ്. 1296  ല്‍ പണി തുടങ്ങി 1436 ല്‍ പൂര്‍ത്തിയാക്കിയ ഈ ബസിലിക്ക പച്ച, പിങ്ക്, ചുവപ്പ് എന്ന മൂന്നു കളറുള്ള മാര്‍ബിളിനാല്‍ മോടി പിടിപ്പിച്ചിരിക്കുന്നു. മുഴുവനായി ഒരു ക്യാമറയില്‍ ഒതുക്കാന്‍ പറ്റാത്ത വലിയ കെട്ടിടം. വലിയ ജന സഞ്ചയം ആണ് ഈ ബസിലിക്കക്ക് ചുറ്റും.

ഇറ്റാലിയന്‍ പെയിന്‍റിംഗ് വില്‍ക്കുന്ന ഏഷ്യക്കാരെ പോലെ തോന്നിക്കുന്ന ചിലര്‍ ഞങ്ങളുടെ അടുക്കലും എത്തി. 25 യൂറോയില്‍ തുടങ്ങിയ വില പേശല്‍ അഞ്ചു യൂറോയില്‍ എത്തിയപ്പോള്‍ ഗ്രേസി രണ്ടു പെയിന്റിംഗുകള്‍  വാങ്ങി. ഞങ്ങളുടെ കൂടെ നിന്ന് കൂട്ടം തെറ്റി പോയ പലരെയും ഞങ്ങള്‍ കണ്ടപ്പോള്‍ ഗ്രേസി മേടിച്ച പെയിന്റിംഗ് അവര്‍ക്ക് കാട്ടി കൊടുത്തു. മനോഹരമായ ഈ പെയിന്റിംഗ് കണ്ടപ്പോള്‍ അവരില്‍ പലര്‍ക്കും വാങ്ങണം. ഒന്ന് രണ്ടു പേര്‍ പണം കൊടുത്ത് മേടിക്കുകയും മറ്റു ചിലര്‍ വാങ്ങുവാന്‍ തയ്യാറെടുക്കുകയും ചെയ്തപ്പോഴേക്കും എങ്ങു നിന്നോ പോലീസുകാര്‍ ചാടി വീണു. പെയിന്റിംഗ് വിറ്റുകൊണ്ടിരുന്നവര്‍ ഇതിനിടയില്‍ സ്ഥലം വിട്ടു. പെയിന്റിംഗ് വാങ്ങിച്ചവരുടെ കയ്യില്‍ നിന്ന് അതെല്ലാം പോലീസ് പിടിച്ചു വാങ്ങി. ഗ്രേസി കയ്യിലിരുന്ന പെയിന്റിംഗ് പോലീസിനു കൊടുക്കാതെ ഒരൊറ്റ ഓട്ടം. വനിതാ പോലീസ് ഗ്രെസിക്ക് പിന്നാലെ. എന്തായാലും ഓട്ട മത്സരത്തില്‍ ഇറ്റാലിയന്‍ പോലീസിനെ ബഹു ദൂരം പിന്നിലാക്കി ഗ്രേസി മുന്നിലെത്തി. അതിനാല്‍ ഗ്രേസിയുടെ കയ്യിലെ പെയിന്റിംഗ് നഷ്ടമായില്ല. ഇംഗ്ലീഷ് അറിഞ്ഞു കൂടാതതിനാല്‍ ആവോ എന്തോ, ഞാന്‍ പോലീസുകാരുടെ പിന്നാലെ പോയി പെയിന്റിംഗ് തിരികെ ആവശ്യപ്പെട്ടു. എന്നെ  ഒന്ന് കണ്ണുരുട്ടി നോക്കി ആ പെയിന്റിംഗ് തരാതെ അവര്‍ പോയി. അന്ന് മാത്രം അവിടെ സന്ദര്‍ശിക്കാന്‍ വന്ന ഞങ്ങള്‍ക്ക് അറിയില്ലല്ലോ ഈ പെയിന്റിംഗ് ഒക്കെ ഡ്യൂപ്ലിക്കേറ്റ്‌ ആണെന്നും അതവിടെ വില്‍ക്കാന്‍ പാടില്ലെന്നും അത് മേടിക്കാന്‍ പാടില്ല എന്നും. ഇതൊക്കെ ഞാന്‍ പറഞ്ഞത്  ഇറ്റാലിയന്‍ പോലീസുകാര്‍ക്ക് മനസിലായ ലക്ഷണം പോലും ഇല്ല. 

ഫ്ലോറന്‍സ് കലയ്ക്കു മാത്രമല്ല ഐസ് ക്രീമിനും വളരെ പ്രസിദ്ധമാണ്. എവിടെയും കൊതിപ്പിക്കുന്ന ഐസ് ക്രീം പാര്‍ലറുകള്‍. പല നിറത്തിലുള്ള ഐസ് ക്രീം. പിസാരിയത്തിനോട് ചേര്‍ന്നുള്ള അനേകം ഐസ് ക്രീം പാര്‍ലറുകളില്‍ ഒന്നില്‍ ഞങ്ങള്‍ മതി വരുവോളം ഐസ് ക്രീം കഴിച്ചു. ഐസ് ക്രീം കഴിച്ചു മീറ്റിംഗ് പോയിന്‍റില്‍ എത്തിയപ്പോള്‍ അവിടെ ഹലോജി ഞങ്ങളെ കാത്തു നില്‍ക്കുന്നു. വീണ്ടും ഞങ്ങള്‍ പിസാരിയത്തിനുള്ളിലെ തിരക്കില്‍ നിന്ന് വെളിയില്‍ വന്നു ആര്‍നോ നദിക്കു സമാന്തരമായി നടന്നു ഞങ്ങളുടെ ബസ്സിനെ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി. ആര്‍നോ നദി വലിയൊരു താഴ്ചയില്‍ ആണ്. അധികം വെള്ളമില്ല.  ആര്‍നോ നദിക്കു അക്കരെയുള്ള കുന്നിന്‍ മുകളില്‍ ഏതോ പള്ളിയില്‍ നിന്നും ബാന്‍ഡ് മേളത്തിന്റെ  അകമ്പടിയോടെ നമ്മുടെ നാട്ടിലെ പള്ളിപ്പെരുന്നാളുകള്‍ നടക്കുമ്പോള്‍ കാണുന്ന രീതിയിലുള്ള ഒരു പ്രദക്ഷിണം കാണുവാന്‍ കഴിയും. 

 ഞങ്ങള്‍ വീണ്ടും ബസില്‍ കയറി, ഇനി അടുത്ത ഞങ്ങളുടെ ലക്ഷ്യം ചായുന്ന പിസ ടവര്‍ ആണ്.  ഏകദേശം ഒരു മണിക്കൂര്‍ യാത്ര വേണം പിസാ നഗരത്തില്‍ എത്തുവാന്‍. പിസ കാണുന്നതിനു മുന്‍പ് തന്നെ ഉച്ച ഭക്ഷണം കഴിക്കണം. പിസയിലെക്കുള്ള പ്രധാന വീഥിയില്‍ ഭക്ഷണ ശാലകളുടെ ഒരു സങ്കേതം. ടൂറിസ്റ്റുകള്‍ മാത്രമാണ് ഇവിടെ ഭക്ഷണം കഴിക്കുവാന്‍ എത്തുക. നഗരം പിസ ആയിരുന്നതിനാലും,  കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇന്ത്യന്‍ ഭക്ഷണം കഴിച്ചതിനാലും കുട്ടികള്‍ മാത്രമല്ല അവരുടെ മാതാപിതാക്കളും പിസയോ മറ്റു ഇറ്റാലിയന്‍ ഭക്ഷണമോ കഴിക്കണം എന്ന വാശിയില്‍ ആണ്. പക്ഷെ എന്ത് ഫലം, നേരത്തെ ബുക്ക് ചെയ്തിരുന്നതനുസരിച്ചു മറ്റൊരു ഇന്ത്യന്‍ ഭക്ഷണ ശാലയിലേക്ക് ആണ് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത്. പേരിനു വെജിറ്റബിള്‍ പാസ്റ്റ ഉണ്ടവിടെ. എന്തായാലും ഞാനും പാര്‍ത്ഥനും  ബിജുവും   ഷാജിയും ഒരു ടേബിളിനു ചുറ്റും ഇരുന്നു രണ്ടെണ്ണം വീശി. കുട്ടികള്‍ ഇതിനിടയില്‍ കലാപം ഉണ്ടാക്കിക്കൊണ്ടിരുന്നു, നോണ്‍ വെജിറ്റെറിയന്‍ കിട്ടാത്തതിനാല്‍. ഞങ്ങള്‍ ഈ വിഷയം ഏറ്റു പിടിച്ചു. ഭക്ഷണം ആര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്ന കാര്യം ഞാന്‍ ഹോട്ടലിന്‍റെ ഉടമയായ് രാജസ്ഥാന്‍കാരനോട് പറഞ്ഞു. ആദ്യം അയാള്‍ ഞങ്ങളോട് വാഗ്വാദത്തിന് നിന്നെങ്കിലും ഒടുവില്‍ അയാള്‍ ഞങ്ങള്‍ക്ക് ഒരു കുപ്പി വൈന്‍ തന്നു ഞങ്ങളെ സമാധാനിപ്പിച്ചു. 

രണ്ടു മണിയോടെ ഞങ്ങള്‍ പിസയില്‍ പിസാ ഗോപുരത്തിലെക്കുള്ള ടിക്കറ്റ് വില്‍ക്കുന്ന പാര്‍ക്കിങ്ങില്‍ എത്തി. ഹലോജി ഇതിനോടകം പോയി ടിക്കറ്റും ആയി വന്നു. ഡ്യൂപ്ലിക്കേറ്റ്‌ ബാഗുകള്‍, കണ്ണടകള്‍, സോപ്പ് ചീപ്പ് ഒക്കെ വില്‍ക്കുന്നവര്‍ ഇവിടെ അധികവും ആഫ്രിക്കന്‍ വംശജര്‍ ആണ്. സുമയും ഗ്രേസിയും അടക്കം സ്ത്രീ ജനങ്ങള്‍ എല്ലാം തന്നെ ഈ ഡ്യൂപ്ലിക്കേറ്റ്‌ ഐറ്റംസ് വാങ്ങുന്നത് കണ്ടു. തിരികെ വരുമ്പോള്‍ സ്മരണിക ആയി കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എന്തെങ്കിലും കൊടുക്കേണ്ടേ? ഗ്രേസിയുടെ കൂട്ടുകാര്‍ ഒരു ലിസ്റ്റും ആയാണ് വിട്ടിരിക്കുന്നത്. 
ടിക്കറ്റ് കിട്ടിയപ്പോള്‍ ഞങ്ങള്‍ മറ്റൊരു ബസിലേക്ക് മാറി കയറി. ഏകദേശം പത്തു മിനിട്ടുകള്‍ക്കകം ഞങ്ങള്‍ പിസ ഗോപുരത്തിന് അടുത്തെത്തി. ബസ്സിറങ്ങി ഗോപുര വാതിക്കല്‍ പോകുന്നത് വരെ രണ്ടു വശത്തും ഫാന്‍സി ഡ്രെസ് മത്സരം പോലെ കുറെ പ്രച്ഛന്ന വേഷധാരികള്‍ തെണ്ടാന്‍ ഇരിക്കുന്നു, അവരോടൊപ്പം തെരുവ് വില്പ്പനക്കാരും. ടവറിന്റെ സ്റ്റോപ്പിലിറങ്ങി ഗേറ്റും കടന്ന്‌ കത്തീഡ്രലിന്റെ കോമ്പൌണ്ടിലേക്ക് കടക്കുമ്പോഴേ കാണാം ജനക്കൂട്ടം.. യൂറോപ്പിലെ യുവജനങ്ങള്‍ മുഴുവന്‍ ഇറ്റലിയില്‍ ആണോ എന്ന് തോന്നിപ്പോകും സഞ്ചാരികളെ കാണുമ്പോള്‍. 

ടവറിനെക്കാളും മുൻപേ കണ്ണിൽ പേടുന്നത് കത്തീഡ്രലാണ്‌.. പച്ചക്കളർ മൈതാനത്തിനു നടുക്ക് വെണ്ണക്കൽ ശില്പം പോലെ പ്രൌഢഗംഭീരമായ കത്തീഡ്രൽ..    ഒരു പക്ഷേ ചരിഞ്ഞ ഗോപുരത്തിന്റെ സാന്നിധ്യം ഒന്നു കൊണ്ടു മാത്രം സന്ദർശകരുടെ ശ്രദ്ധ കിട്ടാതെ പോയ ഒരു മനോഹര സൗധമാണ്‌ പിസാ കത്തീഡ്രൽ. 11 ആം നൂറ്റാണ്ടിലാണ്‌ പിസാ കത്തീഡ്രൽ നിർമ്മിക്കുന്നത്. വീണ്ടും ഒരു നൂറു വർഷം കൂടി കഴിഞ്ഞാണ്‌ കത്തീഡ്രലിനോട് ചേർന്നുള്ള ബെൽ ടവറിന്റെ നിർമ്മാണം ആരംഭിക്കുന്നത്.

പിസാ ടവർ കാണുന്നതിനെക്കാൾ രസമാണ്‌ അവിടെയുള്ള ടൂറിസ്റ്റുകളെ നിരീക്ഷിക്കുന്നത്. . ടവറിനെ താങ്ങി നിർത്താനും തള്ളിയിടാനുമൊക്കെയുള്ള ഭാവത്തിൽ വലിഞ്ഞമർന്നും മസിലുപിടിച്ചുമൊക്കെ ഫോട്ടോകൾക്ക് പോസു ചെയ്യുകയാണ്‌ ലോകമെമ്പാടും നിന്ന് ഈ മഹാല്ഭുതം കാണാൻ എത്തിയിട്ടുള്ള ടൂറിസ്റ്റുകൾ. ഞങ്ങളും കൂടെയുള്ളവരും ടൂറിസ്റ്റുകളെ അനുകരിച്ചു ഫോട്ടോക്ക് പോസ് ചെയ്തു. 

ഫോട്ടോ സെക്ഷന്‍ എല്ലാം കഴിഞ്ഞാണ് ഞങ്ങള്‍ പിസക്ക് മുന്നിലേക്ക്‌ പോകുന്നത്. അതിമനോഹരമായ കത്തീഡ്രല്‍, അതിനോട് ചേര്‍ന്നുള്ള മാമോദീസ പള്ളി, അതും കഴിഞ്ഞാണ് ബെല്‍ ടവര്‍. മൂന്നു ഘട്ടം ആയി 199 വര്‍ഷത്തിനിടയില്‍ ആണ്  ഈ ടവര്‍ പണിതത്.  പണി തുടങ്ങി 5 വർഷം കഴിഞ്ഞപ്പോഴേ ബെൽ ടവർ ചരിഞ്ഞു തുടങ്ങി. കളിമണ്ണും മറ്റും കൂടിക്കുഴഞ്ഞ് ഉറപ്പില്ലാത്ത  ബേസില്‍  ആണ്  അടിത്തറ കെട്ടീയത്..  മുകളിലേക്ക്  വെയ്റ്റ് വന്നപ്പോഴേക്കും  ടവർ   ചരിയാനും തുടങ്ങി. എന്തായാലും എല്ലാരും പേടിച്ച് പണി നിർത്തി വച്ചു.  .. ഒന്നും രണ്ടുമല്ല .. 100 വർഷം!!   സിമോണി ആണ് ജിയോവാനി പിസനോയുടെ നേതൃത്വത്തില്‍ മാര്‍ബിള്‍ കൊണ്ടുള്ള ഈ ബെല്‍ ടവര്‍ ഇന്നത്തെ നിലയില്‍ പൂര്‍ത്തിയാക്കിയത്. ഏകദേശം 56 മീറ്ററിലധികം ഉയരമുള്ള പിസ ടവര്‍ .5 ഡിഗ്രീ ചരിഞ്ഞാണ്‌   നില്പ്പ്.. അതായതു ഇതിന്റെ മുകൾഭാഗം ,  ഒരു 4.5 മീറ്റർ  ചരിവ്.  .. വീഴ്ചയിൽ നിന്നും കരകയറ്റാൻ വേണ്ടിയുള്ള പണികളൊക്കെ മുറയ്ക്കു നടക്കുന്നുണ്ട്.. സപ്പോർട്ട് കൊടുത്തും, ബേസിൽ കോൺക്രീറ്റിടുത്തു കൊടുത്തും മറ്റും. അടിയിലെ മണ്ണിന്റെ ബലക്കുറവു കാരണം ഇപ്പോഴും ചരിഞ്ഞു കൊണ്ടിരിക്കുകയാണ്‌ പിസാ ഗോപുരം. 

പിസ ടവറിന്റെ മുകളിലെ നിലയില്‍ കയറുവാന്‍ പ്രത്യേക സംവിധാനം ഉണ്ട്. അതിനായി വലിയ ക്യൂ.  വലിയ ടീം ആയി വരുമ്പോള്‍ ഒരിക്കലും ഇത്ര വലിയ ക്യൂവില്‍ നിന്ന് ടിക്കറ്റെടുത്ത് മുകളില്‍ കയറുക ആയാസം ആണ്. അതിനാല്‍ ആകും ഞങ്ങളുടെ ഇറ്റിനറിയില്‍ പിസ പുറമേ നിന്ന് കണ്ടാല്‍ മതിയെന്ന് ആശ്വസിച്ചതു. കൃത്യം നാലുമണിക്ക് തന്നെ ഞങ്ങള്‍ തിരികെ ബസിലെത്തി. ഇനി അടുത്ത സ്റ്റേഷന്‍ പാദുവ ആണ്. അവിടെ ആണ് ഞങ്ങള്‍ അന്ന് ഹാള്‍ട്ട് ചെയുന്നത്. രണ്ടു മണിക്കൂറിലധികം യാത്ര ചെയ്തപ്പോള്‍ ഞങ്ങള്‍ പാദുവയില്‍ എത്തി. ആദ്യ ദിവസങ്ങളിലെ അന്താക്ഷരിയുടെ ഉശിരൊന്നും ആര്‍ക്കും ഇല്ലായിരുന്നു. പാദുവയിലാണ് ഞങ്ങളുടെ രാത്രി ഭക്ഷണം. അവിടെയും ഇന്ത്യന്‍ ഭക്ഷണം. പക്ഷെ ഉച്ച ഭക്ഷണത്തേക്കാള്‍ മികച്ചതായിരുന്നു അന്നത്തെ ഭക്ഷണം. ഭക്ഷണ ശാലയിലെക്കുള്ള വഴിമദ്ധ്യേ പാദുവായിലെ ഏറ്റവും പ്രസിദ്ധമായ വി. അന്തോണീസിന്‍റെ പള്ളിയും ഞങ്ങള്‍ കണ്ടു. 

ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍  ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തു. സമയം എട്ടു മണിപോലും ആയിട്ടില്ല, ഞാനും പാര്‍ത്ഥനും ജോണ്‍സനും ഡ്രൈവര്‍ ആയ പീറ്ററും ഒപ്പം രാത്രിയില്‍ പാദുവ സിറ്റിയിലൂടെ നടക്കാനിറങ്ങി. ഓരോ ബിയര്‍ അടിക്കുക ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. റോഡിനു ഇരു വശത്തും ആയി   ഇറ്റാലിയന്‍ സുന്ദരികള്‍ വേശ്യാവൃത്തി നടത്തുന്നു. വാഹനങ്ങളില്‍ വരുന്നവര്‍ അവ നിര്‍ത്തി ഇവരെ കയറ്റികൊണ്ട് പോകുന്നു. പീറ്റര്‍ തന്ന വിവരണങ്ങള്‍ ശരിയാണോ എന്നറിയാന്‍ ഞങ്ങള്‍ പീറ്ററെ പിരി കയറ്റി. ഇറ്റാലിയന്‍ അറിയാവുന്ന പീറ്റര്‍ ഒരു പെണ്ണിനോട് എന്തൊക്കെയോ ഇറ്റാലിയനില്‍ സംസാരിച്ചു. അമ്പതു യൂറോ ആണ് അവള്‍ അര മണിക്കൂര്‍ നേരത്തേക്ക് ഫീസ്‌ ആയി ഇടാക്കുന്നത് എന്നും, വാഹനമോ, താമസ സ്ഥലമോ വേണമെന്നും അവള്‍ ആവശ്യപ്പെട്ടു എന്നും ആണ് പീറ്റര്‍ പരിഭാഷപ്പെടുത്തിയത്. വീണ്ടും  കുറെ ദൂരം നടന്നു, ഒരു പെട്ടിക്കടയില്‍ നിന്നും ഓരോ ബിയര്‍ അടിച്ചു ഞങ്ങള്‍ തിരികെ ഹോട്ടലില്‍ എത്തി. 

അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണോ നാം നടന്നു നീങ്ങുന്നത്‌?

ഒരു  അപ്രഖ്യാപിത  അടിയന്തിരാവസ്ഥയിലെക്കാണോ നമ്മുടെ രാജ്യം നടന്നു നീങ്ങുന്നത്‌? 


‘അവര്‍ മുട്ടുമടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇഴയുകയാണ് അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങള്‍ ചെയ്തത്’ എന്ന് മുന്‍ ഉപ പ്രധാനമന്ത്രിയും ഇപ്പോള്‍  ബി.ജെ.പി നേതാവുമായ ലാല്‍ കൃഷ്ണ അദ്വാനി അടിയന്ത്രിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പത്രങ്ങള്‍ കൈക്കൊണ്ട നിലപാടിനെ കുറിച്ച് പറഞ്ഞ പ്രശസ്തമായ വാക്കുകള്‍ ആണിവ. 


ബീഫ് കഴിക്കെണമെങ്കില്‍ പാകിസ്ഥാനില്‍ പോയ്ക്കൊ, യോഗ ചെയ്യാത്തവര്‍ പാക്കിസ്ഥാനില്‍ പൊയ്ക്കോ, എന്നൊക്കെ ആക്രോശിക്കുന്ന നേതാക്കള്‍ ആണിന്നു ഭരണവര്‍ഗത്തുള്ളത്. മുംബയിലെ ശിവസേനയുടെ ആവശ്യം നഗരം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന മരങ്ങള്‍ എല്ലാം ഹൈന്ദവ മരങ്ങള്‍ ആയിരിക്കണം പോലും. രാഷ്ട്ര പിതാവിന്‍റെ ചിത്രത്തിനോട് ചേര്‍ത്ത് മോദിയുടെ പടവും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും പ്രതിഷ്ടിക്കണം. സംസ്കൃതപഠനം       നിര്‍ബന്ധമാക്കുക.  


അദ്വാനിയുടെ വാക്കുകള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്‌. മോദിയെ വിശുദ്ധനാക്കി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു വിജയിപ്പിക്കുകയും ഇപ്പോഴും  മിശിഹാ ആയി ആഘോഷിക്കുകയും ചെയുകയാണ് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ക്ക് ഭരണകൂടത്തോട് മാത്രമേ കൂറുള്ളൂ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിറം പിടിപ്പിച്ച നുണകള്‍ മാത്രമാണവര്‍ എഴുന്നള്ളിക്കുന്നത്. ഭരണവര്‍ഗത്തെക്കാള്‍ ജനങ്ങളോടായിരിക്കണം മാധ്യമങ്ങള്‍ കടപ്പെട്ടിരിക്കേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു, ഒരു തിരുത്തല്‍ ശക്തിയായി നില കൊള്ളേണ്ട മാധ്യമങ്ങള്‍ ഇന്ന് അഴിമതിയില്‍ മുങ്ങി, ഭരണവര്‍ഗത്തിനും വ്യവസായികള്‍ക്കും ജാതിമത കോമരങ്ങള്‍ക്കും  ഓശാന പാടുന്ന സംഘമായി അധപ്പതിക്കുകയും  അവരില്‍ നിന്ന് അനധികൃത ആനുകൂല്യങ്ങള്‍ വാങ്ങുന്നവരായി മാറുകയും ചെയ്തിരിക്കയാണ്. രാജ്യത്തെ അസ്ഥിരതയിലേക്ക് തള്ളിവിടുന്ന വര്‍ഗീയതയുടെ പിണിയാളന്മാരായിട്ടാണ് മിക്ക പത്ര പ്രവര്‍ത്തകരും പേനയുന്തുന്നത്. 

മോദിയുടെ വിജയഗാഥ രചിക്കുന്നതിന് മുന്നേ രാജ്യത്തെ പ്രമൂഖ മാധ്യമ സ്ഥാപനങ്ങളെ വിലക്കെടുക്കുകയും പെയിഡ് ന്യൂസുകള്‍ അവയിലൂടെ കുത്തിത്തിരുകയുമായിരുന്നു സംഘി പ്രവര്‍ത്തനം. ഇന്നിപ്പോള്‍ രാജ്യത്തെ പ്രമൂഖ മാധ്യമങ്ങള്‍ എല്ലാം തന്നെയും സംഘി സേനയുടെ നിയന്ത്രണത്തില്‍ ആയതിനാല്‍ ജനങ്ങളെ ചൂക്ഷണം ചെയുന്ന രാഷ്ട്രീയ പ്രക്രിയക്കെതിരെ പ്രതികരിക്കാന്‍ അവര്‍ക്കാകുന്നില്ലാത്തതിനാലും വാര്‍ത്തകളിലെ തെറ്റും ശരിയും കണ്ടുപിടിക്കാനാകാതെ ജനം മിഴിച്ചു നില്‍ക്കുകയാണ്. 

രാജ്യത്തിന്റെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥയെന്നും  അടിയന്തരാവസ്ഥയെ പ്രതിരോധിച്ചവരെക്കുറിച്ച് അഭിമാനം തോന്നുന്നെന്നും അക്കാലത്തെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ തകർത്തെന്നുംപ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നാൽപതു വർഷം പിന്നിട്ട ദിനത്തില്‍   ട്വീറ്റ് ചെയ്തതു വായിക്കുമ്പോള്‍ ഉള്‍പുളകമല്ല അകാരണമായ ഭയം ആണ് സാധാരണ ഭാരതിയരില്‍ ജനിപ്പിക്കുന്നത്. കാരണം മോദിയുടെ ഭരണത്തിന്‍ കീഴില്‍ ആണ് സംഘികളോടും മോദിയോടും   സമരസപ്പെടാത്തവര്‍ ഇന്ത്യ വിട്ടു പോകണം എന്ന് മോദിയുടെ  സ്തുതിപാഠകാര്‍ കൊലവിളി മുഴക്കുന്നത്. ഇവര്‍ക്കെതിരെ നടപടി വരാത്തപ്പോള്‍ മോദിയും  സംഘ പരിവാരിറെ രഹസ്യ അജണ്ടയെ പ്രോതസാഹിപ്പിക്കുന്നു എന്ന് വേണം കരുതാന്‍.  ഈ അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിത അടിയന്തിരാവസ്ഥയെക്കാള്‍ ദോഷം ചെയ്തു കൂടായ്കയില്ല. 


‘ഓരോ ആളും മറ്റൊരാളെ പഠിപ്പിക്കുക, കുടുംബാസൂത്രണം ഉറപ്പുവരുത്തുക, മരങ്ങള്‍ നട്ട് പരിസ്ഥിതി നന്നാക്കുക, സ്ത്രീധനം നിര്‍മാര്‍ജനം ചെയ്യുക, ജാതീയത അവസാനിപ്പിക്കുക.’  ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഇരുപതിന വികസന പരിപാടിക്കൊപ്പം സഞ്ജയ ഗാന്ധി കൂട്ടിച്ചേര്‍ത്ത മുകളില്‍ പറഞ്ഞ, കേട്ടാല്‍ വളരെ അത്യാവശ്യമെന്നു തോന്നുന്ന  അഞ്ചിന പരിപാടി നടപ്പാക്കലിന്റെ മറവില്‍ ആയിരുന്നു ഡല്‍ഹിയില്‍ ഏറ്റവുമധികം ജനദ്രോഹം നടമാടിയത് എന്നറിയുമ്പോളാണ്  ഇപ്പോള്‍ നടക്കുന്ന ഉന്മൂലന അജണ്ടയുടെ ഭീകര രൂപം പേടിപ്പെടുത്തുന്നത്. 


മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി നില കൊള്ളുമ്പോള്‍, ഭരണ വര്‍ഗത്തിനെതിരെ തിരുത്തല്‍ ശക്തിയാകുമ്പോള്‍ മാത്രമേ ശരിയായ ജനാതിപത്യം പരിപാലിക്കപ്പെടുകയുള്ളൂ.